
ദോഹ: ഇന്ത്യയുമായുള്ള ഖത്തറിന്റെ വാണിജ്യമിച്ചത്തില് വര്‍ധന. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാരമിച്ചമായി കണക്കാക്കുന്നത്. ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരത്തില്‍ കഴിഞ്ഞ കുറേവര്‍ഷങ്ങളായി വ്യാപാരമിച്ചം ഖത്തറിന് അനുകൂലമാണ്. ഖത്തറില്‍ നിന്നും ഇന്ത്യയിലേക്കുള്ള വാതക കയറ്റുമതിയിലെ വര്‍ധനവാണ് വ്യപാരമിച്ചം ഖത്തറിന് അനുകൂലമാകാനുള്ള പ്രധാനകാരണം.
കഴിഞ്ഞവര്‍ഷം ഇന്ത്യയുമായുള്ള ഖത്തറിന്റെ വ്യാപാരമിച്ചം 29.67 ബില്യണ്‍ റിയാലിലെത്തി, അതായത് 8.15 ബില്യണ്‍ ഡോളര്‍. 2017ല്‍ വ്യാപാരമിച്ചം24.14 ബില്യണ്‍ റിയാലായിരുന്നു(6.63ബില്യണ്‍ ഡോളര്‍). 2017നെ അപേക്ഷിച്ച് വ്യാപാരമിച്ചത്തില്‍ 21 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. ഇന്ത്യയുടെ ഖത്തറുമായുള്ള വാണിജ്യകമ്മി അതല്ലെങ്കില്‍ ഖത്തറിന്റെ വാണിജ്യമിച്ചത്തിനു പ്രധാനകാരണം ഇന്ത്യയുടെ ഊര്‍ജ ആവശ്യകതയാണ്.
ഖത്തറിന്റെ ദ്രവീകൃത പ്രകൃതിവാതകം ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മിനറല്‍ ഇന്ധനം, മിനറല്‍ എണ്ണ, അനുബന്ധ ഉത്പന്നങ്ങള്‍, കെമിക്കലുകള്‍, പെട്രോകെമിക്കലുകള്‍, പെട്രോളിയം വാതകങ്ങള്‍, വളങ്ങള്‍, മെറ്റല്‍ ഉള്‍പ്പടെയുള്ളവയും ഇന്ത്യ ഖത്തറില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. അതേസമയം ഇന്ത്യയില്‍ നിന്നും ഖത്തര്‍ കൂടുതലായി ഇറക്കുമതി ചെയ്യുന്നത് ഭക്ഷ്യോത്പന്നങ്ങള്‍, അരി, ഇരുമ്പ്, സ്റ്റീല്‍, റഫ്രിജറേറ്ററുകള്‍, ഫര്‍ണിച്ചറുകള്‍, പാദരക്ഷകള്‍, ഫ്രീസറുകള്‍, മെഷീനറികള്‍, വസ്ത്രങ്ങള്‍, അപ്പാരല്‍സ്, മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ്.
ഖത്തറിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി കഴിഞ്ഞവര്‍ഷം 36.88ബില്യണ്‍ റിയാലിലെത്തി(10.13 ബില്യണ്‍ ഡോളര്‍). ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതി 7.21ബില്യണ്‍ റിയാലാണ്(1.98 ബില്യണ്‍ ഡോളര്‍). ഖത്തര്‍ ചേംബര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. ഖത്തര്‍ ഇന്ത്യ വ്യാപാരം 2018ല്‍ 44.13 ബില്യണ്‍ റിയാലിലേക്കെത്തിയിരുന്നു, അതായത് 12.12 ബില്യണ്‍ ഡോളര്‍. 2016ല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ആകെ വ്യാപാരം 31.06 ബില്യണ്‍ റിയാലായിരുന്നു(8.53 ബില്യണ്‍ ഡോളര്‍).
രണ്ടുവര്‍ഷത്തിനിടെ വ്യാപാരത്തില്‍ 42ശതമാനം വര്‍ധനവാണുണ്ടായത്. പ്രതിവര്‍ഷാടിസ്ഥാനത്തില്‍ കണക്കാക്കുമ്പോള്‍ വ്യാപാരത്തില്‍ 24ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. 2017ല്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാരം 35.62 ബില്യണ്‍ റിയാലായിരുന്നു(9.78ബില്യണ്‍ ഡോളര്‍). ഖത്തറിനും ഇന്ത്യയ്ക്കുമിടയിലെ ഉഭയകക്ഷിവ്യാപാരം, സാമ്പത്തിക ബന്ധം എന്നിവയില്‍ വരുംവര്‍ഷങ്ങളിലും വലിയതോതില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തറിന്റെ സുപ്രധാന വ്യാപാര പങ്കാളികളിലൊരാളാണ് ഇന്ത്യ.