
ദോഹ: ഖത്തറിനെതിരെ സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടങ്ങിയ 2017 ജൂണിനുശേഷം പിന്നിട്ട രണ്ടുവര്‍ഷങ്ങളില്‍ ഖത്തര്‍ ഫൗണ്ടേഷന്(ക്യുഎഫ്) കൈവരിച്ചത് ശ്രദ്ധേയ നേട്ടങ്ങള്‍. ഖത്തര്‍ ഫൗണ്ടേഷന്റെ പ്രീ യൂണിവേഴ്സിറ്റി എജ്യൂക്കേഷന്റെ കീഴില്‍ രണ്ടു പുതിയ സ്കൂളുകള്‍ ഇക്കാലയളവില്‍ പ്രവര്‍ത്തനം തുടങ്ങി. കുട്ടികള്‍ക്കും വനിതകള്‍ക്കും ഏറ്റവും ഉന്നതമായ ആരോഗ്യപരിചരണവും ചികിത്സാസൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി ലോകനിലവാരത്തിലുള്ള സിദ്ര മെഡിസിന് തുറന്നു. ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റി, രാജ്യാന്തര പങ്കാളിത്ത യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ നിന്നായി 1564 വിദ്യാര്‍ഥികള്‍ ബിരുദം നേടി പുറത്തിറങ്ങി.
14 വര്‍ഷം മുന്‍പ് തുടങ്ങിയ ദോഹ ഡിബേറ്റ്സ് രൂപഭാവ മാറ്റങ്ങളോടെ് വീണ്ടും തുടക്കംകുറിക്കാനായി. തല്‍സമയ സംവാദം, ഡിജിറ്റല്‍ വീഡിയോകള്‍, ടിവി സീരിസ്, ബ്ലോഗുകള്‍, പോഡ്കാസ്റ്റ്സ് എന്നിവയെല്ലാം ദോഹ ഡിബേറ്റ്സിന്റെ ഭാഗമാണ്. ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഖത്തര്‍ സയന്‍സ് ആന്റ് ടെക്നോളജി പാര്‍ക്കിന്റെയും യൂറോപ്യന്‍ ഇന്നവേഷന്‍ അക്കാഡമിയുടെയും ആഭിമുഖ്യത്തില്‍ അറബ് ഇന്നവേഷന്‍ അക്കാഡമിയുടെ ആദ്യ രണ്ട് എഡീഷനുകള്‍ വിജയകരമായി സംഘടിപ്പിക്കാനായി.

സാങ്കേതിക സംരംഭകത്വ മേഖലയില്‍ പുതുവഴികള്‍ തെളിയിക്കുന്നതിനും യുവജനങ്ങള്‍ക്ക് സംരംഭകത്വപാഠങ്ങള് പകര്ന്നുനല്കുന്നതിനും സ്വയം തൊഴിലിലേക്ക് നയിക്കുന്നതിനും ലക്ഷ്യമിട്ടാണ് അറബ് ഇന്നവേഷന്‍ അക്കാഡമി. ഭാവിയിലെ സംരംഭകര്‍ക്ക് പ്രമുഖരായ ഉപദേശകരുടെ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയാണ് ഇതിലൂടെ. കേവലം പത്തുദിവസത്തിനുള്ളില്‍ ഒരു സ്റ്റാര്‍ട്ടപ് യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്ന വിധത്തിലേക്ക് ഇവരുടെ ശേഷി ഉയര്‍ത്താന്‍ ഇതിലൂടെ സാധിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.
സുപ്രധാനമായ പാന്‍- അറബ് കര്‍മപദ്ധതിയാണ് അക്കാഡമി.യുവ സംരംഭകരെ പിന്തുണയ്ക്കുന്ന വിധത്തില്‍ സ്റ്റാര്‍ട്ടപ്പ് രംഗത്ത് ഒരു ചുവടുവയ്പ്പാണിത്. മേഖലയിലെ സമ്പദ്ഘടനയുടെ വൈവിധ്യവല്‍ക്കരണത്തിനും സംരംഭകത്വ പരിതസ്ഥിതിയുടെ സുസ്ഥിരവിജയത്തിനും നിര്‍ണായക സംഭാവനകള്‍ നല്കാന് ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേഖലയിലെ യുവജനങ്ങള്‍ക്കിടയില്‍ സംരംഭകത്വ ചിന്താഗതി പരിപോഷിപ്പിക്കുന്നതിനും സ്റ്റാര്‍ട്ടപ് തുടങ്ങുന്നതിന് ശക്തമായ അടിത്തറ നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് അക്കാഡമി ഡിസൈന്‍ ചെയ്തിരിക്കുന്നത്. 250ലധികം യുവസംരഭകര്ക്കാണ് ആദ്യ രണ്ടു എഡീഷനുകളുടെ പ്രയോജനം ലഭിച്ചത്.