
ദോഹ: ദോഹ എക്സിബിഷന് ആന്റ് കണ്വന്ഷന് സെന്ററിലെ വിനോദനഗരം ഈദുല്‍അദ്ഹ ആഘോഷങ്ങള്‍ക്കായി വീണ്ടും തുറന്നു. ‘സമ്മര്‍ ഇന്‍ ഖത്തര്‍’ സീസണിന്റെ ഭാഗമായി ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ സജ്ജമാക്കിയ വിനോദനഗരത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നേരത്തെ സമാപിച്ചിരുന്നു.
ഈദുല്‍ഫിത്വറിന്റെ ഒന്നാംദിനമായ ജൂണ്‍ നാലിനു പ്രവര്‍ത്തനം തുടങ്ങിയ വിനോദനഗരത്തിന് ജൂലൈ 13നാണ് കൊടിയിറങ്ങിയത്. ഒരുമാസത്തിലധികം നീണ്ട വിനോദനഗരത്തില്‍ 60,000ഓളം പേര് സന്ദര്‍ശിച്ചു. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുകയും ചെയ്തു.
ഈദുല്‍ അദ്ഹ ആഘോഷങ്ങള്‍ക്കായാണ് വിനോദനഗരം വീണ്ടും തുറന്നത്. ഈ വര്‍ഷത്തെ ഈദുല്‍അദ്ഹ ആഘോഷങ്ങളില്‍ പൗരന്മാരുടെയും പ്രവാസികളുടെയും വര്‍ധിച്ച പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് സുഗമമായി നീങ്ങാവുന്ന വിധത്തിലാണ് വിനോദനഗരത്തിലെ പരിപാടികള്‍ ക്രമീകരിച്ചിരുന്നത്. കുട്ടികളെയും കുടുംബങ്ങളെയും ആകര്‍ഷിക്കുന്ന രീതിയിലാണ് വിനോദനഗരം സജ്ജമാക്കിയിരുന്നത്.
29,000 സ്ക്വയര്മീറ്ററിലായിട്ടാണിത്. 6000 സ്ക്വയര്‍ മീറ്ററിലായി വിര്‍ച്വല്‍ റിയാലിറ്റി-ഗെയിമിങ് സോണും സന്ദര്‍ശകരെ ആകര്‍ഷിച്ചു. കഴിഞ്ഞവര്‍ഷം 800 സ്വ്കയര്മീറ്ററിലായിരുന്നു വിആര്‍- ഗെയിമിങ് സോണ്‍. മികച്ച പ്രതികരണത്തിന്റെയും ആവശ്യകത വര്‍ധിച്ചതിന്റെയും പശ്ചാത്തലത്തിലാണ് ഇത്തവണ കൂടുതല്‍ വിശാലമാക്കിയത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന പരിപാടികളാണ് കഴിഞ്ഞ ഒരുമാസക്കാലത്തിലധികമായി ഇവിടെ നടന്നത്. ബൗണ്‍സി കാസ്റ്റില്‍സ്, മിനി ഗോള്‍ഫ് കോഴ്സ്, റൈഡുകള്‍, സ്കില്‍ ഗെയിമുകള്‍, വീഡിയോ ഗെയിമുകള്‍, തല്‍സമയ വിനോദഷോകള്, ഭക്ഷ്യ- പാനീയ- ഷോപ്പിങ് സൗകര്യങ്ങള്‍ എന്നിവ ക്രമീകരിച്ചിരുന്നു. 85ലധികം ഗെയിമുകളാണ് ഇവിടെയുള്ളത്.
കഴിഞ്ഞ ദിവസം കുട്ടികളും കുടുംബങ്ങളുമായി നിരവധിപേരാണ് വിനോദനഗരം സന്ദര്‍ശിക്കാനെത്തിയത്. 47 ഓളം ഫുഡ് ഔട്ട്ലെറ്റുകളാണുണ്ടായിരുന്നത്. ഇതില്‍ 70ശതമാനവും പ്രാദേശിക ഔട്ട്ലെറ്റുകളാണ്. വിനോദ നഗരത്തിലെ റീട്ടെയ്ല്‍ വിഭാഗത്തിലും സന്ദര്ശകത്തിരക്കുണ്ടായിരുന്നു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാരുടെ തല്‍സമയ പ്രകടനവും കാണികളെ ആകര്‍ഷിച്ചു. ഈദുല്‍ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായും വിനോദനഗരത്തില്‍ ഈ പരിപാടികളുണ്ടാകും.
വിനോദനഗരത്തില്‍ ഈദ് ദിനങ്ങളില്‍ കൂടുതല്‍ വര്‍ധിച്ച പരിപാടികളുണ്ടാകുമെന്ന് ക്യുസ്പോര്ട്സ് മീഡിയ മാനേജര്‍ ഖാസി യൂസ്രി ചൂണ്ടിക്കാട്ടി. ജൂണ്‍ നാലു മുതല്‍ ജൂലൈ 13വരെയുള്ള കാലയളവില്‍ വന്‍ സന്ദര്‍ശക ബാഹുല്യമായിരുന്നു. കുട്ടികളുടെയും കുടുംബങ്ങളുടെയും പ്രിയകേന്ദ്രമായിരുന്നു. രണ്ടാംഘട്ടത്തില്‍ ആഗസ്ത് 23വരെ വിനോദനഗരം പ്രവര്‍ത്തിക്കും.
ഉച്ചക്ക് ഒന്നു മുതല്‍ രാത്രി പതിനൊന്നുവരെയായിരിക്കും പൊതുജനങ്ങള്‍ക്ക് പ്രവേശനം. പ്രവേശന ഫീസ് 15 റിയാലാണ്. സന്ദര്‍ശകര്‍ക്ക് 165 റിയാലിന് ഗോള്ഡ്പാസും 165 റിയാലിന് ഗെയിമിങ് പാസും 999 റിയാലിന് സീസണ് പാസും 1250 റിയാലിന് സീസണ് ഗെയിമിങ് പാസും നേടാനാകും.