
ദോഹ: ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് പുരസ്‌കാരദാനചടങ്ങിനോടനുബന്ധിച്ച് എക്‌സോണ്‍ മൊബീലിന്റെ വാര്‍ഷിക ചെക്ക് കൈമാറ്റച്ചടങ്ങ് നടന്നു. ഈ വര്‍ഷം 18 ലക്ഷം റിയാല്‍ ഏജ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷന്റെ(ഇഎഎ) മേല്‍നോട്ടത്തില്‍ നടക്കുന്ന അംഗോള സ്‌കൂള്‍ പദ്ധതിക്ക് സംഭാവന നല്‍കി.
ആഗോള തലത്തില്‍ പാവപ്പെട്ടവരും നിരാലംബരുമായ വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠന സൗകര്യം ഉറപ്പാക്കുന്നതിനായാണ് ഇഎഎ പ്രവര്‍ത്തിക്കുന്നത്. 2012ല്‍ ശൈഖ മൗസ ബിന്‍ത് നാസറാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ലോകത്തെമ്പാടുമായി സ്‌കൂളില്‍ പോയി പഠനം നടത്താന്‍ കഴിവില്ലാത്ത കുട്ടികളെ സഹായിക്കുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇഎഎ ഇപ്പോള്‍ ആഗോളതലത്തില്‍ നടപ്പാക്കിവരുന്ന ഏജ്യൂക്കേറ്റ് എ ചൈല്‍ഡ്(ഇഎസി-ഒരു വിദ്യാര്‍ഥിയുടെ അധ്യയനം ഉറപ്പാക്കു) പ്രൊജക്റ്റിന്റെ ഭാഗമായാണ് അംഗോളയില്‍ സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് എകസോണ്‍ മൊബീല്‍ നല്‍കുന്ന മൂന്നാമത്തെ സംഭാവനയാണിത്. 2018 മുതല്‍ ഇതുവരെയായി പദ്ധതിക്കായി 20ലക്ഷം ഡോളര്‍ എക്‌സോണ്‍ മൊബീല്‍ സംഭാവന നല്‍കിയിട്ടുണ്ട്. റൈസ് ഇന്റര്‍നാഷണലുമായി സഹകരിച്ച് അംഗോളയില്‍ 25 പുിയ പ്രൈമറി സ്‌കൂളുകളുടെ നിര്‍മാണത്തിനും ഈ തുക ചെലവഴിക്കും.
ഖലീഫ ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സിലെ സെന്റര്‍കോര്‍ട്ടില്‍ നടന്ന ചൈക്ക് കൈമാറ്റ ചടങ്ങില്‍ എക്‌സോണ്‍ മൊബീല്‍ ഖത്തര്‍ വൈസ് പ്രസിഡന്റും ഗവണ്‍മെന്റ് ആന്റ് പബ്ലിക് അഫയേഴ്‌സ് ഡയറക്ടറുമായ സാലേഹ് അല്‍മന ഇഎഎ യൂത്ത് അഡൈ്വസറി ബോര്‍ഡംഗം നൂഫ് അല്‍ജഫൈരിക്ക് ചെക്ക് കൈമാറി. ഖത്തര്‍ ടെന്നീസ് ഫെഡറേഷന്‍ പ്രസിഡന്റ് നാസര്‍ ബിന്‍ ഗാനിം അല്‍ഖുലൈഫി, എക്‌സോണ്‍ മൊബീല്‍ ഖത്തര്‍ ജനറല്‍ മാനേജറും പ്രസിഡന്റുമായ അലിസ്റ്റയര്‍ റൗള്‍ട്ടഡ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു. എക്‌സോണ്‍ മൊബീലിന്റെ സുപ്രധാന വിദ്യാഭ്യാസ പങ്കാളികളാണ് ഇഎഎ. സ്‌കൂള്‍ വിദ്യാഭ്യാസത്തിനു പുറത്തുനില്‍ക്കുന്ന കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാണ് ഇഎസി ലക്ഷ്യംവെയ്ക്കുന്നത്.
റൈസ് ഇന്റര്‍നാഷണലിന്റെ സഹകരണത്തോടെ അംഗോളിയയില്‍ 24,000ലധികം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാന്‍ എക്‌സോണ്‍ മൊബീലിന്റെ സഹായം ചെലവഴിക്കും. നിലവില്‍ ഇഎസിയും യൂനിസെഫും എക്‌സോണ്‍ മൊബീലും സഹകരിച്ച്് നൈജീരിയയില്‍ അഞ്ചുലക്ഷം വിദ്യാര്‍ഥികള്‍ക്ക് പഠനം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിവരുകയാണ്.