in ,

ഉപരോധത്തിനുശേഷം കന്നുകാലി മേഖലയില്‍ വലിയ വളര്‍ച്ച

ആകെ കന്നുകാലികളുടെ എണ്ണം 17.5 ലക്ഷം; 64ശതമാനവും ചെമ്മരിയാടുകള്‍

ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധത്തിനുശേഷം കന്നുകാലി മേഖലയില്‍ വലിയ വളര്‍ച്ച കൈവരിക്കാനായതായി റിപ്പോര്‍ട്ട്. രാജ്യത്തെ ആകെ കന്നുകാലികളുടെ എണ്ണം 17.5ലക്ഷത്തിലേക്കെത്തിയിട്ടുണ്ട്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നടപ്പാക്കുന്ന കര്‍മ്മപദ്ധതികള്‍, നൂതന പരിപാടികളും പ്രവര്‍ത്തനങ്ങളും, ഫാമുകള്‍ക്ക് നല്‍കുന്ന പിന്തുണയും ആനുകൂല്യങ്ങളും, സ്വകാര്യമേഖലയ്ക്കുള്ള സഹായം തുടങ്ങിയവ കന്നുകാലി മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നു.

കന്നുകാലി മേഖലയില്‍ വിവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്. ധനകാര്യ, സാമ്പത്തിക, വാണിജ്യ മന്ത്രാലയങ്ങളുമായി സഹകരിച്ച് ഫാമുകളില്‍നിന്നും പ്രാദേശിക ചെമ്മരിയാടുകളെ വാങ്ങുന്ന പദ്ധതി നടപ്പാക്കിവരുന്നു. ഖത്തറിന്റെ തന്ത്രപ്രധാന ഭക്ഷ്യസുരക്ഷാപദ്ധതി 2019-2023ന്റെ കീഴിലാണ് വിവിധ കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

പ്രാദേശിക മാംസോത്പാദനം നിലവിലെ 18ശതമാനത്തില്‍ നിന്നും ഘട്ടംഘട്ടമായി 2023ല്‍ 30ശതമാനമായി ഉയര്‍ത്തും. 2020ല്‍ 21 ശതമാനവും 2021ല്‍ 24ശതമാനവും 2022ല്‍ 28 ശതമാനവും തുടര്‍ന്ന് 2023ല്‍ ഉത്പാദനം 30ശതമാനത്തിലേക്കെത്തിക്കും. 2017- 2019 കാലയളവില്‍ രാജ്യത്തെ കന്നുകാലി മേഖല സ്ഥായിയായ വളര്‍ച്ച കൈവരിച്ചതായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ ലൈവ്‌സ്റ്റോക്ക് വകുപ്പിലെ മൃഗാരോഗ്യവിഭാഗം തലവന്‍ സാലേഹ് ജാറല്ലാഹ് അല്‍മര്‍റി പറഞ്ഞു.

അല്‍റയ്യാന്‍ ടിവി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. രാജ്യത്തെ ആകെ കന്നുകാലികള്‍ 17.50ലക്ഷമാണ്. ഇതില്‍ 64ശതമാനവും ചെമ്മരിയാടുകളാണ്. 25ശതമാനം ആടുകളും ഒന്‍പത് ശതമാനം ഒട്ടകങ്ങളും രണ്ടു ശതമാനം പശുക്കളുമാണ്. രണ്ടുതരത്തിലുള്ള കന്നുകാലി ഫാമുകളാണ് രാജ്യത്തുള്ളത്. പരമ്പരാഗത ഫാമുകളും പൂര്‍ണമായും വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവയും.

രാജ്യത്തെ ആകെ കന്നുകാലി ഉത്പാദനത്തിന്റെ 98ശതമാനവും പരമ്പരാഗത ഫാമുകളിലാണ്. ഖത്തരികള്‍ വ്യക്തിഗതാടിസ്ഥാനത്തിലാണ് ഈ ഫാമുകള്‍ നടത്തിവരുന്നത്. വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്കായി ലൈസന്‍സ് നേടിയവയാണ് രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ട ഫാമുകള്‍. വിപണിയില്‍ സമീപകാലയളവില്‍ പ്രവേശിച്ച കമ്പനികളാണ് ഇവ നടത്തുന്നത്. ആകെ കന്നുകാലി ഉത്പാദനത്തിന്റെ രണ്ടു ശതമാനം മാത്രമാണ് ഈ ഫാമുകള്‍ മുഖേനയുള്ളത്.

