in ,

ഈദ് അവധി ദിനങ്ങളില്‍ ഖത്തര്‍ ദേശീയ മ്യൂസിയത്തില്‍ തിരക്ക് വര്‍ധിച്ചു

ദോഹ: ഈദുല്‍ അദ്ഹ അവധിദിനങ്ങളില്‍ ഖത്തര്‍ ദേശീയ മ്യൂസിയം(എന്‍എംഒക്യു) സന്ദര്‍ശിക്കാനെത്തിയത് ആയിരങ്ങള്‍. ഈദുല്‍അദ്ഹ അവധി ദിനങ്ങളില്‍ കുട്ടികളും കുടുംബങ്ങളുമായി നിരവധിപേര്‍ മ്യൂസിയത്തിലെത്തി.

മ്യൂസിയത്തിന്റെ രൂപഭംഗി ആസ്വദിക്കുന്നതിനും ഇവിടത്തെ അപൂര്‍വ ശേഖരങ്ങളും സൃഷ്ടികളും കാണുന്നതിനായി നിരവധിപേരാണ് സമയം ചെലവഴിച്ചത്. ഖത്തരികള്‍ക്കും പ്രവാസികള്‍ക്കും പുറമെ നിരവധി വിദേശ വിനോദസഞ്ചാരികളും മ്യൂസിയത്തിലെത്തി.

ഖത്തറിന്റെ ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമെല്ലാം കൂടുതല്‍ അറിയാനും മനസിലാക്കാനും മ്യൂസിയം സന്ദര്‍ശനം സഹായിച്ചതായി ഫിലിപ്പിനോ പ്രവാസി ലിയോ ജോണ്‍ ദി പെനിന്‍സുലയോടു പ്രതികരിച്ചു.

ഖത്തറിന്റെ പഴയകാലഘട്ടത്തെക്കുറിച്ചുള്ള പല കാര്യങ്ങളെക്കുറിച്ചും തനിക്ക് അറിവുണ്ടായിരുന്നില്ലെന്നും അവയെല്ലാം അറിയാന്‍ സന്ദര്‍ശനം സഹായിച്ചതായും മറ്റൊരു സന്ദര്‍ശക നാജില പറഞ്ഞു.

ഈദ് അവധിദിനങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതുവരെയായിരുന്നു മ്യൂസിയത്തിന്റെ പ്രവര്‍ത്തനം. മ്യൂസിയത്തിലെ ദൃശ്യ- ശ്രാവ്യ അവതരണങ്ങള്‍, ഡിജിറ്റല്‍ പ്രദര്‍ശനങ്ങള്‍, ചരിത്രപരമായ കരകൗശലവസ്തുക്കള്‍ എന്നിവയെല്ലാം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

കമ്യൂണിറ്റി അംഗങ്ങള്‍ക്കായി നിരവധി ശില്‍പ്പശാലകള്‍, സംവാദങ്ങള്‍, അവതരണങ്ങള്‍ എന്നിവയെല്ലാം ഇതിനോടകം സംഘടിപ്പിച്ചു. രാജ്യത്തെയും ജനങ്ങളെയും കൂടുതല്‍ അറിയാനും മനസിലാക്കാനും ആഗ്രഹിക്കുന്നവര്‍ക്കും താല്‍പര്യപ്പെടുന്നവര്‍ക്കും ഏറ്റവും ഉചിതമായ കേന്ദ്രമാണ് ദേശീയ മ്യൂസിയം.

കുടുംബങ്ങളുടെ പ്രിയ സന്ദര്‍ശക കേന്ദ്രമായും മ്യൂസിയം മാറിയിട്ടുണ്ട്. രാജ്യത്തിന്റെ സാംസ്‌കാരിക ഘടനയില്‍ സുപ്രധാനമായ പങ്കാണ് മ്യൂസിയം വഹിക്കുന്നത്. മാര്‍ച്ച് 28നാണ് മ്യൂസിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

ഉദ്ഘാടനത്തിനുശേഷം സ്വദേശികളും പ്രവാസികളും വിനോദസഞ്ചാരികളും ഉള്‍പ്പടെ നിരവധിപേരാണ് മ്യൂസിയം സന്ദര്‍ശിക്കാനെത്തിയത്. ഖത്തറിലെ ജനങ്ങളെയും രാജ്യാന്തര സന്ദര്‍ശകരെയും സ്വാഗതം ചെയ്യുന്നതില്‍ അത്യധികമായ സന്തോഷമുണ്ടെന്ന് മ്യൂസിയം ഡയറക്ടര്‍ ശൈഖ അംന ബിന്‍ത് അബ്ദുല്‍അസീസ് ബിന്‍ ജാസിം അല്‍താനി പറഞ്ഞു.

വേനലിലുടനീളം വിപുലമായ പരിപാടികളും പ്രോഗ്രാമുകളുമാണ് മ്യൂസിയത്തില്‍ നടക്കുന്നത്. പരമ്പരാഗത ഖത്തരി കരകൗശല വസ്തുക്കള്‍ക്കാണ് പരിപാടികളില്‍ ഊന്നല്‍. നിരവധി ശില്‍പ്പശാലകളും വേനല്‍ പരിപാടികളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. ഖത്തറിലെ പരമ്പരാഗത കരകൗശല വസ്തുക്കളുടെ സുപ്രധാന പങ്ക് ആഘോഷിക്കുന്നതിനായാണ് ശില്‍പ്പശാലകളും അവതരണങ്ങളും സംഘടിപ്പിക്കുന്നത്.

മ്യൂസിയം ഗ്യാലറികളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കളില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ശില്‍പ്പശാലകള്‍. രൂപകല്‍പ്പനയിലും അലങ്കാര ഘടനയിലുമാണ് ശില്‍പ്പശാല കേന്ദ്രീകരിച്ചിരിക്കുന്നത്. പ്രാദേശിക കരകൗശല സവിശേഷതയും ഖത്തരി സ്വത്വവും പ്രതിഫലിക്കുന്നതാണിവ.

ആഭരണനിര്‍മാണം, നെയ്ത്ത്, ജിപ്‌സം കൊത്തുപണി, നെറ്റ്- റോപ്പ് നിര്‍മാണം എന്നിവയില്‍ വര്‍ക്ക്‌ഷോപ്പുകളുണ്ടാകും. ഇവയെക്കുറിച്ച് വിശദമായി പഠിക്കാനും മനസിലാക്കാനും അവസരമുണ്ടായിരുന്നു. വേനല്‍പരിപാടികളുടെ ആദ്യഘട്ടം ആഗസ്ത് എട്ടുവരെയായിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ശൈഖ് ജാസിം കപ്പ് അല്‍സദ്ദിന്; അല്‍ദുഹൈലിനെ തോല്‍പ്പിച്ചു

ഹയാത് പ്ലാസ മാളിലെ ഈദ് ആഘോഷങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു