
ദോഹ: എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഖത്തറിന്റെ ഒന്നാംനമ്പര്‍ ക്ലബ്ബ് അല്‍സദ്ദ് സെമിഫൈനലില്‍. ദോഹയില്‍ തിങ്കളാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ രണ്ടാംപാദ മത്സരത്തില്‍ സഊദി ക്ലബ്ബായ അല്‍നാസറിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് സദ്ദിന്റെ സെമി പ്രവേശം ഉറപ്പായത്.
ആദ്യപാദത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സദ്ദ് തോറ്റിരുന്നു. എന്നാല്‍ രണ്ടാംപാദത്തില്‍ രണ്ടു ഗോള്‍വ്യത്യാസത്തില്‍ വിജയിച്ചതോടെ 4-3 എന്ന സ്‌കോറിന്റെ മുന്‍തൂക്കത്തില്‍ സെമിഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. രണ്ടാംപാദമത്സരത്തില്‍ 26-ാം മിനുട്ടില്‍ അക്രം അഫീഫ്, 59-ാം മിനുട്ടില്‍ ഹസന്‍ അല്‍ഹയ്‌ദോസ്, 83-ാം മിനുട്ടില്‍ പെനാലിറ്റിയിലൂടെ ബാഗ്ദാദ് ബൗനെദ്ജ എന്നിവര്‍ സദ്ദിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തു.
33-ാം മിനുട്ടില്‍ അബ്ദുറസാക്ക് ഹംദല്ലയാണ് അല്‍അറബിയുടെ ആശ്വാസഗോള്‍ നേടിയത്. സ്‌പെയിനിന്റെ ഇതിഹാസ താരം സാവി ഹെര്‍ണാണ്ടസാണ് സദ്ദിന്റെ പരിശീലകന്‍. ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.