in

എച്ച്എംസിയില്‍ ആസ്പത്രി കിടക്കകളുടെ എണ്ണത്തില്‍ 25% വര്‍ധന

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) ചരിത്രത്തിലെ ഏറ്റവും വലിയ വിപുലീകരണ പദ്ധതിയുടെ ഫലമായി 2016നുശേഷം ആസ്പത്രി ശൃംഖലയിലുടനീളം ഇന്‍പേഷ്യന്റ് കിടക്കകളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധന. ഖത്തറിലെ ജനസംഖ്യ വര്‍ദ്ധിക്കുന്നതിനാല്‍ ആരോഗ്യ സേവനങ്ങളുടെ ആവശ്യത്തിലും വര്‍ധനവുണ്ടാകുന്നുണ്ട്. പുതിയ ആസ്പത്രികള്‍ തുറക്കുന്നതിലൂടെയും സ്‌പെഷ്യലിസ്റ്റ് സൗകര്യങ്ങളിലൂടെയും എച്ച്എംസി ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന വിപുലീകരണപദ്ധതിയെക്കുറിച്ച് എച്ച്എംസിയുടെ ആരോഗ്യ സൗകര്യ വികസന മേധാവി ഹമദ് അല്‍ഖലീഫ വിശദീകരിച്ചു. പരിചരണം തേടുന്ന രോഗികളുടെ എണ്ണത്തിലും രോഗികള്‍ക്ക് ആവശ്യമായ സേവനങ്ങളിലും അടുത്ത കാലത്തായി ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിലെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ശേഷി വികസിപ്പിക്കുന്നതിന് എച്ച്എംസി പ്രാധാന്യവും മുന്‍ഗണനയും നല്‍കുന്നുണ്ട്.
2016 മുതലുള്ള വളര്‍ച്ചാ നിരക്ക് ശ്രദ്ധേയമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ മാത്രം അഞ്ച് പുതിയ ആസ്പത്രികളും നിരവധി സ്‌പെഷ്യലിസ്റ്റ് സൗകര്യങ്ങളും തുറന്നു. ഖത്തറിലുടനീളമുള്ള എച്ച്എംസിയുടെ മൊത്തം ആശുപത്രികളുടെ എണ്ണം പന്ത്രണ്ടായി ഉയര്‍ന്നിട്ടുണ്ട്- അല്‍ഖലീഫ പറഞ്ഞു. 2016 ല്‍ എച്ച്എംസി 65 കിടക്കകളുള്ള പുതിയ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ തുറന്നു. സാംക്രമിക രോഗങ്ങളുടെ പരിചരണം, പ്രതിരോധം, ഗവേഷണം എന്നിവ കേന്ദ്രീകരിച്ചാണ് ആസ്പത്രിയുടെ പ്രവര്‍ത്തനം. 2017 അവസാനത്തോടെ മെഡിക്കല്‍ സിറ്റിയിലെ മൂന്ന് ആസ്പത്രികള്‍ തുറന്നു. ഖത്തര്‍ പുനരധിവാസ ഇന്‍സ്റ്റിറ്റ്യൂട്ട്(റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്), വിമന്‍സ് വെല്‍നസ് ആന്റ് റിസര്‍ച്ച് സെന്റര്‍, ആംബുലേറ്ററി കെയര്‍ സെന്റര്‍ എന്നിവയാണ് തുറന്നത്. വനിതകള്‍ക്കും നവജാത ശിശുക്കള്‍ക്കും പുനരധിവാസം ആവശ്യമുള്ള രോഗികള്‍ക്കും ശസ്ത്രക്രിയ, ക്ലിനിക്കല്‍ സേവനങ്ങള്‍ക്കുമായി സ്‌പെഷ്യലിസ്റ്റ് പരിചരണം നല്‍കുന്നതാണ് ഈ ആസ്പത്രികള്‍. എച്ച്എംസിയുടെ ശൃംഖലയിലേക്ക് 500 ഓളം ഇന്‍പേഷ്യന്റ് കിടക്കകളാണ് ഈ മൂന്ന് ആസ്പത്രികളിലൂടെ ലഭ്യമായത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

2016ല്‍ പുതിയതായി കണ്ടെത്തിയത് 1566 അര്‍ബുദ കേസുകള്‍

ഖത്തര്‍ യൂണിവേഴ്‌സിറ്റി സൈബര്‍സുരക്ഷാ വാരാചരണത്തിനു തുടക്കമായി