in ,

ഇന്‍ഡക്‌സ് ഖത്തര്‍ പ്രദര്‍ശനം ഒക്ടോബറില്‍: കൗണ്ട്ഡൗണ്‍ തുടങ്ങി

ദോഹ: ഇന്റീരിയര്‍ ഡിസൈന്‍ മേഖല കേന്ദ്രീകരിച്ച് ഖത്തര്‍ ടൂറിസം അതോറിറ്റി സംഘടിപ്പിക്കുന്ന ഇന്‍ഡക്‌സ് ഖത്തര്‍ പ്രദര്‍ശനം ഒക്ടോബറില്‍. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 22 മുതല്‍ 24 വരെയാണ് ഇന്‍ഡക്‌സ് ഖത്തര്‍. പ്രദര്‍ശനം തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ കൗണ്ട്ഡൗണ്‍ തുടങ്ങിയിട്ടുണ്ട്.

ഒക്ടോബറില്‍ ഇതേസമയത്ത് നടക്കുന്ന സിറ്റിസ്‌കേപ്പ് ഖത്തര്‍ 2019നോടനുബന്ധിച്ചാണ് ഇന്‍ഡക്‌സ് ഖത്തറും സംഘടിപ്പിച്ചിരിക്കുന്നതെന്ന സവിശേഷതയുണ്ട്. 20ലധികം രാജ്യങ്ങളിലെ 200 ലധികം ഇന്റീരിയര്‍ പ്രൊഡക്റ്റ്‌സ് വിതരണക്കാരുടെ പങ്കാളിത്തം ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. ഡസന്‍കണക്കിന് കമ്പനികളും പങ്കെടുക്കും.

14,000ലധികം സന്ദര്‍ശകരുടെ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ഡിസൈനര്‍മാര്‍, വാസ്തുവിദ്യാകലാകാരന്‍മാര്‍, പ്രാദേശിക, രാജ്യാന്തര നിര്‍മാതാക്കള്‍, വിതരണക്കാര്‍ തുടങ്ങി ഒട്ടനവധിപേര്‍ ത്രിദിന സമ്മേളനത്തിലും പ്രദര്‍ശനത്തിലും പങ്കെടുക്കും. ഇന്റീരിയര്‍ ഡിസൈനിങ് മേഖലയിലെ ഏറ്റവും പുതിയ മാറ്റങ്ങളും നൂതന സങ്കേതങ്ങളും മനസിലാക്കാനുള്ള അവസരം കൂടിയായിരിക്കും പ്രദര്‍ശനം.

ഖത്തറിലും മിഡില്‍ഈസ്റ്റിലുമായി നടപ്പാക്കപ്പെടുന്ന പദ്ധതികള്‍ക്ക് പ്രയോജനം ചെയ്യുന്നതായിരിക്കും പ്രദര്‍ശനമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെമിനാറുകള്‍,ശില്‍പ്പശാലകള്‍, പ്രഭാഷണങ്ങള്‍ എന്നിവയെല്ലാം നടക്കും. പ്രശസ്തമായ രാജ്യാന്തര കമ്പനികള്‍ പങ്കെടുക്കും.

ഖത്തറില്‍ വളരെവേഗം വളര്‍ച്ച കൈവരിക്കുന്ന വ്യവസായ മേഖലയിലൊന്നാണ് ഇന്റീരിയര്‍ ഡിസൈന്‍. പ്രൊജക്റ്റ് മാനേജര്‍മാര്‍, നിക്ഷേപകര്‍, ഇറക്കുമതി മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെ പങ്കാളിത്തവുമുണ്ടാകും.

ഇന്റീരിയര്‍ ഡിസൈനിങ് മേഖലയിലെ പ്രതിഭാധനര്‍ക്കൊപ്പം ഖത്തരി ഡിസൈനര്‍മാരുടെയും പ്രതിഭാശാലികളായ പുതിയ തലമുറയുടെയും സാന്നിധ്യം പ്രദര്‍ശനത്തിലുണ്ടാകുമെന്ന് ഇന്‍ഡക്‌സ് ഖത്തര്‍ ഇവന്റ് ഡയറക്ടര്‍ ജാഫര്‍ ഷുബര്‍ പറഞ്ഞു.

ഖത്തറിലെ ബിസിനസ് പരിപാടികളുടെ വികസനത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ ഇന്‍ഡക്‌സ് ഖത്തറിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും വലിയ രാജ്യാന്തര വസ്തുക്കച്ചവട വികസന, നിക്ഷേപക പരിപാടിയാണ് സിറ്റിസ്‌കേപ്പ്.

വിവിധ രാജ്യങ്ങളില്‍ നിന്നായി 50ലധികം പ്രദര്‍ശകരാണ് ഇത്തവണ പങ്കെടുക്കുന്നത്. ഖത്തറിലേയും ആഗോള തലത്തിലുമുള്ള വ്യവസായ വിദഗ്ധര്‍ക്കും വീട് വാങ്ങുന്നവര്‍ക്കും സ്വകാര്യ സംരഭകര്‍ക്കുമെല്ലാം വലിയ വസ്തുക്കച്ചവട അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

ഇത് എട്ടാം വര്‍ഷമാണ് സിറ്റിസ്‌കേപ്പ് നടത്തുന്നത്. ഖത്തറിനു പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രദര്‍ശകര്‍ പങ്കെടുക്കും. ഗാര്‍ഹിക, ഹോസ്പിറ്റാലിറ്റി, വാണിജ്യ, ചില്ലറ വ്യാപാര മേഖലകളില്‍ ലോകത്തെ ഏറ്റവും മികച്ച നിക്ഷേപ സാധ്യതകള്‍ പ്രതിഫലിപ്പിക്കുന്നതായിരിക്കും സിറ്റിസ്‌കേപ്പ്.

ഇലാന്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സിറ്റിസ്‌കേപ്പ് സംഘടിപ്പിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ കമ്പനികളുടെ പങ്കാളിത്തവുമുണ്ടാകും.ഖത്തറിലെ സുപ്രധാനപദ്ധതികള്‍ സിറ്റിസ്‌കേപ്പില്‍ ചര്‍ച്ച ചെയ്യുകയും പുരോഗതി വിലയിരുത്തുകയും ചെയ്യും. ഒട്ടനവധി പദ്ധതികള്‍ പ്രദര്‍ശനത്തില്‍ അവതരിപ്പിക്കും.

വന്‍കിട ആഡംബര പദ്ധതികളുടെ മാതൃകകള്‍ അവതരിപ്പിക്കും. പദ്ധതികളില്‍ നിക്ഷേപത്തിനുള്ള അവസരങ്ങളും ഒരുക്കുന്നുണ്ട്. സിറ്റിസ്‌കേപ്പ് ഖത്തര്‍ പ്രദര്‍ശനത്തോടനുബന്ധിച്ച് സിറ്റിസ്‌കേപ്പ് ഖത്തര്‍ സമ്മേളനവും സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

യൂസുഫുല്‍ ഖാസിമിയെ ആദരിച്ചു

നിരത്തുകളില്‍ പരിസ്ഥിതി സൗഹൃദ ഹരിത കാറുകള്‍ വ്യാപകമാക്കാന്‍ കര്‍മപദ്ധതി