in ,

ഉം ലെഖ്ബ ഇന്റര്‍ചേഞ്ച് വര്‍ഷാവസാനത്തോടെ ഭാഗികമായി തുറക്കും

ഖത്തറിലെ ഏറ്റവും വലിയ ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 72% പൂര്‍ത്തിയായി

ദോഹ: സബാഹ് അല്‍അഹമ്മദ് ഇടനാഴി പദ്ധതിയുടെ ഭാഗമായ ഉം ലെഖ്ബ ഇന്റര്‍ചേഞ്ച് വര്‍ഷാവസാനത്തോടെ ഭാഗികമായി തുറക്കും. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. ലാന്റ്മാര്‍ക്ക് ഇന്റര്‍സെക്ഷനെന്നും അറിയപ്പെടുന്ന ഖത്തറിലെ ഏറ്റവും വലിയ ഇന്റര്‍ചേഞ്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ 72% പൂര്‍ത്തിയായിട്ടുണ്ട്.

വിസ്തൃതവും സുപ്രധാനവുമായ ഇന്റര്‍ചേഞ്ചിന്റെ വിവിധ ഭാഗങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ തുറക്കുമെന്നും ബാക്കി ഭാഗങ്ങള്‍ 2020 അവസാനം വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി ഗതാഗതത്തിനായി തുറക്കുമെന്നും അശ്ഗാല്‍ പ്രോജക്ട് എഞ്ചിനീയര്‍ അലി ഇബ്രാഹിം പറഞ്ഞു.

11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഇന്റര്‍ചേഞ്ച് ഖത്തറിലെ ഏറ്റവും വലുപ്പമേറിയതാണ്. നാല് ലെവലുകളുള്ള ഇന്റര്‍ചേഞ്ച് ഖത്തറിലെ ആദ്യത്തേതാണെന്ന പ്രത്യേകതയുമുണ്ട്. ഒന്‍പത് പാലങ്ങളാണ് പദ്ധതിയിലുള്ളത്. എല്ലാ ദിശകളിലേക്കും ഗതാഗതം സുഗമമാക്കുന്നതാണ് ഈ ഇന്റര്‍ചേഞ്ച്. മണിക്കൂറില്‍ 20,000ലധികം വാഹനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇന്റര്‍ചേഞ്ചിന് സാധിക്കും. ഒന്‍പത് പാലങ്ങളില്‍ അഞ്ചെണ്ണത്തിന് ഒരു ദിശയില്‍ രണ്ട് പാതകളുണ്ട്.

ശേഷിക്കുന്ന പാലങ്ങള്‍ക്ക് ഒരു ദിശയില്‍ ഒരു പാതയുമാണുള്ളത്. ഖത്തറിലെ ഏറ്റവും ഉയരമേറിയ രണ്ടാമത്തെ ഇന്റര്‍ചേഞ്ച് കൂടിയാണിത്. ജി-റിങ് റോഡിലെ ഉംബിഷര്‍ ഇന്റര്‍ചേഞ്ചാണ് ഏറ്റവും ഉയരമേറിയത്. 36 മീറ്ററാണ് ഈ ഇന്റര്‍ചേഞ്ചിന്റെ ഉയരം. തന്ത്രപ്രധാനമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഉംലെഖ്ബ ഇന്റര്‍ചേഞ്ച് ദോഹയുടെ വടക്കന്‍ കവാടമെന്നും വിതരണകേന്ദ്രമെന്നും അറിയപ്പെടുന്നു.

ദോഹ എക്‌സ്പ്രസ് വേ, അല്‍ മര്‍ഖിയ സ്ട്രീറ്റ്, സബാഹ് അല്‍അഹമ്മദ് ഇടനാഴി എന്നിവയുമായി അല്‍ശമാല്‍ റോഡിനെ വിഭജിക്കുന്ന സുപ്രധാന സ്ഥലത്താണ് ഇന്റര്‍ചേഞ്ച് സ്ഥിതി ചെയ്യുന്നത്. മാത്രമല്ല ജനസാന്ദ്രതയേറിയ സ്ഥലത്താണ് ഇന്റര്‍ചേഞ്ചെന്നതും പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കാര്യക്ഷമമായ വാണിജ്യപ്രവര്‍ത്തനങ്ങള്‍, വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ, ആരോഗ്യകേന്ദ്രങ്ങള്‍, വാണിജ്യവിപണികള്‍ എന്നിവയെല്ലാം ഇവിടെയുണ്ട്.

