
ദോഹ: രാജ്യത്തെ ലോകനിലവാരത്തിലുള്ള ഇര്‍ഹമ ബിന്‍ ജാബര്‍ അല്‍ജലാമ ഷിപ്യാര്‍ഡില്‍ 200-ാമത് എല്‍എല്‍ജി കപ്പലിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി അല്‍ഖോറിലാണ് ഷിപ്യാര്‍ഡ്. നാകിലാത് കെപ്പല്‍ ഓഫ്‌ഷോര്‍ ആന്റ് മറൈനാണ്(എന്‍-കോം) ഷിപ്യാര്‍ഡില്‍ സുരക്ഷിതമായി 200-ാമത് കപ്പലിന്റെ അറ്റകുറ്റപ്പണി നിര്‍വഹിച്ചത്.
എന്‍വൈകെ എല്‍എന്‍ജി ഷിപ്പ്മാനേജ്‌മെന്റ് പ്രവര്‍ത്തിപ്പിക്കുന്ന 135,295 സിബിഎം വെസ്സലിന്റെ ജനറല്‍ ഡ്രൈഡോക്കിങ് അറ്റകുറ്റപ്പണിയും നവീകരണവുമാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. ഇതു മൂന്നാംതവണയാണ് മോസ് ടൈപ്പ് എല്‍എന്‍ജി കപ്പല്‍ അല്‍ഖോര്‍ ഷിപ്യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കായി എത്തിക്കുന്നത്. നേരത്തെ 2014ലും 2016ലും എത്തിച്ചിരുന്നു.
200 കപ്പലുകളുടെ അറ്റകുറ്റപ്പണിയെന്ന സുപ്രധാനമായ നാഴികക്കല്ല് ആഘോഷിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് നാകിലാത് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എന്‍ജിനിയര്‍ അബ്ദുല്ല ഫദാല അല്‍സുലൈത്തി പറഞ്ഞു. ഷിപ്യാര്‍ഡിന്റെ സേവനങ്ങളില്‍ ക്ലയന്റ്‌സിനുള്ള വിശ്വാസമാണ് ഇതില്‍നിന്നും വ്യക്തമാകുന്നത്. സുരക്ഷ, ഗുണനിലവാരം, കാര്യക്ഷമത എന്നിവയ്ക്കാണ് തങ്ങള്‍ ഊന്നല്‍ നല്‍കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം ആയിരത്തോളം മറൈന്‍, ഓഫ്‌ഷോര്‍ പദ്ധതികള്‍ വിജയകരമായി നിറവേറ്റാനായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ പെട്രോളിയവും ഖത്തര്‍ ഗ്യാസും ഉള്‍പ്പടെയുള്ള പങ്കാളികള്‍ നല്‍കുന്ന പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. ഖത്തരി എല്‍എന്‍ജി ഗതാഗത കമ്പനിയാണ് നാകിലാത്. ഖത്തറിന്റെ എല്‍എന്‍ജി വിതരണശൃംഖലയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന കമ്പനിയാണിത്. റാസ് ലഫാന്‍ വ്യവസായ നഗരത്തിലെ ഇര്‍ഹമ ബിന്‍ ജാബര്‍ അല്‍ജലാമ ഷിപ്യാര്‍ഡിലെ കപ്പല്‍ അറ്റകുറ്റപ്പണി, നിര്‍മാണ കേന്ദ്രം ലോകശ്രദ്ധ നേടുന്നുണ്ട്.
നാകിലാതും പ്രമുഖ ഓഫ്‌ഷോര്‍ റിഗ് നിര്‍മാതാക്കളും കപ്പല്‍ അറ്റകുറ്റപ്പണിമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായ കെപ്പല്‍ ഓഫ്‌ഷോര്‍ മറൈന്‍ ലിമിറ്റഡും തമ്മിലുള്ള സംയുക്തസംരംഭമായി 2007ലാണ് എന്‍-കോം സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് ഫ്‌ളീറ്റാണ് നാകിലാതിന്റേത്. 65 എല്‍എന്‍ജി വെസ്സലുകളാണ് കമ്പനിക്കുള്ളത്. ഒരു എഫ്എസ്ആര്‍യു വെസ്സലും നാലു വലിയ എല്‍പിജി ക്യാരിയറുകളും നാകിലാതിന്റെ ഉടമസ്ഥതയിലുണ്ട്.