
ദോഹ: ഇന്ത്യയുടെ 71-ാമത് റിപ്പബ്ലിക് ദിനം ഖത്തറിലെ പ്രവാസി സമൂഹവും ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയിലും സ്കൂളുകളിലും വിവിധ സംഘടനാ ആസ്ഥാനങ്ങളിലും ദേശീയ പതാക ഉയര്‍ത്തി. റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെച്ചു. രാജ്യം പരാമാധികാര രാഷ്ട്രമായതിന്റെ ആഘോഷത്തില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹവും പങ്കുചേര്‍ന്നു. എംബസി മുറ്റത്ത് രാവിലെ അംബാസഡര്‍ പി.കുമരന് ദേശീയ പതാക ഉയര്‍ത്തി ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത്. ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളെ പ്രതിനിധീകരിച്ചെത്തിയ വിദ്യാര്‍ഥികള്‍ ദേശീയ ഗാനം ആലപിച്ചു.രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ റിപ്പബ്ലിക് ദിനസന്ദേശം അംബാസഡര്‍ വായിച്ചു. ഏതെങ്കിലും ലക്ഷ്യം മുന്‍നിര്‍ത്തി സമരത്തിലേര്‍പ്പെടുന്നവര്‍ ഗാന്ധിജി മുന്നോട്ടുവച്ച അഹിംസാ തത്വങ്ങള്‍ മറക്കരുതെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തില്‍ വ്യക്തമാക്കി.
രു പ്രവൃത്തി ശരിയോ തെറ്റോ എന്നു നിര്‍ണയിക്കാന്‍ ഗാന്ധിജി കാണിച്ചു തന്ന വഴി നമ്മുടെ ജനാധിപത്യ പ്രക്രിയക്കും ബാധകമാണ്. നവ ഇന്ത്യയും പുതിയ ഭാരതീയരും രൂപപ്പെടുന്ന ദശകമാണിത്. ഈ നൂറ്റാണ്ടില്‍ ജനിച്ചവര്‍ കൂടുതലായി രാഷ്ട്രവ്യവഹാരത്തിലേര്പ്പെടുകയാണ്. സ്വാതന്ത്ര്യ സമരവുമായി നേരിട്ടു ബന്ധമുളള തലമുറ അപ്രത്യക്ഷമാവുകയാണെങ്കിലും ആ പോരാട്ടത്തെ നയിച്ച വിശ്വാസങ്ങള്‍ കൈമോശം വരുമെന്നു ഭയക്കേണ്ടതില്ല. ജനാധിപത്യത്തില്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും പ്രധാന പങ്കുവഹിക്കാനുണ്ട്. തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തുമ്പോഴും രാജ്യത്തിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും സദാ പരിഗണിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ മൂലതത്വങ്ങളായ നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ കര്‍ശനമായി പാലിക്കാനുളള ഉത്തരവാദിത്വവും നമുക്കുണ്ടെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തില്‍ വ്യക്തമാക്കി. അംബാസഡര്‍ പി.കുമരനും പത്നി റിതു കുമരനും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേര്‍ന്ന് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചു. എംബസി ഉദ്യോഗസ്ഥര്‍, ഐ.സി.ബി.എഫ്, ഐ.സി.സി, ഐബിപിസി, ഐഎസ്സി ഭാരവാഹികള്‍, സംഘടനാ പ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവരും വലിയതോതില്‍ ഇന്ത്യന്‍ സമൂഹവും ആഘോഷ പരിപാടിയില്‍ പങ്കാളിയായി. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഹമദ് തുറമുഖത്തെത്തിയ ഇന്ത്യന്‍ തീരദേശസേനയുടെ കപ്പല്‍ (ഐസിജിഎസ്) സമുദ്രപഹെര്ദാര് കമാന്‍ഡിങ് ഓഫീസര്‍ ഡിഐജി അന്‍വര്‍ ഖാനും ഉദ്യോഗസ്ഥരും ആഘോഷങ്ങളില്‍ പങ്കെടുത്തു.
അമീര്‍ റിപ്പബ്ലിക്
ദിനാശംസകള്‍ നേര്‍ന്നു
ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് റിപ്പബ്ലിക് ദിനാശംസകള്‍ അറിയിച്ചു.
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയും രാഷ്ട്രപതിക്ക് ആശംസ അറിയിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസ്സര്‍ ബിന്‍ ഖലീഫ അല്‍താനി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും ആശംസ അറിയിച്ചു.