in ,

ഇ-സിഗരറ്റ് ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ദ്ധര്‍

ദോഹ: ഇ-സിഗരറ്റ് ഉപയോഗിക്കുന്നതിനെതിരെ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ദ്ധര്‍. ഇലക്ട്രോണിക് സിഗരറ്റ്(ഇ-സിഗരറ്റ്) ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നും ഒരുകാരണവശാലും ഉപയോഗിക്കരുതുമെന്നാണ് മുന്നറിയിപ്പ്.
യുഎസില്‍ ഇ-സിഗരറ്റുമായി ബന്ധപ്പെട്ട ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍, ഇ-സിഗരറ്റ് ഉല്‍പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി) പുകയില നിയന്ത്രണ കേന്ദ്രം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന ഹാനികരമായ രാസവസ്തുക്കളും അനുബന്ധ ഘടകങ്ങളും ഇ-സിഗരറ്റുകളിലും വാപ്പിംഗ് ഡിവൈസുകളിലും അടങ്ങിയിട്ടുണ്ടെന്ന് പുകയില നിയന്ത്രണ കേന്ദ്രത്തിലെ വിദഗ്ദ്ധന്‍ ഡോ. ജമാല്‍ അബ്ദുല്ല ബസുഹായ് പറഞ്ഞു.
നിക്കോട്ടിന്‍ കൂടാതെ, ഇ-സിഗരറ്റുകളില്‍ കൂടുതല്‍ ദോഷകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശ്വസനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ഗുരുതരവും മാരകവുമായ ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കോമ, മരണം എന്നിവയ്ക്കും ഇ-സിഗരറ്റിലെ പദാര്‍ത്ഥങ്ങള്‍ കാരണമാകും. ഖത്തറില്‍ ഇ-സിഗരറ്റ് നിരോധിച്ചിരിക്കുന്നു. രാജ്യത്ത് ഇ-സിഗരറ്റ് വില്‍പ്പന, വിതരണം, പരസ്യം എന്നിവ കുറ്റകരമാണ്. എന്നാല്‍ ചിലര്‍ ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്. അവ നിയമവിരുദ്ധമായി രാജ്യത്തേക്ക് വാങ്ങുകയും ചെയ്യുന്നു. ഇ-സിഗരറ്റ് വലിക്കുന്ന കൗമാരക്കാര്‍ പിന്നീട് ആ സാധാരണ സിഗരറ്റ് വലി ശീലം തുടരാന്‍ ഉയര്‍ന്ന സാധ്യതയുണ്ട്. ഇ-സിഗരറ്റുകള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണം ഉപയോഗിച്ച് ഒരു ദ്രാവകത്തെ ചൂടാക്കി നീരാവിയായി രൂപപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ ഉപകരണങ്ങള്‍ ദോഷകരമായേക്കാവുന്ന വിവിധ വസ്തുക്കളെ ചൂടാക്കുന്നു.
പരമ്പരാഗത സിഗരറ്റിനേക്കാള്‍ സുരക്ഷിതമാണ് ഇ-സിഗരറ്റുകളെന്നാണ് പലരും കരുതുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇ-സിഗരറ്റുകള്‍ ജീവിതകാലം മുഴുവന്‍ ഉപയോഗിക്കുന്നവരില്‍ പകുതിപേരും മരണത്തിനു വിധേയരാകുന്നതായി പുകയില നിയന്ത്രണ കേന്ദ്രത്തിലെ ആരോഗ്യ ബോധവല്‍ക്കരണ, ഗുണനിലവാര മാനേജ്മെന്റ് കോര്‍ഡിനേറ്റര്‍ നൂര്‍ അല്‍നാകിബ് പറഞ്ഞു.
വിനോദത്തിനോ മറ്റേതെങ്കിലും പുകയില ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കുന്നതിനോ വേണ്ടി ഇ-സിഗരറ്റ് വലിക്കരുതെന്ന് അവര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം സമീപകാലത്തായി വര്‍ധിക്കുന്നുണ്ട്. പക്ഷെ അതൊരു വലിയസംഖ്യയല്ല എന്നാല്‍ കൗമാരക്കാര്‍ക്കിടയില്‍ ഈ പ്രവണത വര്‍ധിക്കുന്നതായി കാണുന്നു.
ഇ-സിഗരറ്റുകള്‍ ആരോഗ്യകരമാണെന്നും പരമ്പരാഗത സിഗരറ്റിന് ബദലാകാമെന്നും കരുതുന്ന അത്തരം തെറ്റിദ്ധാരണയുള്ള പലരേയും കാണാന്‍ കഴിയുന്നുണ്ട്. പുകയില നിയന്ത്രണ കേന്ദ്രം നടത്തുന്ന ബോധവല്‍ക്കരണ പരിപാടികളിലും ക്ലിനിക്കുകളിലും ഇത്തരം അഭിപ്രായങ്ങള്‍ പങ്കുവെച്ച നിരവധിപേരെ കാണാനിടയായതായി അവര്‍ ചൂണ്ടിക്കാട്ടി. ഈ ധാരണ തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്താനാകുന്നുണ്ട്.
സിഗരറ്റ് വലിക്കുന്നത് ഒഴിവാക്കുന്നതിനും പുകയില ഉപഭോഗം തടയുന്നതിനും പുകയില നിയന്ത്രണ കേന്ദ്രത്തിലെ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കേണ്ടത് അത്യാവശ്യമാണെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ഇ-സിഗരറ്റ് കൈവശം വെക്കുന്നത് കുറ്റകരമാണ്. 2014ലെ മന്ത്രാലയ ഉത്തരവ് പ്രകാരമാണ് ഖത്തറില്‍ ഇ-സിഗററ്റ് വില്‍പ്പന നിരോധിച്ചിരിക്കുന്നത്. ഇ-സിഗററ്റ് വില്‍ക്കരുതെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും സ്റ്റോറുകള്‍ക്കും കര്‍ശന നിര്‍ദേശം നേരത്തെതന്നെ നല്‍കിയിട്ടുണ്ട്.
രാജ്യത്തിന്റെ അതിര്‍ത്തികളില്‍ നിന്നും ഇ-സിഗരറ്റ് പിടിച്ചെടുക്കും. കൊറിയറില്‍ വരുന്ന ഇ-സിഗരറ്റ് പാക്കറ്റ് പോലും വിതരണം ചെയ്യാന്‍ അനുവദിക്കില്ല. ഇ-സിഗരറ്റ് കണ്ടെത്തിയാല്‍ കസ്റ്റംസ് അധികൃതര്‍ മന്ത്രാലയത്തെ അറിയിക്കും.
ഇ-സിഗരറ്റിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനായി നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസ് വകുപ്പ് വിവിധ തലങ്ങളില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കെഎംസിസി പേരാമ്പ്ര സമ്മേളനം: അഡ്വ. മുഹമ്മദ് ഷാ പങ്കെടുക്കും

‘എന്റെ പ്രണയം നിങ്ങളുടേതും’ സിനിമയുടെ ടൈറ്റില്‍ പ്രകാശനം ചെയ്തു