in ,

ഈദുല്‍അദ്ഹ: ടെയ്‌ലറിങ് ഷോപ്പുകളില്‍ തിരക്ക് വര്‍ധിക്കുന്നു

സൂഖ് അല്‍അലിയിലെ ടെയ്‌ലറിങ് ഷോപ്പില്‍ നിന്നുള്ള ദൃശ്യം

ദോഹ: ഈദുല്‍ അദ്ഹക്ക് മുന്നോടിയായി ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കായുള്ള പ്രമുഖ ടെയ്‌ലറിങ് ഷോപ്പുകളില്‍(തയ്യല്‍ സ്ഥാപനങ്ങളില്‍) തിരക്കേറുന്നു. തിരക്കില്‍ വലിയ വര്‍ധനവുണ്ടായതിനെത്തുടര്‍ന്ന് പല ഷോപ്പുകളും പുതിയ ഓര്‍ഡറുകള്‍ ഏറ്റെടുക്കുന്നത് പരിമിതപ്പെടുത്തിയിട്ടുണ്ട്.

പ്രത്യേക ഈദ് തോബ് തുന്നുന്നതിനായി നിരവധി യുവജനങ്ങളാണ് ടെയ്‌ലറിങ് ഷോപ്പുകളിലെത്തുന്നത്. തോബിന്റെ ആവശ്യകതയില്‍ വലിയ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ടെയ്‌ലറിങ് ഷോപ്പുകളിലെ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ടെല്‌റിങ് ഷോപ്പുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടതെന്ന് പ്രാദേശിക അറബിപത്രം അല്‍റയ്യായെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഉപഭോക്താക്കളുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന വിധത്തില്‍ ആവശ്യമായ ഉത്പന്നങ്ങള്‍ ലഭ്യമാണ്. താങ്ങാവുന്ന വിധത്തില്‍ വിവിധതരം വസ്ത്രങ്ങള്‍ സുലഭമാണെന്നും ടെയ്‌ലറിങ് ഷോപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്നവര്‍ക്കുള്ള തോബിന് സാധാരണ 50 മുതല്‍ 70 റിയാല്‍വരെയാണ് വില. പ്രത്യേകയിനത്തിലോ ബ്രാന്‍ഡിലോ ആണെങ്കില്‍ 150റിയാല്‍വരെയാകും വില.

സൂഖ് അല്‍അലി ഉള്‍പ്പടെയുള്ള കേന്ദ്രങ്ങളിലെ ടെയ്‌ലറിങ് ഷോപ്പുകളില്‍ ഉള്‍പ്പടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇടത്തരം കുടുംബത്തിന്റെ ആവശ്യകത നിറവേറ്റാന്‍ പര്യാപ്തമായ വിധത്തില്‍ ചെലവു കുറവാണെന്നതാണ് സൂഖ് അല്‍അലിയിലേക്ക് കൂടുതല്‍ പേരെത്താന്‍ കാരണം. ഈദുല്‍അദ്ഹ, പുതിയ അധ്യയനവര്‍ഷം എന്നിവയെല്ലാം കാരണം ഇടത്തരം കുടുംബങ്ങള്‍ വലിയ ചെലവുകള്‍ അഭിമുഖീകരിക്കുകയാണ്.

താങ്ങാവുന്ന വിലയില്‍ വസ്ത്രങ്ങള്‍ തുന്നുന്നതിനും സ്വന്തമാക്കുന്നതിനും ഇവിടെ സാധിക്കും. ടെയ്‌ലറിങ് ഷോപ്പുകള്‍ ഡിസ്‌ക്കൗണ്ടുകളും നല്‍കുന്നുണ്ട്. വളരെയധികം തോബുകള്‍ വാങ്ങുന്നവര്‍ക്ക് മികച്ച ഡീല്‍ നേടാനാകും. തോബുകള്‍ തുന്നുന്നതിന് ഉപയോഗിക്കുന്ന വസ്ത്രങ്ങളുടെ തരം അനുസരിച്ചാണ് വില. യുവജനങ്ങള്‍, കുട്ടികള്‍, പ്രത്യേകിച്ചും ഖത്തരികള്‍ തോബുകളില്‍ പ്രത്യേകതരം ചിത്രത്തുന്നലുകള്‍ ആവശ്യപ്പെടുന്നുണ്ട്.

