
ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ(ഐസിസി) പുതിയ വെബ്സൈറ്റ് ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന് ഉദ്ഘാടനം ചെയ്തു. ഐസിസി അംഗങ്ങള്‍ക്കും ഇന്ത്യന്‍ സമൂഹത്തിനും പ്രയോജനകരമായ നിരവധി സവിശേഷതകള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വെബ്സൈറ്റില്‍ പുതിയ തൊഴില്‍ പോര്‍ട്ടലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കമ്യൂണിറ്റി തൊഴിലന്വേഷകര്‍ക്ക് തങ്ങളുടെ ബയോഡേറ്റകള്‍ ഈ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യാനാകും. തൊഴിലുടമകള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് ലഭ്യമായ സാധ്യതകളില്‍നിന്നും ഡാറ്റാബേസ് ഉപയോഗപ്പെടുത്താന്‍ സാധിക്കും. ടൂറിസം, ബിസിനസ് ഉള്‍പ്പടെയുള്ള മേഖലകളില്‍ ഇന്ത്യയ്ക്കും ഖത്തറിനുമിടയിലെ ഉപയോഗപ്രദമായ ലിങ്കായും വെബ്സൈറ്റിനെ ഉപയോഗപ്പെടുത്താം.
ഐസിസിയിലേക്ക് ഓണ്‍ലൈന്‍ അംഗത്വത്തിനുള്ള സൗകര്യവും വെബ്സൈറ്റിലുണ്ട്. ഐസിസിയില്‍ അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യന്‍ കമ്യൂണിറ്റി അംഗത്തിനും വെബ്സൈറ്റ് മുഖേന നിര്‍വഹിക്കാനാകും. ഐസിസിയുടെ നിലവിലെയും ഭാവിയിലെയും പദ്ധതികളെക്കുറിച്ച് അംബാസഡറിനോട് ഐസിസി ഭാരവാഹികള്‍ വിശദീകരിച്ചു. ഐസിസി കോര്‍ഡിനേറ്റിങ് ഓഫീസര്‍ രാജേഷ് കാംബ്ലെയും യോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍- പാസേജ് ടു ഇന്ത്യ, ചെസ്സ്, കരാട്ടെ ടൂര്‍ണമെന്റുകള്‍ ഉള്‍പ്പടെയുള്ളവ ഐസിസി സംഘടിപ്പിക്കുന്നുണ്ട്.