
ദോഹ: ലോകത്തിലെ പ്രീമിയര്‍ എല്‍എന്‍ജി കമ്പനിയായ ഖത്തര്‍ഗ്യാസ് മറ്റൊരു ചരിത്രപരമായ നാഴികക്കല്ലു കൂടി പിന്നിട്ടു. ഇന്ത്യയിലേക്ക് ദ്രവീകൃത പ്രകൃതിവാതകത്തിന്റെ(എല്‍എന്‍ജി) 2000-ാമത് കാര്‍ഗോ വിജയകരമായി വിതരണം ചെയ്തു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കും സുരക്ഷിതവും വിശ്വസനീയവും ശുദ്ധവുമായ ഊര്‍ജസ്രോതസ്സ് നല്‍കുന്നത് തുടരുന്നതിലെ ഖത്തര്‍ ഗ്യാസിന്റെ പ്രതിബദ്ധതയാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. 1,55,000 ക്യുബിക് മീറ്റര്‍ ശേഷിയുള്ള പരമ്പരാഗത എല്‍എന്‍ജി കപ്പലായ അസീമിലാണ് 2000-ാമത് എല്‍എന്‍ജി കാര്‍ഗോ ഇന്ത്യയില്‍ എത്തിച്ചത്.
നവംബര്‍ 17നു റാസ് ലഫാന്‍ തുറമുഖത്തുനിന്നും ലോഡ് ചെയ്ത എല്‍എന്‍ജി കപ്പല്‍ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ദഹേജ് എല്‍എന്‍ജി ടെര്‍മിനലില്‍ എത്തിക്കുകയായിരുന്നു.
ഖത്തര്‍ ഗ്യാസിന്റെ വഴക്കമുള്ളതും വിശ്വസനീയവുമായ പ്രവര്‍ത്തനങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് എല്‍എന്‍ജി കാര്‍ഗോ ഇന്ത്യയിലേക്ക് തടസമില്ലാതെ വിതരണം ചെയ്യാന്‍ ഖത്തര്‍ ഗ്യാസിനായി. ഇന്ത്യയിലെ ഉപഭോക്താക്കളുമായുള്ള ബന്ധത്തെ പ്രതിഫലിപ്പിക്കുന്ന സുപ്രധാന നാഴികക്കല്ലാണിത്. ഇന്ത്യയുമായുള്ള ബന്ധത്തില്‍ ചരിത്രപരമായ നാഴികക്കല്ലിലേക്ക് എത്താനായതില്‍ സന്തോഷമുണ്ടെന്നും 1999 ജൂലൈ മുതല്‍ ഇന്ത്യയുമായി ശക്തമായ പങ്കാളിത്തം കെട്ടിപ്പെടുക്കാനായിട്ടുണ്ടെന്നും ഖത്തര്‍ ഗ്യാസ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഖാലിദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു.
ഭൂമിശാസ്ത്രപരമായ സാമീപ്യവും വളര്‍ച്ചാ സാധ്യതയും കണക്കിലെടുക്കുമ്പോള്‍ ഇന്ത്യ ഖത്തര്‍ ഗ്യാസിന്റെ സുപ്രധാന വിപണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ മൊത്തത്തിലുള്ള ഊര്‍ജ മിശ്രിതത്തില്‍ 15 ശതമാനം പ്രകൃതിവാതകം എന്ന ലക്ഷ്യത്തിലെത്താന്‍ ഇന്ത്യ വലിയ മുന്നേറ്റം തുടരുന്നതിനാല്‍, ഈ ശുദ്ധമായ ഇന്ധനത്തിന്റെ വിശ്വസനീയമായ വിതരണത്തിലൂടെ സാധ്യമായ എല്ലാ പിന്തുണയും നല്കാന് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ പ്രീമിയര്‍ എല്‍എന്‍ജി കമ്പനി എന്ന നിലയില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഖത്തര്ഗാസ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പെട്രോനെറ്റുമായി ഖത്തര്ഗാസ് 25 വര്‍ഷത്തെ ദീര്‍ഘകാല ഫ്രീ ഓണ്‍ ബോര്‍ഡ് (എഫ്ഒബി) വില്‍പ്പന, വാങ്ങല്‍ കരാര്‍ (എസ്പിഎ) ഒപ്പിട്ടിരുന്നു. ഹ്രസ്വകാല, സ്പോട്ട് മാര്‍ക്കറ്റുകളില്‍ ഗണ്യമായ അളവ് വിതരണം ചെയ്യുന്നതിനൊപ്പം ഈ കരാര്‍ പ്രകാരം പ്രതിവര്‍ഷം 116 കാര്‍ഗോകള്‍ ഇന്ത്യയിലേക്ക് ലോഡ് ചെയ്യുന്നു.
പെട്രോനെറ്റിന് എല്‍എന്‍ജി കൈമാറുന്നതില്‍ വലിയ നേട്ടങ്ങള്‍ ഖത്തര്‍ഗ്യാസ് ഇതിനോടകം കൈവരിച്ചുകഴിഞ്ഞു. നിരവധി ദീര്ഘകാലഹ്രസ്വകാല കരാറുകളുടെ അടിസ്ഥാനത്തിലാണ് കാര്‍ഗോ ഇന്ത്യയിലേക്ക് ഖത്തര്‍ കയറ്റി അയക്കുന്നത്.