
ദോഹ: ഇദുല്‍അദ്ഹ അവധിദിനങ്ങളില്‍ അല്‍ബിദ പാര്‍ക്കില്‍ സന്ദര്‍ശകത്തിരക്കേറുന്നു. നിരവധിപേരാണ് കുട്ടികളും കുടുംബങ്ങളുമായി പാര്‍ക്കിലെത്തുന്നത്. കുട്ടികളുടെ പ്രിയപ്പെട്ട വിനോദകേന്ദ്രമായി പാര്‍ക്ക് മാറിയിട്ടുണ്ട്. അവര്‍ക്ക് സമയം ചെലവഴിക്കുന്നതിനും കളികളിലേര്‍പ്പെടുന്നതിനും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.
20 ലക്ഷം ചതുരശ്രമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന മേഖലയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്കുകളിലൊന്നായി അല്‍ബിദ പാര്‍ക്ക് മാറുകയാണ്. കുട്ടികള്‍ക്ക് സ്‌കൂട്ടര്‍, റോളര്‍ സ്‌കേറ്റര്‍ ഉള്‍പ്പടെ നടത്തുന്നതിനുള്ള സൗകര്യങ്ങള്‍സംവിധാനിച്ചിട്ടുണ്ട്.
പാര്‍ക്കിന്റെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെത്തുന്നു. ആറായിരത്തോളം കാറുകള്‍ നിര്‍ത്തിയിടാനുള്ള ഭൂഗര്‍ഭ പാര്‍ക്കിങ് സ്ഥലം ഉള്‍പ്പെടെ നിരവധി പൊതുസൗകര്യങ്ങളാണ് ഇവിടെയുള്ളത്. വലിയ ജിംനേഷ്യത്തില്‍ സ്ത്രീകള്‍ക്ക് മാത്രമായി മേഖലയുണ്ട്.
കൂടാതെ പുറത്ത് പ്രത്യേക കായിക, വ്യായാമ സൗകര്യങ്ങള്‍, കളിസ്ഥലം, 850 പേര്‍ക്ക് ഇരിക്കാവുന്ന ഓപ്പണ്‍ തിയേറ്റര്‍, സൈക്കിള്‍, കുതിര, ഒട്ടകസവാരി പാതകള്‍, വിനോദ, സേവനസൗകര്യങ്ങള്‍ തുടങ്ങി നിരവധി സവിശേഷതകളോടെയാണ് പാര്‍ക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്.
വിപുലമായ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കുശേഷമാണ് ബിദ പാര്‍ക്ക് തുറന്നത്. ബിദ പാര്‍ക്കിനു സമീപത്തെ റെഡ് സ്ട്രീറ്റും സന്ദര്‍ശകശ്രദ്ധ നേടുന്നു. അല്‍ ബിദ പാര്‍ക്കിന് ചുറ്റും ഖത്തര്‍ നാഷണല്‍ തിയേറ്റര്‍ മുതല്‍ അമീരി ദിവാന്‍ റൗണ്ട് എബൗട്ട് വരെയുള്ള പാതയ്ക്ക് ചുവപ്പുനിറമാണ് നല്‍കിയിരിക്കുന്നത്.
ദോഹയുടെ ഹൃദയഭാഗത്തായി കോര്‍ണീഷിനോടു ചേര്‍ന്നാണ് പാര്‍ക്ക്. നേരത്തെ റുമൈല പാര്‍ക്ക് എന്നാണ് അറിയപ്പെട്ടിരുന്നത്. കടലിന്റെയും വെസ്റ്റേബ സ്‌കൈലൈനിന്റെയും മനോഹരമായ കാഴ്ചയാണ് പാര്‍ക്ക് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുന്നത്.
വേനല്‍ചൂടിനിടയിലും അല്‍ബിദ പാര്‍ക്കിലെ സായാഹ്നങ്ങള്‍ സുഖപ്രദമായ അന്തരീക്ഷമാണ് നല്‍കുന്നത്. ബാസ്‌ക്കറ്റ്‌ബോള്‍, ടെന്നീസ്, വോളിബോള്‍ കോര്‍ട്ടുകള്‍, ജോഗിങ്, നടത്തം എന്നിവക്കുള്ള സൗകര്യങ്ങള്‍, സൈക്കിള്‍ പാതകള്‍ എന്നിവയുമുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ അവധി ആഘോഷത്തിനായി ഒട്ടേറെപ്പേരാണ് പാര്‍ക്കിലെത്തിയത്.
വാടകക്കായുള്ള മഞ്ഞ ക്വാഡ്രാസൈക്കിളുകള്‍(നാലു ചക്ര സൈക്കിളുകള്‍) കുടുംബങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കുമിടയില്‍ ജനപ്രിയമാണ്. കുട്ടികള്‍ക്കായി പാര്‍ക്കില്‍ ആസ്വദിക്കാന്‍ നിരവധി കളിസ്ഥലങ്ങളുണ്ട്. ഓരോ കളിസ്ഥലത്തും വര്‍ണാഭമായ പ്ലേഹൗസുകള്‍, മിനി സിപ് ലൈനുകള്‍, ഉല്ലാസയാത്രാസൗകര്യങ്ങള്‍, സീസോസ്, കുട്ടികള്‍ക്കായി റോപ്പ് ക്ലൈംബിങ്, സ്പ്രിങ് റൈഡറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഇവിടത്തെ സൗകര്യങ്ങളെല്ലാം കുട്ടികള്‍ക്ക് വളരെ അനുയോജ്യവും കുടുംബ സൗഹൃദവുമാണെന്ന് സന്ദര്‍ശകരും പറയുന്നു. കഴിഞ്ഞവര്‍ഷം ദേശീയ കായികദിനത്തിലാണ് അല്‍ബിദ പാര്‍ക്ക് വീണ്ടും പൊതുജനങ്ങള്‍ക്കായി തുറന്നത്. നിരവധി കായിക പ്രവര്‍ത്തനങ്ങളുടെ പ്രിയകേന്ദ്രമായി പാര്‍ക്ക് ഇതിനോടകം മാറിയിട്ടുണ്ട്.