in ,

ഉത്പാദനക്ഷമതയുള്ള കുടുംബങ്ങളെ പിന്തുണക്കുന്നതിന് സമ്മാനം പ്രഖ്യാപിച്ചു

ദോഹ: ഉത്പാദനക്ഷമതയുള്ള കുടുംബങ്ങളെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ആറു ലക്ഷം റിയാലിന്റെ സമ്മാനം പ്രഖ്യാപിച്ചു. ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ചാണ് ഇത്തരമൊരു നൂതനമായ സമ്മാനം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട സഹകരണ കരാറില്‍ ഇരുകൂട്ടരും ഒപ്പുവെച്ചു. ഡിസംബര്‍ 14 മുതല്‍ 17വരെ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടക്കുന്ന ഉത്പാദന കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രദര്‍ശനം അസ്വാഖി(ബസാര്‍)നോടനുബന്ധിച്ചാണ് പുരസ്‌കാരം.
ഉത്പാദനക്ഷമമായ 76 കുടുംബങ്ങളുടെ പങ്കാളിത്തം അസ്വാഖിലുണ്ടാകും. മികച്ച ഉത്പാദന കുടുംബം, മികച്ച ഉത്പന്നം എന്നീ രണ്ടു വിഭാഗങ്ങളിലായാണ് ആറുലക്ഷം റിയാലിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. ഓരോ വിഭാഗത്തിലും മൂന്നു വീതം വിജയികളെ തെരഞ്ഞെടുക്കും. സമ്മാനത്തിനായി ആകെ 33 ഉത്പാദന കുടുംബങ്ങളാണ് മത്സരിക്കുന്നത്. മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 1490 കുടുംബങ്ങളില്‍നിന്നാണ് ഇവരെ തെരഞ്ഞെടുത്തിരിക്കുന്നത്.
സമ്മാനത്തിനായി മത്സരിക്കുന്ന പദ്ധതികള്‍ പ്രത്യേക ജൂറി വിലയിരുത്തല്‍ പ്രക്രിയയ്ക്ക് വിധേയമാക്കും, ഭരണവികസന തൊഴില്‍ സാമൂഹ്യകാര്യമന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം,ഖത്തര്‍ ചേംബര്‍, ഖത്തര്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ വര്‍ക്ക്, ഖത്തര്‍ ഡെവലപ്‌മെന്റ് ബാങ്ക്് എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ജൂറിയില്‍ അംഗങ്ങളായിരിക്കും. അടുത്ത ഞായറാഴ്ച വിജയികളെ പ്രഖ്യാപിക്കും. പ്രാദേശിക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിലൂടെയും അന്തര്‍ദ്ദേശീയപ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നതിലൂടെയും ഉത്പാദനക്ഷമമായ കുടുംബങ്ങളെയും അവരുടെ ഉത്പന്നങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാത്തരം പിന്തുണയും നല്‍കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഭരണവികസന തൊഴില്‍ സാമൂഹികകാര്യമന്ത്രാലയം വ്യക്തമാക്കി. കുടുംബങ്ങളെ സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും അവരുടെ സ്വന്തം വിഭവങ്ങളില്‍ നിന്ന് ഉല്‍പാദന സാമ്പത്തിക പദ്ധതികളുടെ ഉടമകളാകുന്നതിനും പ്രാപ്തരാക്കുന്നതിന് ഈ സമ്മാനപദ്ധതി സഹായിക്കുമെന്ന് ഖത്തര്‍ ചാരിറ്റി അറിയിച്ചു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മൈക്രോസോഫ്റ്റുമായി ചേര്‍ന്ന് ഖത്തറില്‍ ക്ലൗഡ് ഡാറ്റാ സെന്റര്‍

കെ.എം.സി.സി പേരാമ്പ്ര സമ്മേളനം: കെ.എന്‍.എ.ഖാദര്‍ പ്രഭാഷണം നടത്തും