in , ,

ഇ-മാലിന്യ അപകടങ്ങള്‍: എച്ച്എംസി സമ്മേളനം ഫെബ്രുവരിയില്‍

ഡോ.ഹുദ അല്‍നഈമി

ദോഹ: ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളിലെ ഇ-മാലിന്യ അപകടങ്ങളെക്കുറിച്ചുള്ള മേഖലാ സമ്മേളനം ഫെബ്രുവരിയില്‍ ഖത്തറില്‍ നടക്കും. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനാണ്(എച്ച്എംസി) സമ്മേളനം സംഘടിപ്പിക്കുന്നത്. പുതിയതും എന്നാല്‍ അതിവേഗം വളരുന്നതുമായ വെല്ലുവിളിയായ ഇ-മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന അപകടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണ് എച്ച്എംസിയിലെ ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി വകുപ്പ്. ഇതിന്റെ ഭാഗമായാണ് എച്ച്എംസിയിലുടനീളമുള്ള ആരോഗ്യ പരിരക്ഷാ പരിശീലകര്‍ക്കായുള്ള പ്രാദേശിക സമ്മേളനം സംഘടിപ്പിക്കുന്നത്. ഇ-വേസ്റ്റ് സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ദേശീയ പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഫെബ്രുവരിയിലാണ് ഏകദിന സമ്മേളനം. ഈ മേഖലയിലെ വിദഗ്ദ്ധര്‍ മെഡിക്കല്‍ മാലിന്യങ്ങള്‍, തൊഴില്‍ ആരോഗ്യം, ഇ-മാലിന്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് എച്ച്എംസിയിലെ ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി വിഭാഗം ഡയറക്ടര്‍ ഡോ.ഹുദ അല്‍നഈമി ദി പെനിന്‍സുലയോടു പറഞ്ഞു. സന്ദര്‍ശകരെയും ജീവനക്കാരെയും അപകടങ്ങളില്‍ നിന്നും മോചിപ്പിക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷം ഇ-മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന അപകടങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. അതിവേഗം വളരുന്ന പ്രശ്‌നങ്ങളിലൊന്നാണിത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പടെ ഇ-മാലിന്യങ്ങള്‍ ഉയര്‍ത്തുന്ന ആഘാതത്തെക്കുറിച്ച് വിദഗ്ദ്ധര്‍ ചര്‍ച്ചചെയ്യുമെന്നും അവര്‍ പറഞ്ഞു.
എച്ച്എംസിയില്‍ പതിവായി സിസ്റ്റങ്ങള്‍ നവീകരിക്കുന്നുണ്ട്. എച്ച്എംസി പോലുള്ള ഒരു വലിയ സ്ഥാപനത്തിന് ധാരാളം ഇ-മാലിന്യങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നത് വ്യക്തമാണ്. പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയും അത് പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഏകദിന സമ്മേളനത്തിന് പിന്നിലെ ആശയമെന്നും അവര്‍ വിശദീകരിച്ചു. എച്ച്എംസിയില്‍ നിന്നുള്ള നൂറിലധികം മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ ജീവനക്കാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എച്ച്എംസിയില്‍ മികച്ച മെഡിക്കല്‍ പ്രൊഫഷണലുകളാണുള്ളത്. മികച്ച പരിചരണമാണ് ലഭ്യമാക്കുന്നത്. ഏറ്റവും നൂതനമായ സേവനങ്ങളുണ്ട്. മികച്ച സുരക്ഷാ രീതികളും തൊഴില്‍ ആരോഗ്യ-സുരക്ഷാ വിദഗ്ധരും എച്ച്എംസിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അല്‍നഈമി ചൂണ്ടിക്കാട്ടി. തകര്‍ന്നതോ അനാവശ്യമോ ആയ ഏതെങ്കിലും ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടങ്ങിയ മാലിന്യമാണ് ഇലക്ട്രോണിക് മാലിന്യങ്ങള്‍.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ക്രൂയിസ് യാത്രക്കാരുടെ സന്ദര്‍ശനം: ദോഹ തുറമുഖത്തിന് റെക്കോര്‍ഡ് നേട്ടം

ഫയര്‍‌സ്റ്റേഷനില്‍ മുഹമ്മദ് ഫരാജിന്റെ കലാസൃഷ്ടികളുടെ പ്രദര്‍ശനം തുടങ്ങി