in ,

ഈദുല്‍ അദ്ഹ: ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കുന്നു

ബലിമൃഗങ്ങളെ അറക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ദോഹ: ഈദുല്‍ അദ്ഹക്ക് മുന്നോടിയായി രാജ്യത്തെ മുനിസിപ്പാലിറ്റികളുടെ പരിധിയിലുള്ള വിവിധ ഭക്ഷ്യസ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കുന്നു. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ കീഴില്‍ അല്‍ശമാല്‍ മുനിസിപ്പാലിറ്റി ഈദുല്‍ അദ്ഹ സമയത്ത് ബലിമൃഗങ്ങളെ അറുക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതുപ്രകാരം ബലിമൃഗങ്ങളെ വെറ്ററിനറി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ അംഗീകൃത അറവുശാലകളിലാണ് അറുക്കേണ്ടത്.

അതല്ലാതെ തുറന്ന സ്ഥലങ്ങളിലായിരിക്കരുത് അറുക്കേണ്ടത്. അറവുശാലകളില്‍ ആവശ്യമായ ഉപകരണങ്ങള്‍ സജ്ജീകരിച്ചിരിക്കണം. ശുചിത്വം ഉറപ്പാക്കണം. നല്ല അവസ്ഥയിലുള്ളവയായിരിക്കണം. വിിവധ തരം മൃഗങ്ങളെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതായിരിക്കണം.

അറവുശാലകളിലെ തൊഴിലാളികള്‍ ശരിയായ യൂണിഫോമിലായിരിക്കണം. ബലിമൃഗങ്ങള്‍ ആരോഗ്യമുള്ളവയും ആരോഗ്യപരവും മതപരവുമായ എല്ലാ ആവശ്യങ്ങളും നിറവേറ്റാനുതകുന്നവയുമായിരിക്കണം. ബലിമൃഗങ്ങളുടെ മാംസം റഫ്രിജറേറ്ററിനു പുറത്ത് കൂടുതല്‍ നേരം സൂക്ഷിക്കരുത്.

അറുത്ത മൃഗങ്ങളുടെ മാലിന്യങ്ങള്‍ ശരിയായി നീക്കം ചെയ്യണം. അതേസമയം എല്ലാ ഭക്ഷ്യസ്ഥാപനങ്ങളിലും അറവുശാലകളിലും കശാപ്പുകേന്ദ്രങ്ങളിലും ഉപഭോക്തൃ സമുച്ചയങ്ങളിലും ആരോഗ്യ നിയന്ത്രണം കര്‍ശനമാക്കുന്നതിന് ഊന്നല്‍നല്‍കിക്കൊണ്ട് മുനിസിപ്പാലിറ്റികള്‍ ഈദുല്‍അദ്ഹക്കായി സമഗ്ര പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

മുനിസിപ്പാലിറ്റികളുടെ പദ്ധതികള്‍ അതിന്റെ യൂണിറ്റുകള്‍, വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയിലൂടെ നടപ്പാക്കുന്നു. നിരന്തരമായ ശുചീകരണ, മേല്‍നോട്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. അറവുശാലകള്‍, പൊതുഅടുക്കളകള്‍, ഉപഭോക്തൃസമുച്ചയങ്ങള്‍ എന്നിവയിലല്ലാം ദൈനംദിന പരിശോധനകള്‍ നടത്തും. വില്‍പ്പനക്കായി വെയ്ക്കുന്ന ഉത്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കും.

അല്‍റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ ആരോഗ്യനിയന്ത്രണ വിഭാഗം ഭക്ഷ്യഔട്ട്‌ലെറ്റുകള്‍, മധുരപലഹാര കടകള്‍, റസ്റ്റോറന്റുകള്‍, കശാപ്പുകേന്ദ്രങ്ങള്‍, മത്സ്യ പൗള്‍ട്രി ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം പരിശോധന കാമ്പയിന്‍ ശക്തമാക്കും.

മനുഷ്യന്റെ ഉപഭോഗത്തിന് സുരക്ഷിതമാണോയെന്ന് ഉറപ്പാക്കുന്നതിനായി മാംസത്തിന്റെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും സാമ്പിളുകള്‍ പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ കേന്ദ്ര ലബോറട്ടറിയിലേക്ക് കൊണ്ടുപോകും. മൈദര്‍, അല്‍റയ്യാന്‍ അറവുശാലകളിലേക്ക് മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കും.

ഈദുല്‍ അദ്ഹ ദിനത്തില്‍ നമസ്‌കാരത്തിനുശേഷം വൈകുന്നേരം അഞ്ചുമണിവരെ ബലിമൃഗങ്ങളെ അറുക്കുന്നത് വെറ്ററിനറി ഡോക്ടര്‍മാര്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ഈദുല്‍ അദ്ഹയുടെ രണ്ടു മുതല്‍ നാലുവരെ ദിവസങ്ങളില്‍ ബലിമൃഗങ്ങളുടെ പരിശോധന രാവിലെ ആറു മുതല്‍ വൈകുന്നേരം അഞ്ചുവരെയാണ്.

ഈദുല്‍അദ്ഹയിലുടനീളം പുലര്‍ച്ചെ അഞ്ചു മുതല്‍ വൈകുന്നേരം അഞ്ചുവരെ ബലിമൃഗങ്ങളെയും അവയുടെ മാംസവും പരിശോധിക്കാന്‍ ശമാല്‍ മുനിസിപ്പാലിറ്റി മുനിസിപ്പല്‍ ഇന്‍സ്‌പെക്ടര്‍മാരെയും വെറ്ററിനറി ഡോക്ടര്‍മാരെയും നിയോഗിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മാധ്യമ മേഖലയില്‍ ഖത്തറിനുള്ളത് നീണ്ട ചരിത്രമെന്ന് ജിസിഒ ഡയറക്ടര്‍

ടി10 ക്രിക്കറ്റ് ലീഗിന് ആതിഥേയത്വം: ഖത്തറിന് ഐസിസിയുടെ അനുമതി