
ദോഹ: ജനുവരി ആറു മുതല്‍ 11വരെ നടക്കുന്ന എക്‌സോണ്‍ മൊബീല്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍നിര താരങ്ങള്‍ മത്സരിക്കും. ഖത്തര്‍ ടെന്നീസ് സ്‌ക്വാഷ് ആന്റ് ബാഡ്മിന്റണ്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നതിനായി ലോക പതിനാറാം റാങ്ക് താരം സ്വിറ്റ്‌സര്‍ലന്റിന്റെ സ്റ്റാന്‍ വാവ്‌റിങ്ക ഖത്തറിലെത്തി. 34കാരനായ സ്വിസ്സ് താരം ഇതു ആറാം തവണയാണ് ദോഹയില്‍ മത്സരിക്കാനെത്തുന്നത്. മൂന്നു തവണ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യനും 2008ല്‍ ഖത്തറില്‍ റണ്ണര്‍അപ്പുമായ വാവ്‌റിങ്ക കിരീടപ്രതീക്ഷയിലാണ്. മിഡില്‍ഈസ്റ്റില്‍ നടക്കുന്ന രണ്ടു എ.ടി.പി. ടൂര്‍ മത്സരങ്ങളിലൊന്നാണ് ദോഹയിലേത്. ഇത്തവണ സ്റ്റാന്‍ വാവ്‌റിങ്കക്കു പുറമെ 2012ലെ ചാമ്പ്യന്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗ, 2013ലെ ചാമ്പ്യന്‍ റിച്ചാര്‍ഡ് ഗാസ്‌ക്വെറ്റ്, 2018ലെ ഫൈനലിസ്റ്റ് റഷ്യയുടെ ആന്ദ്രെ റുബ്‌ലെവ്, 2016ലെ വിംബിള്‍ഡണ്‍ ഫൈനലിസ്റ്റ് കാനഡയുടെ മിലോസ് റോണിക്, ദോഹയില്‍ സ്ഥിരതാമസമാക്കിയ സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോ, സെര്‍ബിയയുടെ ലസ്‌ലോ ജെരെ, ഫിലിപ്പ് ക്രജിനോവിച്ച്, ഫ്രാന്‍സിന്റെ അദ്രിയാന്‍ മന്നാരിനോ, എന്നിവരെല്ലാം മത്സരരംഗത്തുണ്ടാകും. ഖലീഫ രാജ്യാന്ത ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സിലാണ് മത്സരങ്ങള്‍ നടക്കുന്നത്. എ.ടി.പി വേള്‍ഡ് ടൂര്‍ 250സീരിസാണ് ഖത്തറില്‍ നടക്കുന്നത്. സിംഗിള്‍സില്‍ 21 താരങ്ങള്‍ എന്‍ട്രി ലിസ്റ്റില്‍ ഇടംനേടിയിട്ടുണ്ട്. മൂന്നു സ്ലോട്ടുകള്‍ വൈല്‍ഡ് കാര്‍ഡ് പ്രവേശനത്തിനായി നീക്കിവെച്ചിട്ടുണ്ട്. യോഗ്യതാ ടൂര്‍ണമെന്റ് ജയിച്ചെത്തുന്നവര്‍ക്കാണ് നാലു സ്ലോട്ടുകള്‍. ഡബിള്‍സില്‍ 16 ടീമുകള്‍ മത്സരിക്കും.