ദോഹയുടെ എല്ലാ ഭാഗങ്ങളിലും വനിതകളുടെ ടെയ്‌ലറിങ് ഷോപ്പുകളുണ്ട്. ഖത്തറി വനിതകള്‍ക്കൊപ്പം പ്രവാസികളും ടെയ്‌ലറിങ് ഷോപ്പുകളില്‍ കൂടുതലായെത്തുന്നു. ഇവര്‍ക്കായി വ്യത്യസ്ത ഡിസൈനുകളിലുള്ള വസ്ത്രങ്ങളാണ് തയ്ക്കുന്നത്. പരമ്പരാഗത ശൈലിയ്‌ക്കൊപ്പം ആധുനികതയും കൂട്ടിയിണക്കിയ വസ്ത്രങ്ങളാണ് വിപണിയില്‍ സജീവമായുള്ളത്.

മിക്ക ഷോപ്പുകളിലും തയ്യല്‍ക്കൂലിയിലുള്‍പ്പടെ ഡിസ്‌ക്കൗണ്ടുകളും നല്‍കുന്നുണ്ട്. വനിതകള്‍ക്കും കുട്ടികള്‍ക്കുമായി ജല്ലാബിയ, മാക്‌സി, ഫുസ്താന്‍ (ഉടുപ്പ്), ടന്നൂര (പാവാട), ഖ്വാമിസ് (ഷര്‍ട്ട്) എന്നിവയാണ് കൂടുതലായി തയ്ക്കുന്നത്. കൃത്യസമയത്ത് വസ്ത്രങ്ങള്‍ തയ്ച്ച് നല്‍കേണ്ടതിനാല്‍ രാത്രി, പകല്‍ വ്യത്യാസമില്ലാതെയാണ് ജോലി ചെയ്യുന്നത്.

ആഘോഷാവസരങ്ങളില്‍ തയ്യല്‍കടകളുടെ സേവനത്തില്‍ രണ്ടിരട്ടിയാണ് വര്‍ധന. വരുമാനത്തിലും ഈ വര്‍ധന പ്രതിഫലിക്കുന്നു. വസ്ത്രശാലകളില്‍ നിന്നും തുന്നിയ വസ്ത്രങ്ങളാണ് ഖത്തരി വനിതകള്‍ കൂടുതലും തിരഞ്ഞെടുക്കുന്നത്. ഈദ് വസ്ത്രങ്ങള്‍ക്കായുള്ള ഓര്‍ഡറുകള്‍ നേരത്തെതന്നെ ലഭിച്ചു തുടങ്ങി.

ഈദിന് പ്രത്യേക വസ്ത്രങ്ങള്‍ ആവശ്യമുള്ള ഉപഭോക്താക്കള്‍ക്കായി ഓര്‍ഡറുകള്‍ കരുതിയിട്ടുണ്ടെന്ന് പ്രമുഖ ടെയ്‌ലറിങ് സ്ഥാപനത്തിലെ ജീവനക്കാരന്‍ പറഞ്ഞു. ആവശ്യക്കാര്‍ കൂടുതലായതിനാല്‍ തിരക്ക് വര്‍ധിച്ചു. ഈദിന് പുതിയ വസ്ത്രങ്ങള്‍ എടുക്കുന്നതിനും തുന്നുന്നതിനുമായി സ്വദേശികളും പ്രവാസികളും ഉള്‍പ്പടെ നിരവധിപേരാണ് എത്തുന്നത്.

നിലവില്‍ താങ്ങാവുന്നതിലുമധികം ഓര്‍ഡര്‍ ലഭിച്ചതായും അതുകൊണ്ടുതന്നെ പുതിയ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നില്ലെന്ന് അബുഹമൂറിലെയും ഓള്‍ഡ് അല്‍ഗാനിമിലെയും മുന്‍തസയിലെയും പ്രമുഖ ടെയ്‌ലറിങ് ഷോപ്പുകളിലെ ജീവനക്കാര്‍ പറഞ്ഞു.

ഈദ് ആഘോഷങ്ങളുടെ ഭാഗമായി ട്രെന്‍്ഡ് സെറ്റിങായിട്ടുള്ള വസ്ത്രങ്ങള്‍ക്ക് പകരം പരമ്പരാഗത ഡിസൈനുകളിലുള്ള വസ്ത്രങ്ങളാണ് ഖത്തരി, നോണ്‍ ഖത്തരി വനിതകള്‍ തെരഞ്ഞെടുക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തല്‍: മികവുറ്റ നേട്ടവുമായി റയ്യാന്‍ കരാറുകാര്‍

സൂഖ് വാഖിഫ് ഈത്തപ്പഴ മേള: ആറുദിവസത്തില്‍ വിറ്റത് 79 ടണ്‍