in , , , , ,

എം.എഫ് ഹുസൈന്റെ ആര്‍ട്ട് ഇന്‍സ്റ്റലേഷന്റെ പൊതുപ്രദര്‍ശനത്തിന് ഇന്ന് തുടക്കം

എം.എഫ് ഹുസൈന്റെ സീറു ഫി അല്‍അര്‍ദ് കലാസൃഷ്ടി എജ്യൂക്കേഷന്‍ സിറ്റിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍

ദോഹ: മഖ്ബൂല്‍ ഫിദ ഹുസൈന്റെ ഏറ്റവും അവസാനത്തെ ആര്‍ട്ട് ഇന്‍സ്റ്റലേഷനായ സീറൂ ഫി അല്‍ അര്‍ദിന്റെ പൊതുപ്രദര്‍ശനത്തിന് ഇന്ന് തുടക്കമാകും. ഖത്തര്‍ ഫൗണ്ടേഷന്റെ എജ്യൂക്കേഷന്‍ സിറ്റിയില്‍ ഷെഫ് ഗാര്‍ഡനും അല്‍ഷഖബിനും സമീപത്തായി എജ്യൂക്കേഷന്‍ സിറ്റിയിലെ ഗ്രൗണ്ടില്‍ സ്ഥിരമൊയൊരുക്കിയ സൗകര്യത്തിലാണ് പ്രദര്‍ശനം. ജനുവരി 30വരെ പ്രതിദിനം നാലു ഷോയായിരിക്കും ഉണ്ടാകുക. സീറൂ ഫി അല്‍ അര്‍ദ് എന്ന് നാമകരണം ചെയ്തിരിക്കുന്ന അസാധാരണമായ കലാസൃഷ്ടി സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്.
ചലനാത്മകവും പരീക്ഷണാത്മകവുമായ ആര്‍ട്ട് ഇന്‍സ്റ്റലേഷനായാണ് ഹുസൈന്‍ രൂപകല്‍പ്പന ചെയ്തത്. അറബ് നാഗരികതയെക്കുറിച്ചുള്ള ഹുസൈന്റെ വിപുലമായ പദ്ധതിയുടെ ഭാഗമാണ് സീറൂ ഫില്‍ അര്‍ദ്. ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശൈഖ മൗസ ബിന്‍ത് നാസറാണ് ഈ ഇന്‍സ്റ്റലേഷന്‍ കമ്മീഷന്‍ ചെയ്തത്. ഇതിനൊപ്പം അല്ലാഹുവിന്റെ 99 നാമങ്ങള്‍ പ്രതിഫലിപ്പിക്കുന്ന പെയിന്റിങുകളുടെ സീരിസും സജ്ജമാക്കിയിട്ടുണ്ട്. സീറൂ ഫി അല്‍ അര്‍ദിന്റെ ഭാഗമായ ഷോ സവിശേഷമായ കാഴ്ചാനുഭവമായിരിക്കും സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക. കുതിരകളുടെ ഭീമാകാരമായ മൊസൈക്കിന്റെ പശ്ചാത്തലത്തിലാണ് ഷോയുടെ അവതരണം. ഇന്‍സ്റ്റലേഷനില്‍ അബ്ബാസ് ഇബ്‌നു ഫിര്‍നാസിന്റെ ശില്‍പ്പവും ഉള്‍പ്പെടുന്നു.
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ഫ്‌ളൈയിങ് മെഷീന്റെ പകര്‍പ്പ്, അഞ്ച് മുരാനോ ഗ്ലാസ് കുതിരകള്‍, അഞ്ചു വിന്റേജ് കാറുകള്‍ ഇവയെല്ലാം ഹുസൈന്‍ തെരഞ്ഞെടുത്ത സംഗീതത്തിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട് ചലിപ്പിക്കുന്ന വിധത്തിലാണ് ഷോ. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒന്‍പത്, പതിനൊന്ന്, വൈകുന്നേരം അഞ്ച്, രാത്രി ഏഴു മണി സമയങ്ങളിലാണ് ഷോ. സൗജന്യ പ്രവേശനമാണ്. പക്ഷെ മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.പതിനാറു വയസില്‍ താഴെയുള്ളവര്‍ക്കൊപ്പം ഒരു മുതിര്‍ന്ന വ്യക്തി നിര്‍ബന്ധമായും ഉണ്ടായിരിക്കണം.
ഖത്തറിന്റെ കുതിരസമ്പന്നതയ്ക്കും മൃഗങ്ങളോടുള്ള കലാകാരന്റെ സ്‌നേഹത്തിനുമുള്ള സമര്‍പ്പണം കൂടിയാണ് ഈ കലാസൃഷ്ടി. അറബ് മേഖലയുടെ ചരിത്രത്തിലൂടെ മനുഷ്യ നാഗരികതയുടെ പുരോഗതിയുടെ കഥയാണ് കലാസൃഷ്ടി പറയുന്നത്.
