in ,

ഇമിഗ്രേഷന്‍ പാലം ഗതാഗതത്തിനായി വീണ്ടും തുറന്നു

ദോഹ: അല്‍ഗറാഫ പാലം(ഇമിഗ്രേഷന്‍ പാലം) ഇരുദിശകളിലേക്കും ഗതാഗതത്തിനായി വീണ്ടും തുറന്നു. അടിയന്തര അറ്റകുറ്റപണികളെല്ലാം പൂര്‍ത്തിയാക്കിയതായും വെള്ളിയാഴ്ച വൈകുന്നേരമാണ് പാലം വീണ്ടും തുറന്നതെന്നും പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. ഈ വര്‍ഷം ജൂണ്‍ ഒന്‍പതു മുതലാണ് അടിയന്തര അറ്റകുറ്റപണികള്‍ക്കായി പാലം അടച്ചിട്ടതെന്ന് അശ്ഗാലിന്റെ റോഡ് പദ്ധതി വകുപ്പ് ദോഹ സിറ്റി സെക്ഷന്‍ തലവന്‍ എഞ്ചിനീയര്‍ മുഹമ്മദ് അര്‍ഖൂബ് അല്‍ ഖല്‍ദി പറഞ്ഞു.

ഗതാഗത സംവിധാനത്തിലെ ഏറ്റവും പ്രധാനപ്പെട്ട പാലമാണിത്. ദോഹയുടെ ഹൃദയ ഭാഗത്താണ് പാലമുള്ളത്. എല്ലായിപ്പോഴും ഗതാഗതതിരക്കുള്ള പാലവുമാണിത്. ദോഹയുടെ വടക്ക് തെക്ക് ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പാലം നിരവധി മാളുകളിലേക്കും വാണിജ്യസ്ഥാപനങ്ങളിലേക്കുമുള്ള പ്രവേശനപാത കൂടിയാണ്. ഇതിനാലാണ് അറ്റകുറ്റപണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചു റിഗുകളാണ് ഒരുക്കിയിരുന്നത്.

പാലത്തിന്റെ മുകള്‍ ഭാഗത്തിന് കൂടുതല്‍ ബലം നല്‍കുന്നതിനായി തറഭാഗത്ത് നിന്ന് 14 മീറ്റര്‍ താഴ്ചയിലേക്ക് കോണ്‍ക്രീറ്റ് ബീമുകള്‍ സ്ഥാപിച്ചു. 2500 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ്, 200 ടണ്‍ ഇരുമ്പ് എന്നിവയും നിര്‍മാണപ്രവൃത്തികള്‍ക്കായി ഉപയോഗിച്ചു.

700 മീറ്റര്‍ നീലക്കീലും പതിച്ചു. അറ്റകുറ്റപണികള്‍ക്കായി അശ്ഗാല്‍ 24 മണിക്കൂറും ഇടതടവില്ലാതെ പ്രവര്‍ത്തിച്ചു. ഇതിന്റെ ഫലമായാണ് ഗതാഗതം പഴയ രൂപത്തിലേക്ക് മാറ്റാനായത്. ഏറ്റവും ഉന്നതമായ സുരക്ഷാമാനദണ്ഡങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. തൊഴിലാളികളും എഞ്ചിനീയര്‍മാരുമടക്കം 150ലധികം പേര്‍ പ്രതിദിനം ജോലി ചെയ്തു.

പാലം തുറന്നെങ്കിലും ഇതിന് താഴ്ഭാഗത്തുള്ള അറ്റകുറ്റപണികള്‍ തുടരുമെന്നും ്അശ്ഗാല്‍ അധികൃതര്‍ വ്യക്തമാക്കി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തൊഴിലാളി ക്ഷേമ ഫോറങ്ങളുടെ പ്രവര്‍ത്തനം വിജയകരമെന്ന് തൊഴില്‍ മന്ത്രാലയം

ആഭ്യന്തരമന്ത്രാലയത്തിലെ നാഷണല്‍ കമാന്‍ഡ് സെന്ററിന് രാജ്യാന്തര അംഗീകാരം