
ദോഹ: ഇന്ത്യയിലെ ഇസ്ലാമിക സ്മാരകങ്ങളുടെ ഫോട്ടോ പ്രദര്‍ശനം സെപ്തംബര്‍ 17 മുതല്‍ 28വരെ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കും. ബില്‍ഡിങ് 19ലെ ഗ്യാലറി ഒന്നിലാണ് പ്രദര്‍ശനം. കത്താറ കള്‍ച്ചറല്‍ വില്ലേജ് ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
ചലച്ചിത്രസംവിധായകനും കലാ ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ ബിനോയ് കെ ബെഹല്‍ പകര്‍ത്തിയ 45 ഫോട്ടോഗ്രാഫുകളാണ് പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഖത്തര്‍- ഇന്ത്യ സാംസ്കാരിക വര്ഷത്തിനോടനുബന്ധിച്ചാണ് ഇന്ത്യയുടെ ഇസ്ലാമിക ചരിത്രസ്മാരകങ്ങളെ ആസ്പദമാക്കിയുള്ള പ്രദര്‍ശനം.
ഇസ്ലാമിക് മൊനുമെന്റ്സ് ഓഫ് ഇന്ത്യ എന്ന തലക്കെട്ടിലാണ് വേറിട്ട കലാസൃഷ്ടികള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇസ് ലാമിക് വാസ്തുവിദ്യയുടെ പ്രൗഡപാരമ്പര്യവും പൈതൃകവും ഉള്‍ക്കൊള്ളുന്ന വേറിട്ട സ്മാരകങ്ങളുടെ ഫോട്ടോഗ്രാഫുകള്‍ കാഴ്ചക്കാര്‍ക്ക് വേറിട്ട ദൃശ്യാനുഭവമാകും.
ഹൈദരാബാദിലെ ചാര്‍മിനാര്‍, ഹുമയൂണിന്റെ ശവകുടീരം, താജ്മഹല്‍, ആഗ്ര കവാടം എന്നിവയുടെയെല്ലാം ഫോട്ടോഗ്രാഫുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. 43 വര്‍ഷത്തെ കരിയറില്‍ 53,000 ഫോട്ടോഗ്രാഫുകളാണ് ബിനോയ് കെ ബെഹില് പകര്‍ത്തിയത്. ലോകത്തൊട്ടാകെ 72 രാജ്യങ്ങളില്‍ ബിനോയുടെ പ്രദര്‍ശനം ശ്രദ്ധിക്കപ്പെട്ടിരുന്നു.