
ദോഹ: ഖത്തറിനെതിരായ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിടയാക്കുന്നതായി വിദേശകാര്യ സഹ മന്ത്രി ലുലുവ ബിന്‍ത് റാഷിദ് അല്‍ഖാതിര്‍. ജനീവയില്‍ തുടങ്ങിയ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 43-ാമത് സെഷന്റെ ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. യോഗത്തില്‍ ഖത്തര്‍ സംഘത്തെ നയിക്കുന്നത് ലുലുവ അല്‍ഖാതിറാണ്. ഖത്തറിനെതിരായ ഉപരോധത്തിന്റെ പ്രത്യാഘാതങ്ങളും അടിച്ചേല്‍പ്പിച്ച ഏകപക്ഷീയ നടപടികളും മതപരവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍, സഞ്ചാര സ്വാതന്ത്ര്യം, മൗലിക സ്വാതന്ത്ര്യം എന്നിവയുമായി ബന്ധപ്പെട്ട നിരവധി മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇപ്പോഴും ഇടയാക്കുന്നതായി അവര്‍ പറഞ്ഞു. ഖത്തരി പൗരന്‍മാരെ അവരുടെ ഖത്തരി ദേശീയതയുടെ അടിസ്ഥാനത്തിലാണ് ലക്ഷ്യംവെക്കുകയും ലംഘനങ്ങള്‍ നടത്തുകയും ചെയ്യുന്നതെന്നത് സവിശേഷമായ ആശങ്കക്കിടയാക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ മനുഷ്യാവകാശ വ്യവസ്ഥകളുടെയും ഗുരുതരമായ ലംഘനമാണ്. പ്രത്യേകിച്ചും എല്ലാതരത്തിലുമുള്ള വംശീയ വിവേചനങ്ങളും ഇല്ലാതാക്കുന്നതിനുള്ള രാജ്യാന്തര കണ്‍വന്‍ഷന്റെ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും ലുലുവ അല്‍ഖാതിര്‍ ചൂണ്ടിക്കാട്ടി. സഊദിക്കും യുഎഇക്കുമെതിരെ ഖത്തര്‍ സമര്‍പ്പിച്ച പരാതികള്‍ പരിഗണിക്കുന്നതിനുള്ള അധികാരപരിധി, അംഗീകാരക്ഷമത എന്നിവ സംബന്ധിച്ച വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള സമിതിയുടെ രണ്ട് തീരുമാനങ്ങളെയും ഖത്തരി പൗരന്മാര്‍ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ച് അന്താരാഷ്ട്ര കോടതിയുടെ ഇടക്കാല നടപടികളെയും അല്‍ഖാതിര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ഇതുമായി ബന്ധപ്പെട്ട് യുഎഇക്കെതിരെ ഖത്തര്‍ സമര്‍പ്പിച്ച കേസ് ഇപ്പോഴും കോടതി പരിഗണിക്കുന്നുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
മനുഷ്യരാശിയുടെ അന്തസ്സ് വര്‍ദ്ധിപ്പിക്കുന്നതിനും അതിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വികസനം, സുരക്ഷ, ക്ഷേമം എന്നിവ നേടുന്നതിനുമുള്ള ഖത്തറിന്റെ ദേശീയ ശ്രമങ്ങളുടെ വിപുലീകരണമായാണ് മനുഷ്യാവകാശ കൗണ്‍സിലിലെ ഖത്തറിന്റെ അംഗത്വത്തെ കണക്കാക്കുന്നതെന്ന് അല്‍ഖാതിര്‍ പറഞ്ഞു. ഖത്തറിന്റെ ദേശീയ ശ്രമങ്ങള്‍ സ്ഥാപനങ്ങളുടെ പങ്ക് വര്‍ദ്ധിപ്പിക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. പല മേഖലകളിലും നിയമനിര്‍മ്മാണ ചട്ടക്കൂട് ശക്തിപ്പെടുത്തിയിട്ടുണ്ട്. ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനായി സജ്ജമാകുന്നതിനും തയാറെടുപ്പുകള്‍ക്കുമായി ഉന്നതതലസമിതി രൂപീകരിക്കാനുള്ള അമീരി തീരുമാനം, അന്താരാഷ്ട്ര ഉടമ്പടികളുമായി ദേശീയനിയമനിര്‍മാണം നടത്തുന്നതിന് കമ്മിറ്റി രൂപീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനം, സ്ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍, വികലാംഗര്‍ എന്നിവര്‍ക്കായുള്ള ദേശീയ സമിതി രൂപീകരിക്കാനുള്ള മന്ത്രിസഭയുടെ തീരുമാനം എന്നിവ ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടവയാണ്. കൂടാതെ, പ്രവാസി തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള നിയമനിര്‍മ്മാണ വ്യവസ്ഥയെ ഖത്തര്‍ വികസിപ്പിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുന്നു- അല്‍ഖാതിര്‍ ചൂണ്ടിക്കാട്ടി. ക്രിയാത്മക സഹകരണവും രാജ്യങ്ങളുമായും അന്താരാഷ്ട്ര സംഘടനകളുമായും നല്ല ഇടപെടലുമാണ് അന്താരാഷ്ട്ര തലത്തില്‍ ഖത്തറിന്റെ ബാഹ്യ ബന്ധത്തിന്റെ സവിശേഷത. സംഘര്‍ഷങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും സുസ്ഥിരമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ഖത്തര്‍ മധ്യസ്ഥത വഹിക്കുന്നു. ഇതില്‍ ഏറ്റവും പുതിയത് അമേരിക്കയും താലിബാനുമിടയിലെ ഖത്തറിന്റെ മധ്യസ്ഥതയാണ്, അഫ്ഗാനിസ്ഥാനില്‍ ദീര്‍ഘകാലമായി കാത്തിരുന്ന സുസ്ഥിര സമാധാനം കൈവരിക്കുന്നതില്‍ ഇത് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അല്‍ഖാതിര്‍ പറഞ്ഞു.