
ദോഹ: ഈദുല്‍ ഫിത്വര്‍ ആശംസ അറിയിക്കാനെത്തിയ അതിഥികളെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ചു. ചൊവ്വാഴ്ച രാവിലെ പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷമാണ് അല്‍ വജ്ബ പാലസിലെത്തിയ അതിഥികളെ സ്വീകരിച്ചത്. രാവിലെയും ഉച്ചക്ക് ശേഷമവും പാലസിലെത്തിയ അതിഥികളെ അമീര്‍ സ്വീകരിച്ചു.

പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദ്്, ശൂറാ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍, ശൈഖുമാര്‍, മന്ത്രിമാര്‍, ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍, മന്ത്രാലയങ്ങളിലെ അണ്ടര്‍ സെക്രട്ടറിമാര്‍, പൗരന്‍മാര്‍ തുടങ്ങി ഒട്ടേറെ വിശിഷ്ട വ്യക്തിത്വങ്ങള്‍ അമീറിന് ഈദ് ആശംസകള്‍ നേര്‍ന്നു.

വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, സായുധ സേന, പൊലീസ് ഉദ്യോഗസ്ഥര്‍, ദേശീയ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും മേധാവികള്‍ തുടങ്ങിയവരും അമീറിനെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിച്ചു.
ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഖലീഫ അല്‍താനി, അമീറിന്റെ പ്രത്യേക പ്രതിനിധി ശൈഖ് ജാസ്സിം ബിന്‍ ഹമദ് അല്‍താനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍താനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ അല്‍താനി, ശൈഖ് ജാസ്സിം ബിന്‍ ഖലീഫ അല്‍താനി എന്നിവരും അതിഥികളെ സ്വീകരിക്കാനും ആശംസ കൈമാറാനും എത്തിയിരുന്നു.

ഈദുല്‍ ഫിത്വറിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായതോടെ അമീര്‍ വിവിധ അറബ് മുസ്‌ലീം രാജ്യങ്ങളുടെ ഭരണാധികാരികള്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു. കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ്, ജോര്‍ദ്ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, ടുണീഷ്യ പ്രസിഡന്റ് ബെജി സെയ്ദ് എസബ്‌സി, തുര്‍ക്കിഷ് പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍, ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അല്‍അഹമ്മദ് അല്‍ജാബര്‍ അല്‍സബാഹ് എന്നിവര്‍ക്ക് അമീര്‍ ഈദ് ആശംസകള്‍ കൈമാറി.