
ദോഹ: സിംഗപ്പൂരിലെ എക്സോണ്‍ മൊബീലുമായി ഖത്തര്‍ പെട്രോളിയം അഞ്ചു വര്‍ഷത്തെ കണ്ടന്‍സേറ്റ് ഫീഡ്സ്റ്റോക്ക് വില്‍പ്പന കരാര്‍ പ്രഖ്യാപിച്ചു.
എക്സോണ്‍ മൊബീല്‍ ഏഷ്യാ പസഫിക് കമ്പനിയുടെ ഉപകമ്പനിയായ എക്സോണ്‍ മൊബീല്‍ ട്രേഡിങ് ഏഷ്യ പസഫികും ഖത്തര്‍ പെട്രോളിയത്തിന്റെ ഉപകമ്പനിയായ ക്യുപിഎസ്പിപിയും തമ്മിലാണ് അഞ്ചുവര്‍ഷത്തെ കരാര്‍ പൂര്‍ത്തീകരിച്ചത്. കരാര്‍ പ്രകാരം ഈ ജുലൈ മുതല്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് പ്രതിവര്‍ഷം ആറു ദശലക്ഷം ബാരല്‍ ലോ സള്‍ഫര്‍ കണ്ടന്‍സേറ്റ് വിതരണം നടത്തും.
എക്സോണ്‍ മൊബീല്‍ സിംഗപ്പൂരിന്റെ സംയോജിത മാനുഫാക്ചറിങ് കോംപ്ലക്സിലേക്കാണ് വിതരണം. സിംഗപ്പൂരിലെ ഉപയോക്താവുമായുള്ള ആദ്യ കണ്ടന്‍സേറ്റ് ദീര്‍ഘകാല വില്പ്പനകരാറാണിത്.
ക്യുപിഎസ്പിപി കൂടുതല്‍ ഉപഭോക്താക്കളുമായി നേരിട്ടുള്ള വില്പ്പനകരാറിലേര്പ്പെടാന് തീരുമാനിച്ചിട്ടുണ്ട്. ഏഷ്യന്‍ ഉപഭോക്താക്കളിലേക്ക് നേരിട്ടുഎത്തിച്ചേരുന്നതില് മുന്നേറ്റത്തിന്റെ മറ്റൊരു നാഴികക്കല്ലാണിതെന്ന് ഊര്ജകാര്യസഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റും സിഇഒയുമായ സാദ് ഷെരിദ അല്‍കഅബി പറഞ്ഞു.
എക്സോണ്‍ മൊബീല്‍ പോലെ വിശ്വസനീയമായ പങ്കാളികളുമായുള്ള ബന്ധം ഖത്തറില്‍ മാത്രമല്ല, ആഗോളതലത്തിലും വ്യാപിക്കുന്നത് കാണാന്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ പെട്രോളിയത്തിന്റെ പ്രധാന വിപണിയാണ് സിംഗപ്പൂര്‍. എക്സോണ്‍ മൊബീലിന്റെ ഏറ്റവും വലിയ റിഫൈനറിയും പെട്രോ കെമിക്കല്‍ കോംപ്ലക്സും ഇവിടെയാണ്.