in , , ,

ഇന്ത്യയില്‍ കണ്ടത് അവര്‍ വരച്ചു; ഖത്തരി ചിത്രകാരികളുടെ പ്രദര്‍ശനം മിയയില്‍

ചിത്ര പ്രദര്‍ശനത്തില്‍ നിന്ന്

നൗഷാദ് പേരോട്
ദോഹ

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ ഏഴു ഖത്തരി ആര്‍ട്ടിസ്റ്റുകളുടെ പ്രദര്‍ശനം മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടില്‍(മിയ) തുടക്കമായി. ഇന്ത്യയിലെ വിവിധ സ്മാരകങ്ങളുടെയും ഗ്രാമ ഭംഗിയുടെയും കലാരൂപങ്ങളുടെയും കാഴ്ചകളാണ് പ്രദര്‍ശനത്തില്‍ മുഴച്ചു നില്‍ക്കുന്നത്. ഇന്ത്യയില്‍ കണ്ട അറബിക് കാലിഗ്രഫിയുടെ വിവിധ രൂപങ്ങളും താജ്മഹലും പൈതൃക കേന്ദ്രങ്ങളും കലാപ്രതിഭകള്‍ മനോഹരമായി കാന്‍വാസില്‍ പകര്‍ത്തിയിട്ടുണ്ട്. ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്‌സണ്‍ ശൈഖ അല്‍മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ മുഖ്യകാര്‍മികത്വത്തിലാണ് പരിപാടി. ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ പ്രദര്‍ശനം ഉദ്ഘാടനം ചയ്തു. എല്ലാ കലാരൂപങ്ങളും ചിത്രങ്ങളും അംബാസഡറും പത്‌നിയും നേരിട്ട് വിലയിരുത്തി. ഇന്ത്യയില്‍ തങ്ങള്‍ക്ക് ലഭിച്ച സ്വീകരണത്തെ കുറിച്ചും തങ്ങള്‍ തയ്യാറാക്കിയ കലാരൂപങ്ങളെ കുറിച്ചും ആര്‍ട്ടിസ്റ്റുകള്‍ അംബാസഡര്‍ക്ക് വിശദീകരിച്ചു നല്‍കി.
അബീര്‍ അല്‍കുവാരി, ഇമാന്‍ അല്‍സാദ്, ഹൈഫ അല്‍കുസൈ, ജമീല അല്‍അന്‍സാരി, മറിയം അല്‍സദ, മറിയം അല്‍മാജിദ്, ശൈഖ അല്‍കുവാരി എന്നീ ഏഴു ഖത്തരി ആര്‍ട്ടിസ്റ്റുകളുടെ സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്.
ഇന്ത്യയിലേക്ക് വിദ്യാഭ്യാസ കലായാത്രക്ക് മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടാണ് ഇവര്‍ക്ക് അവസരമൊരുക്കിയത്. എക്താഷിഫ് എന്ന പേരിലാണ് പ്രദര്‍ശനം. ഈ മാസം അവസാനം വരെ പ്രദര്‍ശനം തുടരും.

ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ഖത്തരി കലാകാരന്‍മാരോടൊപ്പം


ഏഴുപേരും പത്തു ദിവസത്തെ ഇന്ത്യാ യാത്രക്കുശേഷമാണ് തങ്ങളുടെ അനുഭവങ്ങള്‍ കാലസൃഷ്ടികളായി അവതരിപ്പിച്ചത്. ഖത്തറിലെ പ്രമുഖ വ്യാപാര സ്ഥാപനമായ സീഷോര്‍ ഖത്തറാണ് ട്രിപ്പ് സ്‌പോണ്‍സര്‍ ചെയ്തത്. ഇന്ത്യയിലെ ചരിത്ര കേന്ദ്രങ്ങളായ ദില്ലിയിലെ ഖുതുബ് മിനാര്‍, ചെങ്കോട്ട, ജയ്പൂരിലെ അംബര്‍ പാലസ്, ഹവ മഹല്‍, ആഗ്രയിലെ ചെങ്കോട്ട, താജ്മഹല്‍ എന്നിവയെല്ലം സംഘം സന്ദര്‍ശിച്ചിരുന്നു. മാര്‍ബിള്‍ കൊത്തുപണി, പാര്‍ക്കിന്‍ കാരി, ബ്ലോക്ക് പ്രിന്റിംഗ്, ജ്വല്ലറി നിര്‍മ്മാണം, പരവതാനി നെയ്ത്ത് എന്നിവയുള്‍പ്പടെയുള്ള ഇന്ത്യന്‍ പരമ്പരാഗത കലകളും കരകൗശല പ്രവര്‍ത്തനങ്ങളും തങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞതായി കലാകാരന്‍മാര്‍ പറഞ്ഞു. ഖത്തരി കലാകാരന്‍മാര്‍ക്ക് ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം അടുത്തറിയാന്‍ അവസരമൊരുക്കുകയയിരുന്നു ഇത്തരമൊരു പരിപാടിയുടെ ലക്ഷ്യം.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നൃത്തവും ഗസല്‍ വിരുന്നും നടന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദോഹ ബാങ്ക് അല്‍ദനാ സേവിങ് സ്‌കീം: വിജയികളെ പ്രഖ്യാപിച്ചു

‘എ പാസേജ് ടു ഇന്ത്യ’ ഇന്നും നാളെയും