
ദോഹ: ഇന്ത്യ- ഖത്തര്‍ സാംസ്‌കാരികവര്‍ഷാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് കാലിഗ്രഫി പ്രദര്‍ശനത്തിന് ജൂലൈ 18ന് തുടക്കമാകും. കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ബില്‍ഡിങ് 18ലെ രണ്ടാം നമ്പര്‍ ഗ്യാലറിയിലാണ് പ്രദര്‍ശനം. ദാവൂദി ബൊഹ്‌റ കലാകാരന്‍മാര്‍ക്കായുള്ള പ്ലാറ്റ്‌ഫോമായ റേഡിയന്റ് ആര്‍ട്ട്‌സുമായി സഹകരിച്ചാണ് പ്രദര്‍ശനം.
18ന് വൈകുന്നേരം ഏഴിനാണ് ഉദ്ഘാടനം. മുല്‍തഖ അല്‍ഖുതുബ് വല്‍ ഫുനൂന്‍ എന്നാണ് പ്രദര്‍ശനത്തിന് നാമകരണം ചെയ്തിരിക്കുന്നത്. ഹൃദയങ്ങളുടെയും കരകൗശലങ്ങളുടെയും സമ്മേളനം എന്നാണ് പ്രദര്‍ശനം അര്‍ഥമാക്കുന്നത്. ജൂലൈ 18 മുതല്‍ 30വരെ രാവിലെ പത്തു മുതല്‍ രാത്രി പത്തുവരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം.
ഇന്ത്യയും ഖത്തറും തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റത്തിന്റെ മറ്റൊരു വശമായി കാലിഗ്രഫി കലയെ പ്രതിഫലിപ്പിക്കുകയാണ് ലക്ഷ്യം. സമൈയ്‌ന സചക്, മുഹമ്മദ് മൊയ്‌നി, മൊയിസ് നഗ്പൂര്‍വാല, അലിയാസ്ഗര്‍ വസീരി, മസ്ഹര്‍ നിസാര്‍, ജുസര്‍ ബുര്‍ഹാനി, ബുര്‍ഹാനുദ്ദീന്‍ നഗര്‍വാല എന്നീ കലാകാരന്‍മാരുടെ കാലിഗ്രഫിക് കലാസൃഷ്ടികളുടെ പ്രദര്‍ശനം ഏകോപിപ്പിക്കുന്നത് റേഡിയന്റ് ആര്‍ട്‌സാണ്.
അറബി കാലിഗ്രഫി ഇന്ത്യയില്‍ എങ്ങനെ സംരക്ഷിക്കപ്പെടുന്നു, എങ്ങനെ നടപ്പാക്കപ്പെടുന്നു, ഖത്തറിന്റെ പ്രതീകങ്ങളായ ഫാല്‍ക്കണ്‍, ഒറിക്‌സ്, കുതിരകള്‍ എന്നിവയെല്ലാം കലാകാരന്‍മാര്‍ എങ്ങനെ ആഘോഷിക്കുന്നു തുടങ്ങിയവയെല്ലാം പ്രതിഫലിപ്പിക്കുന്നതായിരിക്കും ഈ വേറിട്ട പ്രദര്‍ശനം.
ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സൗന്ദര്യവും വൈവിധ്യവും പ്രോത്സാഹിപ്പിക്കുന്നതായിരിക്കും പ്രദര്‍ശനം. പ്രത്യേകിച്ചും അറബ് സംസ്‌കാരവുമായി ബന്ധം പുലര്‍ത്തുന്നതോ അതല്ലെങ്കില്‍ അവ ഉള്‍ക്കൊള്ളുന്നതോ ആയ ഘടകങ്ങളുടെയെല്ലാം ആഘോഷമാണ് പ്രദര്‍ശനം.
കലാകാരന്‍മാര്‍ പങ്കെടുക്കുന്ന തല്‍സമയ കാലിഗ്രഫി സെഷനുകളും പ്രദര്‍ശനത്തോടനുബന്ധിച്ച് നടത്താന്‍ പദ്ധതിയുണ്ട്. 2016ല്‍ സ്ഥാപിതമായ അന്‍വാര്‍ അല്‍ഫുനൂന്‍ റേഡിയന്റ് ആര്‍ട്‌സ് നെയ്‌റോബി, മുംബൈ, ഇന്‍ഡോര്‍ എന്നിവിടങ്ങളിലെല്ലാം രാജ്യാന്തര കലാകാരന്‍മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ട്.