
ദോഹ: എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍സദ്ദ് ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം നടന്ന രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ അല്‍ദുഹൈലിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് അല്‍സദ്ദിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചത്. ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ കലാശിച്ചിരുന്നു.
രണ്ടു പാദങ്ങളിലുമായ രണ്ടിനെതിരെ നാലു ഗോളുകളുടെ ലീഡ് നേടാന്‍ അല്‍സദ്ദിനായി. രണ്ടാംപാദ മത്സരത്തില്‍ അക്രം അഫീഫും അബ്ദുല്‍കരീം ഹസനും സദ്ദിനായി ഓരോ ഗോള്‍ വീതം നേടി. അഹമ്മദ് യാസറിന്റെ സെല്‍ഫ് ഗോളും സദ്ദിന്റെ ലീഡുയര്‍ത്തി. എഡ്മില്‍സണ്‍ ജൂനിയറാണ് ദുഹൈലിന്റെ ആശ്വാസഗോള്‍ സ്കോര്‍ ചെയ്തത്. സഊദി അറേബ്യന്‍ ക്ലബ്ബായ അല്‍നാസറാണ് ക്വാര്‍ട്ടറില്‍ സദ്ദിന്റെ എതിരാളികള്‍.
ആദ്യപാദ ക്വാര്‍ട്ടര്‍ മത്സരം ആഗസ്ത് 26നും രണ്ടാംപാദ മത്സരം സെപ്തംബര്‍ 16നുമാണ്. രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ദുഹൈലിന്റെ മുന്നേറ്റത്തോടെയാണ് മത്സരം തുടങ്ങിയത്. അല്‍മോയെസ് അലി മികച്ച മുന്നേറ്റങ്ങള്‍ നടത്തി. എന്നാല്‍ സദ്ദ് ടീം മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തുകയായിരുന്നു. സ്പാനിഷ് ഇതിഹാസതാരം സാവി ഹെര്‍ണാണ്ടസാണ് സദ്ദിന്റെ പരിശീലകന്.