2020 അവസാന പാദത്തില്‍ പൂര്‍ത്തിയാകുന്നതോടെ പുതിയ ഇന്റര്‍ചേഞ്ച് ഇവിടത്തെ ഗതാഗതം ഗണ്യമായി മെച്ചപ്പെടും. ഗതാഗത യാത്രാ സമയത്തില്‍ 70 ശതമാനത്തിലധികം കുറക്കാനും ഇതിലൂടെ സാധിക്കും. ഇത് ദോഹ എക്‌സ്പ്രസ് ഹൈവേയിലെ സമ്മര്‍ദ്ദം കുറയ്ക്കും. പ്രത്യേകിച്ചും ഇമിഗ്രേഷന്‍, അല്‍ദുഹൈല്‍ ഇന്റര്‍സെക്ഷനുകള്‍ എന്നറിയപ്പെടുന്ന അല്‍ഗരാഫ ഇന്റര്‍ചേഞ്ചിലെ തിരക്ക് കുറക്കാനാകും.

ദോഹ കോര്‍ണിഷ്, മാര്‍ഖിയ, മദീനത്ത് ഖലീഫ, ദുഹൈല്‍ എന്നിവിടങ്ങളില്‍ നിന്നും അല്‍ശമാല്‍ റോഡ്, സബാഹ് അല്‍അഹമ്മദ് ഇടനാഴി, അല്‍ഗരാഫ, ഗര്‍റാഫത്ത് അല്‍ റയ്യാന്‍ എന്നീ ദിശകളിലൂടെ അല്‍ലുഖ്ത, അല്‍റയ്യാന്‍ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതത്തിനും ഇന്റര്‍ചേഞ്ച് സഹായിക്കും.


അല്‍മര്‍ഖിയ സ്ട്രീറ്റിനും സബാഹ് അല്‍അഹമ്മദ് ഇടനാഴിക്കും ഇടയില്‍ 700 മീറ്റര്‍ നീളമുള്ള അടിപ്പാത ഉള്‍ക്കൊള്ളുന്നതാണ് പുതിയ ജംക്ഷന്‍. ലാന്റ്മാര്‍ക്ക്, എസ്ദാന്‍ മാളുകളോടു ചേര്‍ന്നുള്ള രണ്ട് ലൂപ്പ് ബ്രിഡ്ജുകളോടെയുള്ള ഗ്രൗണ്ട് ലെവല്‍, സബാഹ് അല്‍അഹമ്മദ് ഇടനാഴിയെ അല്‍ശമാല്‍ റോഡിലേക്ക് ബന്ധിപ്പിക്കുന്ന നാലു പാലങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

അല്‍ശമാല്‍ റോഡിലേക്കും പുറത്തേക്കും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിന് മൂന്നു പാലങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. അല്‍ഗരാഫയെ ദോഹയിലേക്കും അല്‍ശമാല്‍ റോഡിനെ സബാഹ് അല്‍അഹമ്മദ് ഇടനാഴിയുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലങ്ങള്‍. സംയോജിത കുടിവെള്ള ശൃംഖല, വൈദ്യുതി ജല ശുദ്ധീകരണ ലൈനുകള്‍, സംയോജിത മഴവെള്ള- സര്‍വീസ് വാട്ടര്‍ ഡ്രെയിനേജ്, മലിനജല ഡ്രെയിനേജ് ശൃംഖല, വിവിധ ആശയവിനിമയ ശൃംഖലകളും ഫൈബര്‍ ഒപ്റ്റിക്‌സും വികസിപ്പിക്കല്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്.

കൂടാതെ ഇന്റര്‍ചേഞ്ചില്‍ അത്യാധുനിക ഇന്റലിജന്റ് ഗതാഗത സംവിധാനവും ഉള്‍പ്പെടും. നിരീക്ഷണ ക്യാമറകള്‍, വാഹന നമ്പര്‍ മോണിറ്റര്‍, വാഹന വര്‍ഗീകരണം, അടിയന്തര ഗതാഗത സംവിധാനം എന്നിവയെല്ലാം ഇന്റലിജന്റ് സംവിധാനത്തിന്റെ ഭാഗമാണ്. ഈ സംവിധാനം ഖത്തറിലെ ഗതാഗതത്തിന് സുപ്രധാന സൗകര്യങ്ങളും നിയന്ത്രണവും നല്‍കും.

അല്‍ശമാല്‍ റോഡിന്റെ ഏറ്റവും തിരക്കേറിയ ഭാഗമായതിനാലും വലിയ ഷോപ്പിങ്‌സെന്ററുകളുള്ളതിനാലും ഉം ലെഖ്ബ ഇന്റര്‍ചേഞ്ചിന്റെ നിര്‍മ്മാണത്തില്‍ നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. ശമാല്‍ റോഡിലെ ഗതാഗതത്തിന് തടസമുണ്ടാകാത്തവിധത്തില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്ന വിധത്തിലാണ് നിര്‍മാണപ്രവര്‍ത്തികള്‍ ആസൂത്രണം ചെയ്തത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

വെസ്റ്റ്ഏഷ്യന്‍ പാരാഗെയിംസ്: ഗോള്‍ബോളില്‍ ഖത്തറിന് സ്വര്‍ണം

ആപ്പിള്‍ ഐഫോണ്‍ 11, 11 പ്രോ ഫോണുകളുടെ മുന്‍കൂര്‍ ഓര്‍ഡര്‍ തുടങ്ങി