
ദോഹ: ഖത്തറിലെ ഇറാഖി അംബാസഡര്‍ ഉമര്‍ ബര്‍സാന്‍ജി കത്താറ കള്‍ച്ചറല്‍ വില്ലേജ് സന്ദര്‍ശിച്ചു. കത്താറ ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ബിന്‍ ഇബ്രാഹിം അല്‍സുലൈത്തി അദ്ദേഹത്തെ സ്വീകരിച്ചു. കലാ, സാംസ്‌കാരിക മേഖലയിലുള്‍പ്പടെ ഇറാഖും ഖത്തറും സഹകരണം ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായിക്കൂടിയായിരുന്നു കത്താറയിലെ സന്ദര്‍ശനം.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ സാംസ്‌കാരിക പരിപാടികളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുന്നതില്‍ കത്താറ കള്‍ച്ചറല്‍ വില്ലേജും ദോഹയിലെ ഇറാഖി എംബസിയും സഹകരിച്ചുപ്രവര്‍ത്തിക്കും.
സംഗീത പരിപാടികള്‍, കലാ പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പ്രകടനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതില്‍ കത്താറയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനുള്ള സന്നദ്ധത ഇറാഖി അംബാസഡര്‍ അറിയിച്ചു.
ഇറാഖി തിങ്ക് താങ്ക് അല്‍റഫിദെയ്ന്‍ ഡയലോഗ് സെന്റര്‍ പ്രസിഡന്റ് സെയ്ദ് അല്‍തല്‍ഖാനിയുമായും കത്താറ ജനറല്‍ മാനേജര്‍ ഡോ. അല്‍സുലൈത്തി ചര്‍ച്ച നടത്തി. ഇരുകൂട്ടര്‍ക്കുമിടയില്‍ രാഷ്ട്രീയ, സാംസ്‌കാരിക സംവാദം പ്രോത്സാഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങള്‍ ചര്‍ച്ചയായി.