in ,

ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ് നവീകരണം: 2.5 കിലോമീറ്റര്‍ റോഡ് തുറന്നു

ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ് വിപുലീകരണ പദ്ധതിയുടെ ഭാഗമായി രണ്ടര കിലോമീറ്റര്‍ റോഡ് ഗതാഗതത്തിനായി തുറന്നപ്പോള്‍

ഖത്തറിലെ ദൈര്‍ഘ്യമേറിയ രണ്ടാമത്തെ പാലം

ദോഹ: ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ് വിപുലീകരണ നവീകരണ പദ്ധതിയുടെ ഭാഗമായി രണ്ടര കിലോമീറ്റര്‍ കാര്യേജ് വേ ഗതാഗതത്തിനായി തുറന്നു. നിശ്ചയിച്ച തീയതിക്കു രണ്ടു മാസം മുന്‍പുതന്നെ നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുക്കാനായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. ഖത്തറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ പാലം ഉള്‍പ്പടെയാണ് നവീകരണം പൂര്‍ത്തിയാക്കി തുറന്നത്. 1.7 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പാലം. ഉദ്ഘാടനച്ചടങ്ങില്‍ അശ്ഗാല്‍ പദ്ധതികാര്യ വിഭാഗം ഡയറക്ടര്‍ എന്‍ജിനിയര്‍ യൂസഫ് അല്‍ ഇമാദിയും ഹൈവേ പദ്ധതി വകുപ്പ് മാനേജര്‍ എന്‍ജിനിയര്‍ ബാദെര്‍ ദാര്‍വിഷും നിരവധി അശ്ഗാല്‍ ഉദ്യോഗസ്ഥരും എന്‍ജിനീയര്‍മാരും കരാറുകാരും പങ്കെടുത്തു.
ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡില്‍ ഈസ്റ്റ് 33 സ്ട്രീറ്റ് ഇന്റര്‍ചേഞ്ചിനും ജി-റിങ് റോഡില്‍ അബ അല്‍സലീല്‍ ഇന്റര്‍ചേഞ്ചിനും ഇടയിലായാണ് രണ്ടര കിലോമീറ്റര്‍ ദൂരത്തില്‍ നവീകരണം നടപ്പാക്കിയത്. 2020ന്റെ ഒന്നാം പാദത്തില്‍ പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ നേരത്തെ തന്നെ പൂര്‍ത്തീകരിക്കാനായി. ഹമദ് തുറമുഖം റോഡ്, ജി റിങ്് റോഡ്, ഇന്‍ഡസ്ട്രിയല്‍ ഏരിയ റോഡ്, സല്‍വാ റോഡ്, അല്‍ ഫുറൂസിയ സ്ട്രീറ്റ് എന്നിവയ്ക്കിടയില്‍ ഗതാഗതം കൂടുതല്‍ സുഗമമാക്കുന്നതിനും വാഹനങ്ങളുടെ തടസമില്ലാത്ത ഒഴുക്കു സാധ്യമാക്കുന്നതിനും ഇതിലൂടെ സാധിക്കും. ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ് പദ്ധതിയുടെ 87ശതമാനം പൂര്‍ത്തിയായതായി അശ്ഗാല്‍ അറിയിച്ചു. ശേഷിക്കുന്ന ഭാഗങ്ങള്‍ 2020 രണ്ടാം പാദത്തിനുള്ളില്‍ തുറക്കും.
പ്രധാനപാതയുടെ നവീകരണം, ക്യാരേജ് വേ നിലവിലെ രണ്ടു ലൈനുകളില്‍നിന്ന് എല്ലാ ദിശകളിലേക്കും മൂന്നും നാലും ലൈനുകള്‍ വീതമായി ഉയര്‍ത്തല്‍ എന്നിവക്കു പുറമെ മൂന്നു റൗണ്ട്എബൗട്ടുകള്‍ ഗ്രേഡ് ഇന്റര്‍സെക്ഷനുകളായി പരിവര്‍ത്തിപ്പിക്കല്‍, രണ്ടു സൈക്കിള്‍, കാല്‍നടയാത്രക്കാര്‍ക്കായുള്ള അണ്ടര്‍പാസുകളുടെ നിര്‍മാണം എന്നിവയാണ് നിര്‍മാണപദ്ധതിയില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. ഈ വര്‍ഷം അല്‍മജ്ദ് റോഡ്, അല്‍ഖോര്‍ റോഡ്, മറ്റു സുപ്രധാന റോഡുകള്‍ എന്നിവ തുറന്നതിനു പുറമെയാണ് ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ് പദ്ധതി ഗതാഗതത്തിനായി തുറന്നതെന്ന് എന്‍ജിനിയര്‍ യൂസുഫ് അല്‍ഇമാദി പറഞ്ഞു. ദോഹയുടെ ഹൃദയഭാഗത്തേക്കു പ്രവേശിക്കാതെതന്നെ രാജ്യത്തിന്റെ ദക്ഷിണമേഖലയെ ദോഹയുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. യാത്രസമയം 80ശതമാനത്തിലേറെ കുറക്കാനാകും.
ഗതാഗതത്തിനായി തുറന്ന പാലം ഖത്തറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പാലമാണ്, 1.7 കിലോമീറ്ററാണ് ദൂരം. മീസൈദ്, അല്‍വഖ്‌റ, അല്‍വുഖൈര്‍ തുടങ്ങി തെക്കന്‍ മേഖലകളില്‍ നിന്നും വരുന്നവര്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഏരിയ, സല്‍വാ റോഡ്, അല്‍ഫുറൂസിയ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കും റയ്യാനിലേക്കും ഗറാഫയിലേക്കുമുള്ള സുപ്രധാനമായ ലിങ്കാണ് ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സ്ട്രീറ്റ് വിപുലീകരണപദ്ധതിയെന്ന് എന്‍ജിനിയര്‍ ബാദെര്‍ ദാര്‍വിഷ് പറഞ്ഞു. പദ്ധതിയില്‍ ഖത്തരി ഘടകം വ്യക്തമാണ്.
പദ്ധതിയുടെ നിര്‍മാണത്തിനായി ഉപയോഗിച്ചവയില്‍ 70ശതമാനവും പ്രാദേശിക നിര്‍മാണസാമഗ്രികളാണ്. പ്രാദേശിക എന്‍ജിനിയര്‍മാരും പദ്ധതി നിര്‍വഹണത്തില്‍ സുപ്രധാന പങ്ക് വഹിച്ചു. പ്രധാന റോഡിന്റെ ഇരുദിശകളിലുമായി മണിക്കൂറില്‍ 12,000 വാഹനങ്ങളെ ഉള്‍ക്കൊള്ളാനാകും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഷിറാസ് സിതാരക്ക് പ്രവാസക്കാഴ്ച പുരസ്‌കാരം

നവംബറില്‍ വാണിജ്യ വ്യാപാരമിച്ചം 12.5 ബില്യണ്‍ റിയാല്‍