
ദോഹ: ഈദുല്‍ അദ്ഹയോടനുബന്ധിച്ച് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും. ഈദിന്റെ നാലുദിനങ്ങളിലാണ് പരിപാടികള്‍. ഖത്തറിലെയും വിദേശരാജ്യങ്ങളിലെയും കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന വിധത്തില്‍ വ്യത്യസ്തത നിറഞ്ഞ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. അവിസ്മരണീയമായ നിമിഷങ്ങളും സസ്പെന്‍സുമാണ് സന്ദര്‍ശകര്‍ക്കായി കത്താറ ഒരുക്കിയിരിക്കുന്നത്.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാനാകും. ആകാശത്ത് വര്‍ണാഭമായ വെടിക്കെട്ട്,് കുട്ടികള്‍ക്കു സമ്മാനവിതരണം, വിനോദപരിപാടികള്‍, പോലീസ് മ്യൂസിക് ബാന്‍ഡിന്റെ സംഗീതപ്രകടനം തുടങ്ങിയവ അരങ്ങേറും. എല്ലാ സന്ദര്‍ശകര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

സന്ദര്‍ശകര്‍ക്കു വിശേഷാവസരത്തില്‍ ആഘോഷങ്ങളുടെ അന്തരീക്ഷം സൃഷ്ടിക്കുകയും കുടുംബവുമായി പുറത്തെ ആഘോഷങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരവും ഒരുക്കുകയുമാണ് ഈദ് പരിപാടികളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ഏറ്റവും മികച്ച കാഴ്ചാനുഭവം പ്രദാനം ചെയ്യാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും കത്താറ അധികൃതര്‍ വ്യക്തമാക്കി. ഈദിന്റെ രണ്ടാം ദിനം മുതല്‍ നാലാം ദിനം വരെ കത്താറ അല്‍തുറായ പ്ലാനറ്റേറിയം ബില്‍ഡിങ് 41ല്‍ അറബിക്, ഇംഗ്ലീഷ് ഷോകള്‍ അരങ്ങേറും.
ഈദിന്റെ രണ്ടാംദിനത്തില്‍ ഡൗണ്‍ ദി സ്പെയ്സ് ഏജ് ത്രീഡി, മൂന്നാംദിനത്തില്‍ ദി പെര്‍ഫെക്റ്റ് ലിറ്റില്‍ പ്ലാനറ്റ്, നാലാം ദിനത്തില്‍ ദി അസ്ട്രോനോട്ട് ത്രീഡി എന്നിവ നടക്കും. ഈ ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചിന് അറബികിലും രാത്രി ഏഴിന് ഇംഗ്ലീഷിലുമായിരിക്കും ഷോ.
കുട്ടികള്‍ക്കായുള്ള കളിസ്ഥലത്ത് വൈകുന്നേരം അഞ്ചു മുതല്‍ രാത്രി പത്തുവരെ പരിപാടികള്‍ നടക്കും. വൈവിധ്യമാര്‍ന്ന ഗാനങ്ങളായിരിക്കും പോലീസ് ട്രെയ്നിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മ്യൂസിക്കല്‍ ബാന്‍ഡ് അവതരിപ്പിക്കുക. എസ്പ്ലനേഡില് രാത്രി എട്ടിനായിരിക്കും സൈനിക ബാന്‍ഡിന്റെ പരിപാടി.
കത്താറ ജീവനക്കാരുടെ നേതൃത്വത്തിലായിരിക്കും കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുക. എസ്പ്ലനേഡില് രാത്രി ഒന്‍പതിനായിരിക്കും സമ്മാനവിതരണം.
മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും വെടിക്കെട്ട് കൂടുതല്‍ വര്‍ണാഭമാകും. രാത്രി പത്തിനാണ് വര്‍ണവിസ്മയം തീര്‍ക്കുന്ന വെടിക്കെട്ട്.