
ദോഹ: ഇന്ത്യ ഖത്തര്‍ സാംസ്‌കാരികവര്‍ഷാഘോഷത്തോടനുബന്ധിച്ച് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടന്ന ഇന്ത്യന്‍ ജുഗല്‍ബന്ദി ആകര്‍ഷകമായി. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതം ആസ്വദിക്കാന്‍ നിരവധി സംഗീതപ്രേമികളാണ് കത്താറയിലെത്തിയത്. ഇന്ത്യന്‍ എംബസി ബീറ്റ്‌സ് ആന്റ് ട്യൂണ്‍സ് ഇവന്റ്‌സുമായി സഹകരിച്ചാണ് ജുഗല്‍ബന്ദി സംഘടിപ്പിച്ചത്.
ഗ്രാമി പുരസ്‌കാര ജേതാവ് പത്മഭൂഷന്‍ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട് മോഹനവീണയിലും ഗ്രാമിപുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിച്ചിട്ടുള്ള മാസ്‌ട്രോ ശശാങ്ക് സുബ്രമണ്യം ഫ്‌ളൂട്ടിലും അമിത ദലാല്‍ സിതാറിലും ഹിമാംശു തബലയിലും പത്രി സതീഷ്‌കുമാര്‍ മൃദംഗത്തിലും സംഗീതവിസ്മയം തീര്‍ത്തു. കത്താറയിലെ ഡ്രാമതീയെറ്ററില്‍(ഹാള്‍ നമ്പര്‍ 16) വെള്ളിയാഴ്ച വൈകുന്നേരം ആറു മുതലായിരുന്നു പരിപാടികള്‍. ഇന്ത്യ ഖത്തര്‍ സാംസ്‌കാരിക വര്‍ഷാഘോഷങ്ങളുടെ ഭാഗമായി അരങ്ങേറിയ 21-ാമത്തെ പരിപാടിയായിരുന്നു ജുഗല്‍ബന്ദി.
ഇതുവരെ കൈവരിക്കാനായ നേട്ടങ്ങളില്‍ വലിയ സന്തോഷമുണ്ടെന്നും വരുംദിവസങ്ങളിലും കൂടുതല്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ പി.കുമരന്‍ പറഞ്ഞു. ഖത്തറില്‍ ഇന്ത്യന്‍ സംഗീത, നൃത്ത പരിപാടികള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ജനങ്ങളില്‍ താല്‍പര്യമേറുന്നു.
പരിപാടികളിലെ വലിയ പങ്കാളിത്തം ഈ താല്‍പര്യമാണ് പ്രതിഫലിപ്പിക്കുന്നത്. പരിപാടികള്‍ക്കു നല്‍കുന്ന പിന്തുണയ്ക്ക് കത്താറ കള്‍ച്ചറല്‍ വില്ലേജിന് അംബാസഡര്‍ നന്ദി അറിയിച്ചു.