in ,

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഖത്തറിലും

ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന സ്വാതന്ത്രദിന പരിപാടിയില്‍ അംബാസഡര്‍ പി.കുമരന്‍ ദേശീയ പതാക ഉയര്‍ത്തുന്നു

ദോഹ: ഇന്ത്യയുടെ 73-ാമത് സ്വാതന്ത്ര്യദിനം ഖത്തറിലും ആഘോഷിച്ചു. ഇന്ത്യന്‍ എംബസി, വിവിധ സംഘടനകള്‍, സ്‌കൂളുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ ആഘോഷചടങ്ങുകള്‍ നടന്നു. മഅ്മൂറയിലെ വഹബ് ബിന്‍ ഉമൈര്‍ സ്ട്രീറ്റിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ രാവിലെ ഏഴുമണിക്ക് നടന്ന വര്‍ണാഭമായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ ദേശീയപതാക ഉയര്‍ത്തി. ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശീയ ഗാനമാലപിച്ചു.

ഐസിസിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷചടങ്ങില്‍ അംബാസഡര്‍ പി.കുമരന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ചപ്പോള്‍

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സ്വാതന്ത്ര്യദിനസന്ദേശം ഇന്ത്യന്‍ അംബസഡര്‍ വായിച്ചു. വേഗത്തിലുള്ള വികസനവും സുതാര്യമായ ഭരണകൂടവും എല്ലാ ഇന്ത്യക്കാരും ഒരു പോലെ സ്വപ്നം കാണുന്നുണ്ടെന്നും ജനങ്ങളുടെ കല്പനകള്‍ കേള്‍ക്കുന്നതിലൂടെ അവരുടെ അഭിലാഷങ്ങള്‍ വ്യക്തമാകുമെന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷപരിപാടിയില്‍ കുട്ടികള്‍ ദേശഭക്തി ഗാനം ആലപിക്കുന്നു

പൊതു തിരഞ്ഞെടുപ്പില്‍ പങ്കാളികളായ വോട്ടര്‍മാരേയും അദ്ദേഹം അഭിനന്ദിച്ചു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചത് മേഖലയ്ക്ക് ഗുണകരമാകും. ജമ്മുകാശ്മീരിലും ലഡാക്കിലും കൊണ്ടുവന്ന മാറ്റങ്ങള്‍ മേഖലയില്‍ ഒരുപാട് പ്രയോജനം ചെയ്യും.

ആഘോഷ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ സംസാരിക്കുന്നു

വിദ്യാഭ്യാസത്തിനുള്ള അവകാശം, വിവരാവകാശം, ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, മുത്തലാഖ് നിരോധന നിയമം തുടങ്ങി മറ്റു സംസ്ഥാനങ്ങളിലുള്ളവരുടേതിന് സമാനമായ അവകാശങ്ങളും അംഗീകാരങ്ങളും ലഭ്യമാകും.

പതിനേഴാം ലോക്സഭയുടെ ആദ്യസമ്മേളനം ദീര്‍ഘവും ഫലപ്രദവുമായിരുന്നു. ക്രിയാത്മക ചര്‍ച്ചകളിലൂടെയും രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണത്തോടെയും നിരവധി സുപ്രധാന ബില്ലുകളാണ് പാസാക്കിയത്. അടുത്ത അഞ്ചുവര്‍ഷത്തേക്കുള്ള സൂചന മാത്രമാണിതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു.

എംമ്പസിയിലെ ഉദ്യോഗസ്ഥര്‍, ഐസിസി പ്രസിഡന്റ്, ഐ.ബി.പി.എന്‍, ഐസിബിഎഫ് ഭാരവാഹികള്‍, വിവിധ പ്രവാസി സംഘടന പ്രതിനിധികള്‍, സമൂഹ്യ, സാംസ്‌കാരിക, മാധ്യമ, വ്യാപാര രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പരിപാടിയില്‍ സംബന്ധിച്ചു. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ദേശീയ ഗാനാലാപനവും നടത്തി.

ആഘോഷങ്ങളുടെ ഭാഗമായി ഐസിസിയില്‍ അംബാസഡറുടെ നേതൃത്വത്തില്‍ കേക്ക് മുറിക്കുകയും ചെയ്തു. ഇന്ത്യന്‍ എംബസിയുടെ സ്വാതന്ത്ര്യദിനാഘോഷചടങ്ങുകളില്‍ പങ്കുകൊള്ളുന്നതിന് നിരവധി പേരാണ് ഐസിസിയിലെത്തിയത്. കുട്ടികളും കുടുംബങ്ങളുമടക്കം നിരവധിപേര്‍ ആഘോഷത്തില്‍ പങ്കാളികളായി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

സ്‌കൂളുകളിലെ സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ ശ്രദ്ധേയമായി

സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു