
ദോഹ: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍എസ് മൈസൂര്‍ ഹമദ് തുറമുഖത്തിലെത്തി. മിസൈലുകളെ ശക്തമായി ചെറുക്കാന്‍ ശേഷിയുള്ള ഈ പടക്കപ്പല്‍ ഡല്‍ഹി ക്ലാസ്സ് വിഭാഗത്തിലെ രണ്ടാമത്തേതാണ്. ഇന്ത്യയും ഖത്തറും തമ്മില്‍ നാവിക സഹകരണം ശക്്തമാക്കുന്നതിന്റെ ഭാഗമായാണ് നാവിക കപ്പല്‍ ദോഹയിലെത്തിയത്്. ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ കപ്പല്‍ സന്ദര്‍ശിച്ചു. ഗൈഡഡ് മിസ്സൈല്‍ നശിപ്പിക്കാന്‍ ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളടങ്ങിയതാണ് ഐഎന്‍എസ് മൈസൂര്‍. ഇന്ത്യന്‍ നാവികശേനയുടെ ശേഷിയും സാങ്കേതിക മേഖലയിലെ മുന്നേറ്റവും പ്രതിഫലിപ്പിക്കുന്നതാണ് ഈ കപ്പല്‍.

അത്യാധുനിക സെന്‍സറുകളും ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്. വ്യോമ, കടല്‍ എന്നിവയില്‍നിന്നും കടലിനടിയില്‍നിന്നുമുള്ള ഭീഷണിയെയും ചെറുക്കാന്‍ ശേഷിയുള്ളതാണ് കപ്പല്‍. 40 ഓഫീസര്‍മാരും 300 ജീവനക്കാരുമാണ് കപ്പലിലുള്ളത്. ക്യാപ്റ്റന്‍ പ്രകാശ് ഗോപാലനാണ് നിലവില്‍ കപ്പലിന്റെ കമാന്‍ഡര്‍. എല്ലായിപ്പോഴും ഭയരഹിതമായിരിക്കല്‍ എന്നതാണ് കപ്പലിന്റെ മുദ്രാവാക്യം. ഐഎന്‍എസ് മൈസൂറിനെ നിലവില്‍ ഓപ്പറേഷന്‍ സങ്കല്‍പ്പിനായി അറേബ്യന്‍ ഗള്‍ഫിലും ഗള്‍ഫ് ഓഫ് ഒമാനിലുമായാണ് വിന്യസിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ പതാകയുള്ള വ്യാപാരകപ്പലുകളുടെ സുരക്ഷിത ഗതാഗതത്തിനു പിന്തുണ നല്‍കുന്നതിനായാണ് ഓപ്പറേഷന്‍ സങ്കല്‍പ്പിനായി ഐഎന്‍എസ് മൈസൂറിനെ വിന്യസിച്ചിരിക്കുന്നത്.
ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ തുടര്‍ച്ചയായി ഖത്തര്‍ സന്ദര്‍ശിക്കുന്നുണ്ട്. ഐഎന്‍എസ് മുംബൈ, ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് ഡല്‍ഹി, ഐഎന്‍എസ്.ത്രിശൂല്‍ ഉള്‍പ്പടെയുള്ള കപ്പലുകളും വിവിധ ഘട്ടങ്ങളിലായി ദോഹയിലെത്തിയിരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും കടലില്‍ സൈനീക പരിശീലനം നടത്താനും ലക്ഷ്യമിട്ടായിരുന്നു ഈ സന്ദര്‍ശനങ്ങള്‍. കടലിലെ സൈനീക വിന്യാസം സംബന്ധിച്ചുള്ള അറിവുകള്‍ ഇരു രാജ്യങ്ങളും തമ്മില്‍ സന്ദര്‍ശനത്തിടയില്‍ പങ്കുവെക്കും.