
ദോഹ: മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ദോഹയിലെ വിവിധ ഭാഗങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ക്യാമ്പയിന് ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ദോഹ മുനിസിപ്പാലിറ്റിയിലെ പൊതു നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥരുടെയും പൊതു ശുചിത്വ വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് ക്യാമ്പയിന്.
മന്ത്രാലയത്തിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിന് പ്രവര്‍ത്തനങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യവും ശുചിത്വവും ഉറപ്പുവരത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. ദോഹയിലെയും അല്‍റയ്യാന്‍ മുനിസിപ്പാലിറ്റി ഏരിയയിലെയും വിവിധ ഭാഗങ്ങളില്നി്ന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 169 വാഹനങ്ങള്‍ നീക്കം ചെയ്തു. ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയില്‍ നിന്നും മാത്രം അന്‍പത് വാഹനങ്ങളാണ് ക്യാമ്പയിന്റെ ആദ്യദിവസം തന്നെ നീക്കം ചെയ്തത്.
റോഡരികുകളിലും പാര്‍ക്കിങ് കേന്ദ്രങ്ങളിലും പ്രധാന റോഡുകളിലും ഗാരേജുകള്ക്കു സമീപങ്ങളിലുമെല്ലാം ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളില്‍ മുന്നറിയിപ്പ് നോട്ടീസുകള്‍ പതിച്ചശേഷം നിശ്ചിത കാലാവധിക്കുള്ളില്‍ നീക്കം ചെയ്യാത്ത വാഹനങ്ങളെയാണ് പൊതുശുചിത്വ നിയമപ്രകാരം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാറ്റുകയും അനന്തരനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്.
മുനിസിപ്പാലിറ്റിയിലെ ജനറല്‍ സൂപ്പര്വിഷന് വകുപ്പും മെക്കാനിക്കല്‍ എക്യുപ്മെന്റ് വകുപ്പും യോജിച്ചാണ് ഇതുമായി ബന്ധപ്പെട്ട ക്യാമ്പയിന് നടപ്പാക്കുന്നത്. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെയും ലഖ്വിയയുടെയും വാഹനങ്ങളും ഉപകരണങ്ങളും ക്യാമ്പയ്നില്‍ പങ്കാളിയായി. ഇത്തരത്തില്‍ നീക്കം ചെയ്യുന്ന വാഹനങ്ങള്‍ മീസൈമീറിലെയും അല്മഷാഫിലെയും ഇംപൗണ്ട് യാര്‍ഡിലേക്കാണ് മാറ്റിയത്. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ആറുമാസം വരെ ഈ യാര്‍ഡില്‍ സൂക്ഷിക്കും.
അതിനുശേഷം ഈ വിഷയം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന് കൈമാറും. റോഡ് പെര്‍മിറ്റും വാഹനങ്ങളുടെ രജിസ്ട്രേഷനും റദ്ദാക്കുന്നതിനുള്ള നടപടികള്ക്കായാണിത്. തുടര്‍ന്ന് പൊളിച്ചുമാറ്റി വില്‍ക്കുന്നതിനായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് കൈമാറും. ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനങ്ങളോ മറ്റോ ശ്രദ്ധയില്‍പ്പെട്ടാല്‍ 184 എന്ന കോള്‍ സെന്റര്‍ നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും വിവരമറിയിക്കാം.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനായുള്ള കമ്മിറ്റിയെ നേരിട്ടും വിവരമറിയിക്കാം. 33238885 എന്ന നമ്പരില്‍ രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ വിളിച്ചറിയിക്കാം.