
ദോഹ: ദോഹ ബാങ്ക് ചാലഞ്ചേഴ്‌സ് ട്രോഫി മൂന്നാമത് ഇന്റര്‍ കമ്യൂണിറ്റി ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യ ജേതാക്കളായി. ഫിലിപ്പീന്‍സാണ് റണ്ണേഴ്‌സ് അപ്. ഖത്തര്‍ ടേബിള്‍ ടെന്നീസ് അസോസിയേഷനുമായി ചേര്‍ന്ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും ഖത്തര്‍ ടേബിള്‍ ടെന്നീസ് ട്രെയിനിംഗ് സെന്ററും സംയുക്തമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഈജിപ്ത്, ഇന്തോനേഷ്യ, ഇന്ത്യ, ലെബനാന്‍, ഫിലിപ്പൈന്‍സ്, പാകിസ്താന്‍, റഷ്യ, ഘാന, മലേഷ്യ, ടുണീഷ്യ, ഇറാഖ്, നിക്കരഗ്വെ, തായ്വാന്‍, കിര്‍ഗിസ്താന്‍, ഖത്തര്‍ രാജ്യങ്ങളില്‍ നിന്നായി ഇരുന്നൂറിലേറെ താരങ്ങള്‍ പങ്കെടുത്തു. 12 വിഭാഗങ്ങളിലായാണ് പുരുഷ വനിതാ മത്സരങ്ങള്‍ അരങ്ങേറിയത്. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ എംബസിയിലെ ചാന്‍സെറി തലവന്‍ കെ എസ് ധിമാന്‍ മുഖ്യാതിഥിയായി . ഖത്തര്‍ ടേബിള്‍ ടെന്നീസ് അസോസിയേഷനും പ്രവാസി സമൂഹങ്ങളും മത്സരത്തിന് നല്‍കുന്ന പിന്തുണ ഏറെ വലുതാണെന്ന് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ ആക്ടിങ് പ്രസിഡന്റ് ഷറഫ് പി ഹമീദ് പറഞ്ഞു. മുഹമ്മദ് ഹബീബുന്നബി, അരുണ്‍ കുമാര്‍ സംസാരിച്ചു.