in ,

ഉപരോധ രാജ്യങ്ങള്‍ക്കെതിരെ ഖത്തര്‍ ഐസിജെയില്‍ എതിര്‍ഹര്‍ജി നല്‍കി

രാജ്യാന്തര നീതിന്യായ കോടതി

ദോഹ: രാജ്യാന്തര നീതിന്യായ കോടതി(ഐസിജെ)യില്‍ ഉപരോധരാജ്യങ്ങള്‍ക്കെതിരെ ഖത്തര്‍ എതിര്‍വാദങ്ങള്‍ സമര്‍പ്പിച്ചു. ഉപരോധത്തെ തുടര്‍ന്ന് വ്യോമപാത വിലക്കുന്നതുമായി ബന്ധപ്പെട്ട് സഊദി അറേബ്യ, ബഹ്‌റൈന്‍, ഈജിപ്ത്, യുഎഇ രാജ്യങ്ങള്‍ ഖത്തറിനെതിരെ നല്‍കിയ രണ്ടു കേസുകളിലാണ് എതിര്‍ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഈ വിഷയത്തില്‍ രാജ്യത്തിന്റെ സുവ്യക്തമായ നിലപാടുകളും നിയമവിരുദ്ധ ഉപരോധവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഉള്‍പ്പെടുത്തി രണ്ട് എതിര്‍ഹര്‍ജികളാണ് ഖത്തര്‍ സമര്‍പ്പിച്ചിരിക്കുന്നത്. രാജ്യങ്ങളുടെ വ്യോമാതിര്‍ത്തികളുമായി ബന്ധപ്പെട്ട് രാജ്യാന്തര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ മാര്‍ഗനിര്‍ദേശങ്ങളും ചട്ടങ്ങളുമാണ് ഐസിജെയുടെ പരിഗണനയില്‍ വരുന്നത്.

2017 ഒക്ടോബര്‍ 20ന് രാജ്യാന്തര സിവില്‍ വ്യോമയാന കൗണ്‍സിലില്‍ ഖത്തര്‍ രണ്ട് ഹര്‍ജികള്‍ നല്‍കികിയിരുന്നു. വിവിധ രാജ്യങ്ങളുടെ വ്യോമപാതകളുമായി ബന്ധപ്പെട്ട 1944 ചിക്കാഗോ കണ്‍വന്‍ഷന്റെ തീരുമാനങ്ങളുടെ ലംഘനമാണ് ഉപരോധരാജ്യങ്ങളില്‍നിന്നുണ്ടായിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഒരു ഹര്‍ജി.

കണ്‍വന്‍ഷന്റെ 84-ാം വകുപ്പിന്റെ പരിധിയില്‍ പെടുത്തിയായിരുന്നു ഹരജി. രാജ്യാന്തര വ്യോമ സേവന ട്രാന്‍സിറ്റ് കരാറിലെ രണ്ടാംവകുപ്പിന്റെ ലംഘനമുണ്ടായതായി ചൂണ്ടിക്കാണിച്ച് ബഹറൈന്‍, യുഎഇ, ഈജിപ്ത് രാജ്യങ്ങള്‍ക്കെതിരെയാണ് രണ്ടാമത്തെ ഹര്‍ജി നല്‍കിയത്. ഉപരോധരാജ്യങ്ങള്‍ വ്യോമപാത വിലക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ നിയമലംഘനമാണ് നടത്തിയതെന്നും കടുത്ത നിയമലംഘനമുണ്ടായതായും ഖത്തര്‍ ചൂണ്ടിക്കാണിച്ചു.

ഈ രണ്ട് കേസുകളിലും കോടതി വാദം കേള്‍ക്കുന്ന സമയത്ത് 2018 മാര്‍ച്ച് 19ന് ഉപരോധരാജ്യങ്ങള്‍ പ്രാഥമിക എതിര്‍വാദങ്ങള്‍ ഉയര്‍ത്തി. എഴുതിത്തയാറാക്കിയതും കോടതിയില്‍ നേരിട്ട് ഉന്നയിച്ചതുമായ രണ്ട് എതിര്‍വാദങ്ങളും പരിഗണിച്ച ശേഷം കഴിഞ്ഞവര്‍ഷം ജൂണ്‍ 29ന് കോടതി തള്ളി.

