Monday, August 10ESTD 1934

ഉച്ചകോടിയില്‍ പ്രതീക്ഷ വെച്ച് അറബ് നയതന്ത്രലോകം

ദോഹ: സഊദി തലസ്ഥാനമായ റിയാദില്‍ നടക്കുന്ന ജിസിസി ഉച്ചകോടിയുടെ തയാറെടുപ്പുകളുടെ ഭാഗമായി ഇന്നലെ റിയാദില്‍ ചേര്‍ന്ന ജിസിസി മന്ത്രിതലയോഗത്തില്‍ ഖത്തര്‍ പങ്കെടുത്തു. മിനിസ്റ്റീരിയല്‍ പ്രിപ്പറേറ്ററി കൗണ്‍സിലിന്റെ 145-ാമത് സെഷനില്‍ ഖത്തര്‍ സംഘത്തിന് വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍മുറൈഖി നേതൃത്വം നല്‍കി. ഗള്‍ഫ് പ്രതിസന്ധിക്ക് ഉച്ചകോടിയില്‍ പരിഹാരമുണ്ടാകുമോയെന്നാണ് അറബ് നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്.
ഉപരോധം സംബന്ധിച്ച ചര്‍ച്ചകള്‍ ഉച്ചകോടിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍ത്തന്നെയും അംഗരാജ്യങ്ങള്‍ക്കിടയില്‍ സഹോദര’ ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനം ഏകദിന ഉച്ചകോടിയില്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇനിയും നിരവധി തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ടെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 2017 ജൂണ്‍ മുതലാണ് സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാജ്യങ്ങള്‍ ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം. എല്ലാ ആരോപണങ്ങളെയും ഖത്തര്‍ തള്ളിക്കളഞ്ഞിരുന്നു. സമീപകാല സംഭവവികാസങ്ങള്‍, ഉപരോധരാജ്യങ്ങളും ഖത്തറും തമ്മിലുള്ള ബന്ധത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
പ്രശ്‌ന പരിഹാരശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസം ഖത്തര്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി സഊദിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച റോമില്‍ നടന്ന വിദേശ നയ സമ്മേളനത്തില്‍ സംസാരിക്കവെ ഖത്തര്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച സ്ഥിരീകരിച്ചു. ഞങ്ങള്‍ ഒരു പ്രതിസന്ധിയില്‍ നിന്ന് ചില പുരോഗതിയിലേക്ക് മാറിയിരിക്കുന്നു. ചില ചര്‍ച്ചകള്‍ ഞങ്ങള്‍ക്കും പ്രത്യേകിച്ച് സഊദിക്കും ഇടയില്‍ നടന്നു- അദ്ദേഹം പറഞ്ഞു.ഈ ചര്‍ച്ചകള്‍ പുരോഗതിയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവിടെ പ്രതിസന്ധിക്ക് ഒരു അന്ത്യം കാണാന്‍ കഴിയും- അദ്ദേഹം സൂചിപ്പിച്ചു. ഖത്തര്‍ ആതിഥ്യംവഹിച്ച 24-ാമത് ഗള്‍ഫ് കപ്പില്‍ പങ്കെടുക്കാനുള്ള സഊദി, യുഎഇ, ബഹ്‌റൈന്‍ രാജ്യങ്ങളുടെ അവസാനനിമിഷത്തെ തീരുമാനം പ്രതിസന്ധി ഇല്ലാതാക്കാന്‍ തുടങ്ങിയതിന്റെ മറ്റൊരു അടയാളമായിരുന്നു. വ്യോമനിയന്ത്രണങ്ങള്‍ക്കിടയിലും സഊദി ഫുട്‌ബോള്‍ ടീം ദോഹയിലേക്ക് നേരിട്ടുള്ള വിമാനമാര്‍ഗമാണ് എത്തിയത്. ഇത്തവണത്തെ ഉച്ചകോടി യുഎഇയിലാണ് നിശ്ചയിച്ചിരുന്നതെങ്കിലും റിയാദിലേക്ക് മാറ്റുകയായിരുന്നു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ഉച്ചകോടിയിലേക്ക് ക്ഷണിച്ചുകൊണ്ട് സഊദി സല്‍മാന്‍ രാജാവ് രേഖാമൂലമുള്ള സന്ദേശം അയച്ചെങ്കിലും ഉച്ചകോടിയില്‍ ആരാണ് പങ്കെടുക്കുകയെന്ന് ഖത്തര്‍ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം സഊദി തലസ്ഥാനത്ത് നടന്ന 39-ാമത് ജിസിസി ഉച്ചകോടിയില്‍ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖിയുടെ നേതൃത്വത്തിലുള്ള ഖത്തരി സംഘമാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്. ഉപരോധം പിന്‍വലിക്കുന്നതിന് 13ഇന ആവശ്യങ്ങള്‍ ഉപരോധരാജ്യങ്ങള്‍ മുന്നോട്ടുവെച്ചിരുന്നു. അല്‍ജസീറ മീഡിയ നെറ്റ്വര്‍ക്ക് അടച്ചുപൂട്ടല്‍, തുര്‍ക്കി സൈനിക താവളം അടച്ചുപൂട്ടുക, ഇറാനുമായുള്ള ബന്ധം കുറയ്ക്കുക എന്നിവ ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ യുക്തിസഹമല്ലെന്ന് ചൂണ്ടിക്കാട്ടി ഖത്തര്‍ തള്ളുകയായിരുന്നു. ഇപ്പോള്‍ അനുരഞ്ജനം നടന്നാല്‍ അത് പരിമിതമായിരിക്കുമെന്ന് വാഷിംഗ്ടണ്‍ ഡിസിയിലെ അറബ് സെന്ററിലെ ഗവേഷണ വിശകലന ഡയറക്ടര്‍ ഇമാദ് ഹാര്‍ബ് അല്‍ജസീറയോടു പ്രതികരിച്ചു.
ഖത്തറുമൊത്ത് പോകാന്‍ സഊഅറേബ്യ ആഗ്രഹിക്കുന്നു. ഇത് ഇനി തുടരാന്‍ സല്‍മാന്‍ രാജാവ് ആഗ്രഹിക്കുന്നില്ല. രാജ്യത്തിന്റെ പ്രതിച്ഛായയെയും പ്രശസ്തിയെയും വ്രണപ്പെടുത്തുന്നു- ഹാര്‍ബ് ചൂണ്ടിക്കാട്ടി. മറ്റൊന്ന് ഖത്തറുമായി പൂര്‍ണമായ അനുരഞ്ജനം നടത്താന്‍ യുഎഇ ഇപ്പോഴും വിമുഖത കാണിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

error: Content is protected !!