
ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ ഇലക്ട്രോണിക് മാലിന്യ പുനസംസ്കരണ(ഇ-വേസ്റ്റ് റീസൈക്ലിങ്) ക്യാമ്പയിന് മികച്ച പ്രതികരണം. ഇതേത്തുടര്‍ന്ന് വാര്‍ഷികാടിസ്ഥാനത്തില്‍ ഇ-മാലിന്യങ്ങള്‍ പുന:ചംക്രമണത്തിന് വിധേയമാക്കാന്‍ ഖത്തര്‍ ഫൗണ്ടേഷന്(ക്യുഎഫ്) ലക്ഷ്യമിടുന്നു. ഇ-മാലിന്യങ്ങളുടെ ശേഖരണത്തിനും സംസ്കരണത്തിനുമായി ക്യുഎഫ് അടുത്തിടെ ക്യാമ്പയിന് സംഘടിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് ക്യാമ്പയിന് ലഭിച്ചത്.
ഏഴു ദിവസങ്ങള്‍കൊണ്ട് 4.5 ടണ്‍ ഇ-മാലിന്യങ്ങളാണ് ശേഖരിച്ചത്. എജ്യൂക്കേഷന്‍ സിറ്റിയിലും ക്യുഎഫിന്റെ വിവിധ സ്ഥലങ്ങളിലുമായി സ്ഥാപിച്ച കണ്ടെയ്നറുകള്‍ മുഖേനയായിരുന്നു ഇ-മാലിന്യങ്ങള്‍ ശേഖരിച്ചത്. പഴയതും ഉപയോഗിച്ചതും ഉപയോഗ ശൂന്യമായതുമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, ലാപ്ടോപ്പുകള്, മോണിറ്ററുകള്‍, ടെലിവിഷനുകള്‍, പ്രിന്ററുകള്‍, ടെലിഫോണുകള്‍, മൊബൈലുകള്‍, മൈക്രോവേവ്സ് എന്നിവയെല്ലാം കണ്ടെയ്നറുകള്‍ മുഖേന ശേഖരിച്ചു.
അല്‍ഹയ വേസ്റ്റ് മാനേജ്മെന്റ് ആന്റ് പ്രൊജക്റ്റ്സ് കമ്പനിയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പയിന്. ക്യുഎഫിന്റെ വിവിധ കേന്ദ്രങ്ങള്‍, സെന്ററുകള്‍, സ്കൂളുകള്‍ എന്നിവ മുഖേന വ്യക്തിഗതാടിസ്ഥാനത്തിലും ഇ- മാലിന്യങ്ങള്‍ ശേഖരിച്ചു. ഖത്തറില്‍ വര്‍ധിച്ചുവരുന്ന ഇ-മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പയിന്.
ഇ- മാലിന്യങ്ങളുടെ അപകടങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്നതും ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നു. ആഗോളാടിസ്ഥാനത്തില്‍തന്നെ ഇ-മാലിന്യങ്ങള്‍ വലിയ ഭീഷണിയാണുയര്‍ത്തുന്നത്.
ടോണറുകളിലും കാട്രിഡ്ജുകളിലും ടോക്സിക് കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരിയായി സംസ്കരിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ലെങ്കില്‍ മണ്ണിലും വെള്ളത്തിലും കലരാനും പരിസ്ഥിക്ക് ഹാനികരമാകാനും സാധ്യതയുണ്ട്. ക്യുഎഫ് ശേഖരിക്കുന്ന ഇ-മാലിന്യങ്ങള്‍ അല്‍ഹയ കമ്പനി കൃത്യമായി വിവിധ വിഭാഗങ്ങളായി തരംതിരിച്ച് പായ്ക്കറ്റുകളാക്കിയശേഷം സിംഗപ്പൂരിലേക്ക് കയറ്റിഅയയ്ക്കുകയാണ് ചെയ്യുന്നത്. അവിടത്തെ പ്രത്യേക റീസൈക്ലിങ് ഫാക്ടറിയിലാണ് ഇ-മാലിന്യങ്ങള്‍ പുനചംക്രമണത്തിന് വിധേയമാക്കുന്നത്.
ഇലക്ട്രോണിക് ഉപകരണങ്ങളിലെ പ്ലാസ്റ്റിക്, മെറ്റല്‍ വസ്തുക്കളെ വെവ്വേറെ തരംതിരിച്ച് വെവ്വേറെ റീസൈക്ലിങ് ഫാക്ടറികളിലേക്കാണ് അയയ്ക്കുന്നത്. സാധ്യമാകുന്നതരത്തില്‍ ഇ- മാലിന്യങ്ങള്‍ നീക്കംചെയ്യുകയെന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് ക്യുഎഫിന്റെ ആരോഗ്യ- സുരക്ഷാ- പരിസ്ഥിതി ഡയറക്ടറേറ്റിലെ പരിസ്ഥിതി വിദഗ്ദ്ധന് അയിഷ ഗാനി പറഞ്ഞു. ക്യുഎഫിന്റെ കീഴിലുള്ള ഖത്തര്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലും ഇ-മാലിന്യപുനസംസ്കരണ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്.