in

ഉംസലാലില്‍ പുതിയ അറവുശാല റമദാന് മുന്‍പ് തുറക്കും

ദോഹ: ഉംസലാലില്‍ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ അറവുശാല സജ്ജമാകുന്നു. ഭക്ഷ്യോത്പാദന കാര്‍ഷിക മേഖലയിലെ പ്രമുഖ പ്രാദേശിക ഭക്ഷ്യ കമ്പനിയായ ഹസാദ് ഫുഡ്സിന്റെ നേതൃത്വത്തിലാണ് പുതിയ അറവുശാല. രാജ്യത്തുടനീളമായി പുതിയ അറവുശാലകള്‍ തുറക്കുകയെന്ന കര്‍മ്മപദ്ധതിയുടെ ഭാഗമായാണ് ഉംസലാലില്‍ പുതിയ അറവുശാല. റമദാനു മുന്‍പായി ഈ അറവുശാലയുടെ പ്രവര്‍ത്തനം തുടങ്ങും. രാജ്യത്തിന്റെ വര്‍ധിച്ചുവരുന്ന മാംസ ആവശ്യകത നിറവേറ്റുന്നതിനും ഉപഭോക്താക്കള്‍ക്ക് വേഗത്തിലും സമയബന്ധിതമായും സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നതിനുമായാണ് പുതിയ അറവുശാലകള്‍ തുറക്കുന്നത്.
പ്രതിദിനം 700 മൃഗങ്ങളെ അറക്കാന്‍ ശേഷിയുള്ളതാണ് ഉംസലാലിലെ അറവുശാല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. റമദാനു മുമ്പുതന്നെ തുറക്കുകയാണ് ലക്ഷ്യം. അല്‍ഷഹാനിയയിലും പുതിയ അറവുശാലയുടെ നിര്‍മാണം പുരോഗമിക്കുന്നു. ഈ അറവുശാല ഈദുല്‍ അദ്ഹക്ക് മുമ്പായി തുറക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിദിനം 600 മൃഗങ്ങളെ അറക്കാന്‍ ശേഷിയുള്ള അറവുശാലയില്‍ അത്യാധുനിക സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും സജ്ജമാക്കും. ചെമ്മരിയാടുകള്‍, ഒട്ടകങ്ങള്‍, പശുക്കള്‍ എന്നിവയെയാണ് ഇവിടെ അറക്കുന്നത്. പുതിയ അറവുശാലകള്‍ തുറക്കുന്നതോടെ ഈദ് ദിനങ്ങളിലെ തിരക്ക് പരിഹരിക്കാന്‍ കഴിയും.
അല്‍ഖോര്‍, അല്‍ഷമാല്‍ മേഖലകളിലെ അറവുശാലകളെക്കുറിച്ച് വിലയിരുത്തല്‍ പഠനം നടക്കുകയാണെന്ന് ഹസാദ് സിഇഒ എന്‍ജിനീയര്‍ മുഹമ്മദ് അല്‍സദ പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യം നിറവേറ്റുന്നതിനായി കൂടുതല്‍ സ്ഥലങ്ങളില്‍ അറവുകേന്ദ്രങ്ങള്‍ തുറക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. അടുത്തിടെ പ്രവര്‍ത്തനം തുടങ്ങിയ അല്‍ വഖ്‌റ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഓട്ടോമേറ്റഡ് അറവുശാലയുടെ ശേഷി ഉടന്‍തന്നെ വര്‍ദ്ധിപ്പിക്കും. 14,000 ചതുരശ്ര മീറ്ററിലുള്ള അറവുശാലയില്‍ നിലവില്‍ പ്രതിദിനം ശരാശരി 2,400 മൃഗങ്ങളെ കശാപ്പ് ചെയ്യാനുള്ള ശേഷിയുണ്ട്.
പ്രതിദിനം 9,000 കന്നുകാലികളെ കശാപ്പ് ചെയ്യാന്‍ കഴിയുന്ന വിധം ഉടന്‍ ശേഷി വര്‍ധിപ്പിക്കും. കൂടാതെ പശുക്കള്‍, ഒട്ടകങ്ങള്‍ എന്നിവയുടെ കശാപ്പിനായി ഒരു ലൈന്‍ കൂടി നിര്‍മിക്കും. തിരക്കേറിയ സമയങ്ങളെ കൈകാര്യം ചെയ്യാന്‍ വേണ്ടിയാണ് അധിക ലൈന്‍ നിര്‍മിക്കുന്നത്. തിരക്കേറിയ സീസണില്‍ പ്രതിദിനം 6,000ത്തിലധികം മൃഗങ്ങളെയാണ് അറവുശാലകളില്‍ കശാപ്പ് ചെയ്യുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ദോഹ മെട്രോ ഉപയോക്താക്കള്‍ക്ക് സൗജന്യ ടെന്നീസ് മത്സര ടിക്കറ്റുകള്‍

അല്‍ഖോര്‍ പാര്‍ക്കില്‍ സന്ദര്‍ശകപ്രവാഹം