
ദോഹ: ഇന്ത്യ- ഖത്തര്‍ സാംസ്‌കാരികവര്‍ഷാഘോഷങ്ങളുടെ ഭാഗമായി രണ്ടു കലാപ്രദര്‍ശനങ്ങള്‍ക്കു കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമായി. ബില്‍ഡിങ് 18ലാണ് രണ്ട് എക്‌സ്‌പോയും നടക്കുന്നത്. ഖത്തരി പ്രതിഭകളായ മുഹമ്മദ് ജുനൈദ്, അയിഷ അല്‍മുഹന്നദി, ഇന്ത്യന്‍ സ്വദേശി മുഹീഷ് കുമാര്‍ എന്നീ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളാണ് ആദ്യ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരങ്ങളുടെയും പൈതൃകത്തിന്റെയും വിവിധ ചിത്രങ്ങളാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള വിവിധങ്ങളായ മുഖങ്ങളെയാണ് മുഹമ്മദ് ജുനൈദ് ഫോട്ടോകളിലൂടെ ചിത്രീകരിച്ചിരിക്കുന്നത്.

ഭൂമിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും വ്യത്യസ്ത കഥകള്‍ പറയുകയും ചെയ്യുന്നതാണ് ഈ ചിത്രങ്ങള്‍. മുഖങ്ങള്‍ എല്ലായിപ്പോഴും കഥകള്‍ പറയുന്നു, അവ ഉച്ഛരിക്കുന്നില്ലെങ്കിലും അവയില്‍ ചിലത് പോരാട്ടത്തിന്റെ കഥകള്‍ പറയുമ്പോള്‍ മറ്റു ചിലത് ജീവിതത്തിലെ ക്രൂരതകളെക്കുറിച്ച് പരാതിപ്പെടുന്നവയാണ്.
ദുഖവും വേദനയും പ്രണയവും സന്തോഷവും നിറഞ്ഞ മുഖങ്ങളളെല്ലാം മുഹമ്മദ് ജുനൈദ് പകര്‍ത്തിയിട്ടുണ്ട്. അയിഷ അല്‍മുഹന്നദിയുടെ ചിത്രങ്ങള്‍ ഖത്തറും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക വാണിജ്യ ബന്ധത്തിന്റെ ചരിത്രപരമായ ആഴം എടുത്തുകാണിക്കുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള പഴയബന്ധങ്ങളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് അവരുടെ സൃഷ്ടികള്‍. ചായ, സുഗന്ധദ്രവ്യങ്ങള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍ എന്നിവയുടെ വ്യാപാരമെല്ലാം ഫോട്ടോകളില്‍ പ്രതിഫലിപ്പിക്കുന്നു. പുരാതന കെട്ടിടങ്ങളെയും സ്ഥലങ്ങളെയുമൊക്കെയാണ് മഹേഷ്‌കുമാര്‍ റിയലിസ്റ്റിക് സവിശേഷതകളോടെ അവതരിപ്പിച്ചിരിക്കുന്നത്.

ആകര്‍ഷകമായ ഇന്ത്യയുടെ മഹത്വവും സമൃദ്ധിയും സംബന്ധിച്ച കഥകളാണ് ഈ ചിത്രങ്ങളിലൂടെ പറയുന്നത്. ദി യൂത്ത് ഹോബീസ് സെന്ററിന്റെ സഹകരണത്തോടെ ഖത്തരി, ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരടങ്ങിയ ഗ്രൂപ്പിന്റെ ഫോട്ടോഗ്രാഫി പ്രദര്‍ശനമാണ് രണ്ടാമത്തേത്.
അന്‍പത് സൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. ഖത്തറിന്റെയും ഇന്ത്യയുടെയും സാംസ്‌കാരിക പൈതൃകം അടുത്തറിയാന്‍ ഈ പ്രദര്‍ശനം സഹായിക്കും. രണ്ടു പ്രദര്‍ശനങ്ങളും സെപ്തംബര്‍ 28വരെ തുടരും.