മേഖലയിലുടനീളമുള്ള ജനങ്ങള്‍ അവരുടെ അഭിലാഷങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രകൃതിയെയും ആത്യന്തികമായി യന്ത്രങ്ങളെയും എങ്ങനെ ഉപയോഗിച്ചു എന്നതുകൂടിയാണ് ഈ കലാസൃഷ്ടികളില്‍നിന്നും വ്യക്തമാകുന്നത്. യൂറോപ്യന്‍ നവോത്ഥാനത്തിനു മുമ്പും ശേഷവും അറബ് ലോകത്ത് പുതുമയും പരീക്ഷണവും ഉളവാക്കുന്ന പ്രബുദ്ധമായ മാനസികാവസ്ഥയുണ്ടെന്ന വസ്തുതയാണ് ഈ കലാസൃഷ്ടി ഉയര്‍ത്തിക്കാട്ടുന്നത്. 2009ലാണ് ഈ കലാസൃഷ്ടി ഹുസ്സൈന്‍ ആദ്യമായി ദൃശ്യവല്‍ക്കരിച്ചത്്. ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ്് ഹുസൈന്‍ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ അന്തിമ പദ്ധതിയിലെ എല്ലാ വിശദാംശങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് ഖത്തര്‍ ഫൗണ്ടേഷന്‍ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
അന്താരാഷ്ട്ര കലയുടെയും സംസ്‌കാരത്തിന്റെയും കേന്ദ്രമായി ഖത്തറിനെ മാറ്റുന്നതില്‍ ഖത്തര്‍ ഫൗണ്ടേഷന്റെ ശ്രമങ്ങളുടെ സ്വാഭാവിക പുരോഗതിയാണ് ഈ കലാസൃഷ്ടിയെന്ന് ക്യുഎഫ് കമ്യൂണിറ്റി ഡെവലപ്‌മെന്റ് പ്രസിഡന്റ് മാഷെയ്‌ലെ അല്‍നഈമി പറഞ്ഞു.
ഖത്തര്‍ ഇന്ത്യ സാംസ്‌കാരിക വര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായിക്കൂടിയായിരുന്നു ഈ ഇന്‍സ്റ്റലേഷന്‍. ഈ കലാസൃഷ്ടി അറബ് നാഗരികതയുടെ യാത്രയെ മാത്രം പ്രതിഫലിപ്പിക്കുന്നതല്ല മറിച്ച ഖത്തര്‍ ഫൗണ്ടേഷന്റെയും ഖത്തറിന്റെയും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ പ്രതിനിധി കൂടിയാണ് ഈ കലാസഷ്ടി. അനാച്ഛാദനത്തെത്തുടര്‍ന്ന്, എജ്യൂക്കേഷന്‍ സിറ്റിക്കുള്ളിലെ അല്‍ശഖബ് കുതിരസവാരി കേന്ദ്രത്തിനടുത്തുള്ള സ്ഥിരം കെട്ടിടത്തില്‍ ഇന്‍സ്റ്റലേഷന്‍ സ്ഥാപിച്ചശേഷമാണ് പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്. ഹുസൈന്റെ സൃഷ്ടികള്‍ ലോകമെമ്പാടും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഖത്തറിലെ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രദര്‍ശനം 1984 ല്‍ ദോഹയിലെ ഷെറാട്ടണ്‍ ഹോട്ടലിലാണ് നടന്നത്.
മറ്റൊരു പ്രദര്‍ശനം ഒരു പതിറ്റാണ്ട് മുമ്പ് മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ടില്‍ നടന്നു.ഹുസൈന്‍ പിന്നീട് ഖത്തറില്‍ താമസമാക്കി. പിന്നീട് ഖത്തരി പൗരത്വം ലഭിച്ചപ്പോള്‍ രാജ്യവുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി. കഴിഞ്ഞ വര്‍ഷം ആദ്യം എജ്യൂക്കേഷന്‍ സിറ്റിയിലെ മത്താഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടികളുടെ പ്രദര്‍ശനം നടന്നിരുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

എം ജി എം ഖത്തറിനു പുതിയ നേതൃത്വം

മാര്‍ട്ടിന്‍ റോണിന്റെ ‘അറേബ്യന്‍ ഒറിക്‌സ്’ കത്താറയില്‍