
ദോഹ: ഇന്ത്യ- ഖത്തര്‍ സാംസ്‌കാരികവര്‍ഷാഘോഷത്തോടനുബന്ധിച്ച് മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടില്‍ നടന്ന സിമ്പോസിയം ശ്രദ്ധേയമായി. സുസ്ഥിര ഇന്ത്യന്‍ ഫാഷന്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് നടന്ന സിമ്പോസിയം ഇന്ത്യക്കും ഖത്തറിനുമിടയിലെ ശക്തമായ സാംസ്‌കാരിക ബന്ധം ഉയര്‍ത്തിക്കാട്ടി. പ്രത്യേകിച്ചും വസ്ത്രസംബന്ധിയായ പൈതൃകബന്ധത്തിനാണ് ഊന്നല്‍ നല്‍കിയത്. ഖത്തര്‍ മ്യൂസിയംസും കാരവന്‍ എര്‍ത്തും സംയുക്തമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാര ബന്ധം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെയുള്ളതാണെന്നും എണ്ണ കാലഘട്ടത്തിനുമുമ്പ് ഖത്തറിന്റെ പ്രധാന ഇറക്കുമതി ഉറവിടം ഇന്ത്യയായിരുന്നുവെന്നും ഖത്തര്‍ ദേശീയ മ്യൂസിയത്തിലെ അസോസിയേറ്റ് ക്യുറേറ്റര്‍ താനിയ അല്‍മാജിദ് പറഞ്ഞു. മരം, വാതിലുകള്‍, കണ്ണാടികള്‍, അരി, ചായ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്ക് പുറമേ വസ്ത്രങ്ങളും ഖത്തര്‍ ഇന്ത്യയില്‍ നിന്ന് പ്രധാനമായും ഇറക്കുമതി ചെയ്തിരുന്നു.
ഇന്ത്യയിലേക്കുള്ള ഖത്തറിന്റെ കയറ്റുമതിയില്‍ മുത്തും പവിഴവും ഈത്തപ്പഴങ്ങളുമായിരുന്നു അക്കാലത്ത് പ്രധാനം- അല്‍മാജിദ് ചൂണ്ടിക്കാട്ടി. ‘ഖത്തരി പരമ്പരാഗത വസ്ത്രങ്ങളുടെ പൈതൃകം, ഖത്തറിനും ഇന്ത്യയ്ക്കുമിടയിലുള്ള ലിങ്കുകള്‍’എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചരിത്രപരമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധത്തിന്റെ വ്യാപ്തി സ്ഥിരീകരിക്കുന്ന, ദേശീയ മ്യൂസിയത്തിന്റെ ശേഖരത്തില്‍ നിന്നുള്ള നിരവധി വസ്തുക്കള്‍ അവര്‍ ഉയര്‍ത്തിക്കാട്ടി. ഖത്തരി സ്ത്രീകളുടെ വസ്ത്രങ്ങളില്‍ ഉപയോഗിച്ചിരുന്ന ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍ – അവയുടെ രൂപകല്‍പ്പന, മെറ്റീരിയലുകള്‍, അവ എങ്ങനെ നിര്‍മ്മിക്കപ്പെട്ടു എന്നിവ കേന്ദ്രീകരിച്ചായിരുന്നു അല്‍മാജിദിന്റെ പ്രഭാഷണം.
പരമ്പരാഗത വസ്ത്രങ്ങളുടെ പ്രാധാന്യം ഒരു രാജ്യത്തിന്റെ സംസ്‌കാരത്തിന്റെയും സ്വത്വത്തിന്റെയും പ്രതീകമാണ്. കാലക്രമേണ അവ നിര്‍മ്മിക്കുന്നതിനുള്ള സാമഗ്രികളും സാങ്കേതികതകളും മാറിമറിഞ്ഞെങ്കിലും ഖത്തരി വസ്ത്രങ്ങളും തുണിത്തരങ്ങളും പൊതുവെ അവയുടെ ശൈലി നിലനിര്‍ത്തിയിരുന്നതായി അവര്‍ എടുത്തുപറഞ്ഞു.
അബയാസ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന തുണിത്തരങ്ങള്‍ കമ്പിളി, ലിനന്‍ എന്നിവയില്‍ നിന്ന് സില്‍ക്കിലേക്ക് എങ്ങനെ പരിണമിച്ചുവെന്നതും അവര്‍ പരിശോധിച്ചു. ദൈനംദിന വസ്ത്രങ്ങളുടെ സാമ്പിളുകളുടെയും വിവാഹങ്ങളിലും പ്രത്യേക അവസരങ്ങളിലും ധരിക്കുന്നവയുടെയും ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. അവയില്‍ ചിലത് സങ്കീര്‍ണ്ണവും ഗംഭീരവുമായ രൂപകല്‍പ്പന ചെയ്തവയാണ്.
എംബ്രോയിഡറി ഖത്തരി പരിതസ്ഥിതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണെങ്കിലും, അവയുടെ രൂപകല്‍പ്പനയില്‍ ഇന്ത്യന്‍ സ്വാധീനവും അവര്‍ ചിത്രീകരിച്ചു. അതേസമയം, ഖത്തരി വസ്ത്രങ്ങള്‍, പാചകരീതികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയില്‍ ഇന്ത്യന്‍ സ്വാധീനം ഇപ്പോഴും പ്രകടമാണെന്നും ചൂണ്ടിക്കാട്ടി.
സുസ്ഥിര ഫാഷന്റെ ആവശ്യകതയെക്കുറിച്ചാണ് സുസ്ഥിരതാ ആക്ടിവിസ്റ്റും മുന്‍ വോഗ് ഇന്ത്യ എഡിറ്ററുമായ ബന്ദാന തിവാരി സംസാരിച്ചത്. സിമ്പോസിയത്തിന്റെ മോഡറേറ്ററും അവരായിരുന്നു.