
ദോഹ: 2022 ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ഫ്ളാഗ്ഷിപ്പ് പദ്ധതിയായ ജനറേഷന് അമൈസിങ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്റെ(എഎഫ്സി) ഡ്രീം ഏഷ്യ ഫൗണ്ടേഷനുമായി സഹകരിക്കുന്നു.
ഫുട്ബോള്‍ ഉള്‍പ്പടെയുള്ള കായികപ്രവര്‍ത്തനങ്ങളിലൂടെ ഏഷ്യയില്‍ സാമൂഹ്യവികസനം യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. പാരീസില്‍ നടന്ന ചടങ്ങില്‍ ഇരുകൂട്ടരും ദീര്‍ഘകാല പങ്കാളിത്തം സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു. അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ രണ്ടുകൂട്ടരും സഹകരിച്ച് ഏഷ്യയിലൊട്ടാകെ വിദ്യാഭ്യാസമേഖലയിലുള്പ്പടെ സഹകരിച്ചുപ്രവര്‍ത്തിക്കും.
സാമൂഹ്യവികസനത്തിനായി ഫുട്ബോളിനെ എഎഫ്സി ഫലപ്രദമായി ഉപയോഗപ്പെടുക്കുന്നുണ്ടെന്ന് എഎഫ്സി പ്രസിഡന്റ് ശൈഖ് സല്മാന് ബിന്‍ ഇബ്രാഹിം അല്‍ഖലീഫ പറഞ്ഞു.
തങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഹൃദയം സാമൂഹ്യവികസനത്തിനുവേണ്ടി ഫുട്ബോള്‍ എന്നതാണ്. ഡ്രീം ഏഷ്യ ഫൗണ്ടേഷന് തുടക്കംകുറിച്ചതുമുതല് 21 ഏഷ്യന്‍ അംഗരാജ്യങ്ങളിലായി 33 പദ്ധതികള്‍ നടപ്പാക്കാനായതായി ശൈഖ് സല്മാന് പറഞ്ഞു.
ജനറേഷന് അമൈസിങുമായി സഹകരിച്ചുപ്രവര്ത്തിക്കുന്നതിനായി ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനറേഷന് അമൈസിങുമായി സഹകരിച്ച് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ വന്‍കരയിലെ കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എഎഫ്സിയുമായുള്ള സഹകരണത്തിലൂടെ കൂടുതല്‍ പേരിലേക്ക് ജനറേഷന് അമൈസിങിന്റെ പ്രവര്‍ത്തനങ്ങള്‍ എത്തിപ്പെടുമെന്ന് സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന് അല്‍തവാദി പറഞ്ഞു.
ജനറേഷന് അമൈസിങിന്റെ ആകെ ഗുണഭോക്താക്കളുടെ എണ്ണം ലോകത്തൊട്ടാകെ രണ്ടരലക്ഷത്തിലധികമായി. ഖത്തറിനു പുറമെ നേപ്പാള്‍, പാകിസ്താന്, ജോര്‍ദ്ദാന്‍, ലബനാന്, ഫിലിപ്പൈന്‍സ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് പദ്ധതി നടപ്പാകുന്നത്. അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വിപുലീകരിക്കുന്നുണ്ട്.
2022 ആകുമ്പോഴേക്കും പദ്ധതികളുടെ ഗുണഭോക്താക്കളുടെ എണ്ണം പത്തുലക്ഷമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആ ലക്ഷ്യം യാഥാര്‍ഥ്യമാകുന്നതില്‍ എഎഫ്സിയുമായുള്ള സഹകരണം നിര്‍ണായക സംഭാവനകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിഗണനകള്‍ ലഭിക്കാത്ത, കഷ്ടത അനുഭവിക്കുന്ന സമൂഹത്തില്‍നിന്നുള്ള കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതില്‍ ജനറേഷന് അമൈസിങ് വലിയ പങ്കുവഹിക്കുന്നുണ്ട്.
ഫുട്ബോളിന്റെ ശക്തി ഉപയോഗിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ് ജനറേഷന് അമൈസിങിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ചാണ് ജനറേഷന് അമൈസിങിന്റെ പ്രവര്‍ത്തനങ്ങള്‍. വിദ്യാര്‍ഥികളിലെ ഫുട്ബോളിനുള്ള കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനൊപ്പം തന്നെ തൊഴിലാളികളുടെ സ്വഭാവശൈലി രൂപപ്പെടുത്തുന്നതിലും പദ്ധതി വലിയ പങ്ക് വഹിക്കുന്നുണ്ട്.
പദ്ധതിക്ക് തുടക്കംകുറിച്ചതുമുതല് ഖത്തറില്‍ തൊഴിലാളികള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, ബ്രസീല്‍, റഷ്യ ലോകകപ്പുകളില്‍ ജനറേഷന് അമൈസിങ് അംബാസഡര്‍മാര്‍ പങ്കെടുത്തിരുന്നു.