കോടതി ഖത്തറിന്റെ വാദങ്ങള്‍ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഇതിന് ശേഷം കഴിഞ്ഞവര്‍ഷം ജൂലൈ നാലിന് കോടതിയുടെ തീരുമാനത്തിനെതിരെ ഉപരോധരാജ്യങ്ങള്‍ വീണ്ടും സംയുക്ത ഹര്‍ജി നല്‍കി. ഇതിനെതിരെ ഖത്തറും എതിര്‍ഹര്‍ജി നല്‍കി. പിന്നീട് എതിര്‍കക്ഷികളും വാദങ്ങളും എതിര്‍വാദങ്ങളും ഉയര്‍ത്തി.

ഖത്തര്‍ കഴിഞ്ഞ ദിവസം സമര്‍പ്പിച്ച എതിര്‍വാദങ്ങളില്‍ വാദംകേള്‍ക്കലും മറ്റ് നടപടിക്രമങ്ങളും ഈ വര്‍ഷാവസാനത്തോടെ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് അന്താരാഷ്ട്ര കോടതി അന്തിമ വിധി പുറപ്പെടുവിക്കും. രാജ്യന്തര സിവില്‍ വ്യോമയാന സംഘടനയുടെ നിര്‍ദേശങ്ങളും ചട്ടങ്ങളും ഉപരോധരാജ്യങ്ങള്‍ ലംഘിച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ കോടതി നിലപാടറിയിക്കും.

ഖത്തര്‍ യൂനിവേഴ്‌സിറ്റിയിലെ ലോ കോളജ് ഡീന്‍ ഡോ. മുഹമ്മദ് അബ്ദുല്‍ അസീസ് അല്‍ ഖുലൈഫിയുടെ നേതൃത്വത്തിലാണ് ഖത്തര്‍ രാജ്യാന്തര കോടതിയില്‍ ഹാജരാകുന്നത്. വാദങ്ങള്‍ കൃത്യമായി അവതരിപ്പിക്കാനും ഉപരോധരാജ്യങ്ങളുടെ വാദങ്ങളിലെ പൊള്ളത്തരം തെളിയിക്കാനും കഴിഞ്ഞതായും കോടതിയുെട തുടര്‍നടപടികള്‍ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2017 ജൂണില്‍ ഖത്തറിനെതിരെ ഈ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍തന്നെ ഖത്തറുമായുള്ള വ്യോമബന്ധങ്ങളും വിഛേദിച്ചിരുന്നു. മുന്നറിയിപ്പില്ലാതെ പെട്ടെന്നുള്ള ഉപരോധത്തെത്തുടര്‍ന്ന് വ്യോമമേഖലയില്‍ ഖത്തറിന് വലിയ നഷ്ടങ്ങളും കടുത്ത പ്രതിസന്ധിയുമാണ് നേരിടേണ്ടിവന്നത്. ഖത്തര്‍ രജിസ്‌ട്രേഷനുള്ള എല്ലാ വിമാനങ്ങള്‍ക്കും ഉപരോധരാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

രാജ്യാന്തര കോടതിയില്‍ സംയുക്ത കേസ് നല്‍കിയിരിക്കുന്ന ഉപരോധരാജ്യങ്ങളുടെ ഇത്തരം ചെയ്തികളെല്ലാം ഖത്തര്‍ അക്കമിട്ട് നിരത്തിയിട്ടുണ്ട്. ഉപരോധ രാജ്യങ്ങളുടെ വിമാനത്താവളങ്ങളിലേക്കോ ആ വിമാനത്താവളങ്ങളില്‍ നിന്ന് ഖത്തറിലേക്കോ ഉള്ള എല്ലാ വിമാനസര്‍വീസുകള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

ആ രാജ്യങ്ങളുടെ ദേശീയ വ്യോമപാതകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ഖത്തരി വിമാനങ്ങളെയും ഖത്തറില്‍ നിന്നുള്ള വിമാനങ്ങളെയും ഒഴിവാക്കി. ഫ്‌ളൈറ്റ് ഇന്‍ഫര്‍മേഷന്‍ റീജിയനുകള്‍ ഉപയോഗിക്കുന്നതിലും നിരോധനം തുടരുകയാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എസ്ദാന്‍ റിയല്‍എസ്‌റ്റേറ്റിന്റെ സൗജന്യ വാടക പ്രമോഷന്‍ തുടരുന്നു

നാറ്റോ വാര്‍ഷികാഘോഷങ്ങളില്‍ അമീരി വ്യോമസേന പങ്കെടുത്തു