in ,

എച്ച്എംസിയുടെ പുതിയ ട്രോമാ, അത്യാഹിത കേന്ദ്രം അമീര്‍ ഉദ്ഘാടനം ചെയ്തു

എച്ച്എംസിയുടെ പുതിയ അത്യാഹിത വിഭാഗം കെട്ടിടത്തില്‍ സന്ദര്‍ശനം നടത്തുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി) പുതിയ ട്രോമാ അത്യാഹിത ചികിത്സാകേന്ദ്രം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു. ഹമദ് ജനറല്‍ ആസ്പത്രിയിലാണ് പുതിയ കേന്ദ്രം.

മേഖലയിലെ തന്നെ ഏറ്റവും വലിയ സ്‌റ്റേറ്റ് ഓഫ് ദി ആര്‍ട്ട് എമര്‍ജന്‍സി സെന്ററാണിത്. ഉദ്ഘാടനത്തിനുശേഷം കേന്ദ്രത്തിലെ സൗകര്യങ്ങള്‍ അമീര്‍ സന്ദര്‍ശിച്ചു.

ഹൈപ്പര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി ചേംബര്‍, അത്യാധുനികസൗകര്യങ്ങളോടെയുള്ള മറ്റു കേന്ദ്രങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ അമീറിനോടു വിശദീകരിച്ചു. പുതിയ കെട്ടിടത്തെ ഹമദ് ജനറല്‍ ആസ്പത്രിയിലെ ബന്ധപ്പെട്ട വകുപ്പുകളുമായി ബന്ധിപ്പിക്കുന്ന മെഡിക്കല്‍ സൗകര്യങ്ങളും ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി, പൊതുജനാരോഗ്യമന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരി, എച്ച്എംസിയിലെ മുതിര്‍ന്ന ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും തുടങ്ങിയവര്‍ പങ്കെടുത്തു. പുതിയ കേന്ദ്രത്തെ ഹമദ് ജനറല്‍ ആസ്പത്രി കെട്ടിടങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്.

വിവിധ കാരണങ്ങളാല്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സതേടിയെടുത്തുന്ന കൂടുതല്‍ രോഗികളെ ഉള്‍ക്കൊള്ളാനും അവര്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കാനും കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലൂടെ സാധിക്കും. വിദഗ്ദ്ധരായ ഫിസിഷ്യന്‍സ്, നഴ്‌സുമാര്‍, ഭരണനിര്‍വഹണ ജീവനക്കാര്‍ തുടങ്ങിയവരെയും നിയമിച്ചിട്ടുണ്ട്. ഉയര്‍ന്ന പരിശീലനം ലഭിച്ച പ്രൊഷണലുകളെയാണ് ലോകമെമ്പാടുനിന്നുമായി റിക്രൂട്ട് ചെയ്തിരിക്കുന്നത്.

ഇവരുടെ അനുഭവവും വൈദഗ്ദ്ധ്യവും അത്യാധുനിക സൗകര്യങ്ങളും അള്‍ട്രാ മോഡേണ്‍ ഉപകരണങ്ങളും മികച്ച പരിചരണ അനുഭവം ഉറപ്പാക്കും. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെ താഴത്തെനിലയില്‍ അത്യാഹിതവിഭാഗം മുഖേന സ്വീകരിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യും. ഈ നില വാക്ക് ഇന്‍ രോഗികള്‍ക്കായാണ്.

ആംബുലന്‍സ് മുഖേനയുള്ള അത്യാഹിത കേസുകള്‍ക്കും ഗുരുതര ട്രോമാ കെയര്‍ രോഗികള്‍ക്കും ഒന്നാം നിലയിലും അടിയന്തര പരിചരണ രോഗികള്‍ക്കായി രണ്ടാം നിലയിലും പരിചരണം ലഭ്യമാക്കും. മുകളിലത്തെ നിലകള്‍ മറ്റു വിവിധ സേവനങ്ങള്‍ക്കായി ഉപയോഗിക്കും.

ആംബുലന്‍സുകള്‍ക്ക് പ്രവേശിക്കാനായി പ്രത്യേക സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ഡൈവിങ് അപകടങ്ങളില്‍പ്പെട്ടവരെ ചികിത്സിക്കുന്നതിനായി മള്‍ട്ടിപ്ലെയിസ് ഹൈപ്പര്‍ബാരിക് ചേംബര്‍ ക്രമീകരിച്ചിരിക്കുന്നു. ഓക്‌സിജന്‍ തെറാപ്പിക്കുള്ള സൗകര്യവുമുണ്ട്.

ഏറ്റവും അത്യാധുനികമായ സാങ്കേതിക സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സിറ്റി സ്‌കാന്‍, എംആര്‍ഐ, എക്‌സറേ തുടങ്ങിയവയില്‍ ഏറ്റവും പുതിയതും നൂതനവുമായ ഉപകരണങ്ങളാണ്. വാക്ക് ഇന്‍ രോഗികളെ എത്തുമ്പോള്‍തന്നെ പരിശോധിച്ചു പ്രാഥമികവിലയിരുത്തലുകള്‍ നടത്തും. ഇതിനുശേഷം ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയോ ഡിസ്ചാര്‍ജ് ചെയ്യുകയോ ചെയ്യും.

രോഗികളെ കേന്ദ്രത്തിലെ ട്രോമാ സര്‍ജിക്കല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളിലേക്കും ഹമദ് ജനറല്‍ ആസ്പത്രിയിലെ ഓപ്പറേറ്റിങ് തീയറ്ററുകളിലേക്കും വേഗത്തിലേക്ക് കൊണ്ടുപോകുന്നതിന് ഒന്നാംനിലയിലെ ലിങ്ക് ബ്രിഡ്ജ് മുഖേന സാധിക്കും. പുതിയ കേന്ദ്രം ട്രോമാ പരിചരണം ആവശ്യമായ രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതില്‍ എച്ച്എംസിയുടെ ശേഷി വര്‍ധിപ്പിക്കും.

ഖത്തറിലെ സുപ്രധാന ട്രോമാ സെന്ററായ ഹമദ് ട്രോമാ സെന്റര്‍ ഒന്നാംനിലയിലായിരിക്കും. പ്രതിവര്‍ഷം 2000ത്തോളം കേസുകള്‍ ഇവിടെ കൈകാര്യം ചെയ്യാനാകും. ഖത്തറിലുടനീളം ഗുരുതരമായ പരിക്കുകളുള്ളവര്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കും. മുന്‍ എമര്‍ജന്‍സി വകുപ്പിലെ സീ ആന്റ് ട്രീറ്റ് ഏരിയ തുടര്‍ന്നും പ്രവര്‍ത്തിക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തര്‍- ഇന്ത്യ മത്സരം: ഇന്ത്യന്‍ ആസ്വാദകര്‍ക്കുള്ള ടിക്കറ്റ് വിറ്റുപോയി

അബൂബക്കര്‍ അല്‍സിദ്ദീഖ് ഹെല്‍ത്ത്‌സെന്ററില്‍ 24 മണിക്കൂര്‍ അടിയന്തര സേവനങ്ങള്‍