
ദോഹ: എ-റിങ് റോഡിലെ ഇലക്ട്രിസിറ്റി ഇന്റര്‍സെക്ഷന്‍ താല്‍ക്കാലിക റൗണ്ട്എബൗട്ടാക്കി മാറ്റിയതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. നേരത്തെ നാസര്‍ ബിന്‍ ഖാലിദ് ഇന്റര്‍സെക്ഷന്‍ എന്നായിരുന്നു ഇതറിയപ്പെട്ടിരുന്നത്. എല്ലാ ദിശകളിലേക്കും നിലവിലുള്ള അതേഎണ്ണം ലൈനുകള്‍ മുഖേന ഗതാഗതം സാധ്യമായിരിക്കും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് സഹകരിച്ച് നാലു മാസത്തേക്കാണ് താല്‍ക്കാലിക റൗണ്ട്എബൗട്ടാക്കി മാറ്റിയിരിക്കുന്നത്.
എ-റിങ് റോഡ് വികസനപദ്ധതിയുടെ ഭാഗമായി വിപുലീകരണ, നീവകരണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കല്‍, ഇലക്ട്രിസിറ്റി ഇന്റര്‍സെക്ഷന്റെ നവീകരണം, പുതിയ ട്രാഫിക് ലൈറ്റുകള്‍ സ്ഥാപിക്കല്‍ എന്നിവയെല്ലാം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ ക്രമീകരണം. താല്‍ക്കാലിക ക്രമീകരണങ്ങള്‍ സംബന്ധിച്ച് വാഹന ഉപയോക്താക്കളെ അറിയിക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ക്കുമായി റോഡ് അടയാളങ്ങള്‍ അശ്ഗാല്‍ സ്ഥാപിക്കും. എല്ലാ റോഡ് ഉപയോക്താക്കളും വേഗപരിധിയും സുരക്ഷ ഉറപ്പാക്കാന്‍ റോഡ് അടയാളങ്ങളും പാലിക്കണമെന്നും അശ്ഗാല്‍ നിര്‍ദേശിച്ചു.