
ദോഹ: ഈദുല്‍ ഫിത്വര്‍ അവധിദിനങ്ങളില്‍ സന്ദര്‍ശകരെ സ്വീകരിക്കാന്‍ രാജ്യത്തെ പാര്‍ക്കുകള്‍ സജ്ജം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പബ്ലിക് പാര്‍ക്ക്സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തയാറെടുപ്പുകളും ക്രമീകരണങ്ങളുമെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. രാജ്യത്തെ മിക്ക പാര്‍ക്കുകളും ഈദ് അവധിദിനങ്ങളില്‍ അര്‍ധരാത്രി വരെ പ്രവര്‍ത്തിക്കും.
കുടുംബ സൗഹൃദ പാര്‍ക്കുകളുടെ ഉള്‍പ്പടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അല്‍ശമാല്‍ മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാര്‍ക്ക് വിഭാഗത്തിന്റെ നേത്വത്തില്‍ മുനിസിപ്പാലിറ്റി പരിധിയിലെ പാര്‍ക്കുകളുടെ ശുചീകരണം പൂര്‍ത്തിയാക്കി. സന്ദര്‍ശകരെ വരവേല്‍ക്കാന്‍ സജ്ജമായി, പാര്‍ക്കിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. കളിസ്ഥലങ്ങള്‍, നടപ്പാതകള്‍ എന്നിവയെല്ലാം കഴുകി വൃത്തിയാക്കി.
വാട്ടര്‍കൂളറുകള്‍, തെരുവുവിളക്കുകള്‍ എന്നിവയുടെയെല്ലാം അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കി. പൊതുപാര്‍ക്കുകള്‍ ഈദുല്‍ ഫിത്വര്‍ അവധിദിനങ്ങളില്‍ രാവിലെ എട്ടു മുതല്‍ രാത്രി പന്ത്രണ്ടുവരെ പ്രവര്‍ത്തിക്കും. അല്ശഹാനിയ മുനിസിപ്പാലിറ്റിയിലെ പൊതുപാര്‍ക്കുകളും സന്ദര്‍ശകരെ സ്വീകരിക്കാന്‍ സജ്ജമാണ്. പാര്‍ക്കുകളിലെത്തുന്ന സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്തെ പൊതുപാര്‍ക്കുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.. രാജ്യത്ത് വര്‍ധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്താണ് പുതിയ പാര്‍ക്കുകള്‍ തുറന്നിരിക്കുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ പൊതുപാര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുറന്നിരിക്കുന്നത് 94 പൊതുപാര്ക്കുകളാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 51 പുതിയ പാര്‍ക്കുകള്‍ നിര്‍മിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ പാര്‍ക്കുകള്‍ സ്ഥിതി ചെയ്യുന്നത് ദോഹ മുനിസിപ്പിലാറ്റിയിലാണ്, 40 പാര്‍ക്കുകളാണ് ദോഹയിലുള്ളത്. അല്‍റയ്യാനില്‍ 20 പാര്‍ക്കുകളുമുണ്ട്. അല്‍ഖോര്‍- അല്‍ദഖീറ, അല്‍ദായേന്‍ മുനിസിപ്പാലിറ്റികളില്‍ ഏഴു വീതം പാര്‍ക്കുകളുണ്ട്. അല്വഖ്റയിലും ഉംസലാലിലും ആറു വീതവും അല്ശമാലില് അഞ്ചു പാര്‍ക്കുകളുമുണ്ട്.
ഏറ്റവും കുറവ് പാര്‍ക്കുകള്‍ അല്ശഹാനിയയിലാണ്, മൂന്നെണ്ണം മാത്രം. പൊതുപാര്ക്കുകളില്ലാത്ത സ്ഥലങ്ങളില്‍ പുതിയ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. എല്ലാ പാര്‍ക്കുകളും സ്മാര്‍ട് പാര്‍ക്കുകളാക്കി പരിവര്‍ത്തിപ്പിക്കുകയാണ്.