എന്നാല്‍ ഈ കമ്പനികള്‍ കാലിവളര്‍ത്തല്‍, മാംസോത്പാദന മേഖലയില്‍ നിക്ഷേപാവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ മേഖലയില്‍ സ്വയംപര്യാപ്തത ത്വരിതപ്പെടുത്താന്‍ ഇവയുടെ പ്രവര്‍ത്തനം സഹായകമാണ്. റെഡ് മീറ്റിന്റെ സ്വയംപര്യാപ്തത 15 ശതമാനത്തില്‍ നിന്നും 30ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഫ്രഷ് ബ്രോയിലര്‍ ചിക്കന്റെ കാര്യത്തില്‍ 100 ശതമാനത്തിലധികം സ്വയംപര്യാപ്തമാകാനായിട്ടുണ്ട്.

2017ല്‍ 11,000 ടണ്ണായിരുന്ന ഉത്പാദനം 22,000 ടണ്ണായി വര്‍ധിച്ചു.ഫ്രോസണ്‍ ചിക്കന്‍ ഇറക്കുമതി ചെയ്തുവരുന്നുണ്ട്. ഫ്രഷ് പാലിന്റെ കാര്യത്തില്‍ 106ശതമാനമാണ് സ്വയംപര്യാപ്തത. ടേബിള്‍ മുട്ടകളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും നടപടികളെടുക്കുന്നുണ്ട്.

ടേബിള്‍ മുട്ടകളുടെ സ്വയംപര്യാപ്തതാനിരക്ക് 28ശതമാനത്തില്‍ നിന്നും 70ശതമാനമായി ഉയര്‍ത്തും. പ്രതിവര്‍ഷം 280 ടണ്‍ മുട്ടയുത്പാദനമാണ് നടക്കുന്നത്. നാലു പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ മുട്ടയുത്പാദനത്തില്‍ 70ശതമാനം സ്വയംപര്യാപ്തമാകാനാകും. മത്സ്യോത്പാദനത്തില്‍ സ്വയംപര്യാപ്തത 74ശതമാനമെന്നത് 90ശതമാനമായി ഉയര്‍ത്തും. പ്രതിവര്‍ഷം 4000 ടണ്ണായി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. ചെമ്മീന്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും നടപടികളെടുക്കുന്നുണ്ട്.

കാലിത്തീറ്റ ഉത്പാദനവും വര്‍ധിപ്പിക്കുന്നതിന് നടപടികളെടുക്കുന്നുണ്ട്. പച്ചപ്പുല്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി നാലു പദ്ധതികളാണ് നടപ്പാക്കുന്നത്, ശുദ്ധീകരിച്ച മലിനജലമാണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ 85ലക്ഷം സ്‌ക്വയര്‍മീറ്ററിലായി 14,000 ടണ്‍ ഹരിതകാലിത്തീറ്റ ഉത്പാദിപ്പിക്കും. ഈ മേഖലയില്‍ ആറു പുതിയ പദ്ധതികള്‍ കൂടി അവതരിപ്പിക്കും. പ്രതിവര്‍ഷം 16,000 ടണ്‍ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. സ്വയംപര്യാപ്തത 55 ശതമാനത്തില്‍ നിന്നുംം 63ശതമാനമായി ഉയര്‍ത്തും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

പേള്‍ ഖത്തറില്‍ ഗതാഗത സുരക്ഷ ഉറപ്പാക്കല്‍: ധാരണാപത്രം ഒപ്പുവച്ചു

ഇര്‍ഹമ ഷിപ്യാര്‍ഡില്‍ 200-ാമത് എല്‍എല്‍ജി കപ്പലിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി