
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ(എച്ച്എംസി) ആംബുലന്‍സുകളില്‍ മുന്നറിയിപ്പ് സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങി. മൂന്നുമാസം ഇവയുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. ആംബുലന്‍സുകളുടെ വരവ് സംബന്ധിച്ച് മുന്നിലുള്ള വാഹന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായാണ് നൂതനമായ സംവിധാനം സ്ഥാപിച്ചിരിക്കുന്നത്.
ഇഡബ്ല്യുഎസ്(എമര്‍ജന്‍സി വാണിങ് സിസ്റ്റം) എന്ന മുന്നറിയിപ്പ് സംവിധാനം എച്ച്എംസി ആംബുലന്‍സുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ ടെലികോം കമ്മ്യുണിക്കേഷന്‍ അതോറിറ്റി(സിആര്‍എ) നേരത്തെ അനുമതി നല്‍കിയിരുന്നു. പുതിയ രാജ്യാന്തര എഫ്എം റേഡിയോ ഓവര്‍ ബ്രോഡ്കാസ്റ്റ് സിസ്റ്റമാണ് നടപ്പാക്കിയിരിക്കുന്നത്.
ഇതോടെ ഗള്‍ഫ് മേഖലയില്‍ ഇഡബ്ല്യുഎസ് ആദ്യം ഉപയോഗിക്കുന്ന രാജ്യമെന്ന ഖ്യാതി ഖത്തറിനു സ്വന്തമായി. ഇഡബ്ല്യുഎസ് സ്ഥാപിക്കാന്‍ പ്രാഥമികാനുമതി നല്‍കുന്നതിനു മുമ്പായി ആവശ്യമായ തയാറെടുപ്പുകളും വിശദമായ പഠനങ്ങളും നടത്തിയിരുന്നു. എച്ച്എംസി ആംബുലന്‍സ് സര്‍വീസിന്റെ നേതൃത്വത്തിലാണ് പുതിയ സിസ്റ്റം ആംബുലന്‍സുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവയുടെ ഉപയോഗം എത്രത്തോളം കാര്യക്ഷമമാണെന്ന് വിലയിരുത്തും.
ഇതിനായി അടുത്ത മൂന്നുമാസം പരിശോധിക്കും. ഫലപ്രദമാണെന്നു ബോധ്യപ്പെട്ടാല്‍ എല്ലാ ആംബുലന്‍സുകളിലും ഉപയോഗിക്കാന്‍ അന്തിമാനുമതി നല്‍കും. ആംബുലന്‍സിന് 300 മീറ്റര്‍ വരെ മുമ്പിലുള്ള ഏതെങ്കിലും വാഹനങ്ങളില്‍ ഏതെങ്കിലും എഫ്എം റേഡിയോകള്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ആംബുലന്‍സ് വരുന്നു എന്ന സന്ദേശം റേഡിയോ സ്‌ക്രീനിലൂടെ ഡ്രൈവര്‍ക്കു നല്‍കാന്‍ ഇഡബ്ല്യുഎസിന് കഴിയും.
ആംബുലന്‍സ് വാഹനത്തെ മറികടക്കുംവരെ എഫ്എം പ്രക്ഷേപണം വിച്ഛേദിക്കപ്പെടുകയും തുടര്‍ന്ന് മുന്നറിയിപ്പ് സംബന്ധിച്ച ശബ്ദസംപ്രേഷണം പ്രക്ഷേപണം ചെയ്യും. ‘ആംബുലന്‍സ് സമീപിക്കുന്നു, വഴിയൊരുക്കുക’ എന്ന ശബ്ദസന്ദേശമായിരിക്കും പ്രക്ഷേപണം ചെയ്യുക.
മറ്റു ഡ്രൈവര്‍മാര്‍ക്ക് ആംബുലന്‍സിന്റെ വരവിനെക്കുറിച്ച് കൃത്യമായി അറിയാനും ജാഗ്രത പാലിക്കാനും ആംബുലന്‍സിന് വഴിയൊരുക്കാനും ഇതിലൂടെ സാധിക്കും. ആംബുലന്‍സിന് സുരക്ഷിതമായി മുന്നിലുള്ള വാഹനങ്ങളെ മറികടന്നു മുന്നോട്ടുപോകാന്‍ കഴിയും.
ഗതാഗതക്കുരുക്കുകളിലോ മറ്റോ പെട്ട് സമയനഷ്ടമുണ്ടാകാതെ വളരെ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തേക്ക് രോഗിയെയും കൊണ്ടുപോകാന്‍ ഇതിലൂടെ കഴിയും. അടുത്തെത്തുംമുമ്പേ അറിയിപ്പ് ലഭിക്കുന്നതിനാല്‍ ആംബുലന്‍സിനു കടന്നുപോകാന്‍ കഴിയുംവിധം ഒതുക്കിമാറ്റാന്‍ മുന്നിലുള്ള വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കാവും.
അത്യാസന്ന നിലയിലുള്ള രോഗികളേയുംകൊണ്ടു പോകുന്ന ആംബുലന്‍സുകള്‍ക്കാണ് ഇതിന്റെ പ്രയോജനവും നേട്ടവും കൂടുതലായി ലഭിക്കുക. രോഗിയേയും കൊണ്ട് അടിയന്തര ചികില്‍സാ വിഭാഗത്തിലെത്താനെടുക്കുന്ന സമയത്തില്‍(ആംബുലന്‍സ് റെസ്പോണ്‍സ് ടൈം) വലിയ കുറവുണ്ടാക്കാനും ഇതിലൂടെ കഴിയും.
എഫ്എം റേഡിയോകളിലൂടെ മുന്നറിയിപ്പ് നല്‍കുന്ന ഇഡബ്ല്യുഎസ് നിലവില്‍ ഓസ്ട്രേലിയയിലും ഏതാനും യൂറോപ്യന്‍ രാജ്യങ്ങളിലും മാത്രമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്ന് സിആര്‍എ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകള്‍ ഖത്തറിലും പ്രയോജനപ്പെടുത്താനാണ് ഇഡബ്ല്യുഎസിന് പരീക്ഷണാടിസ്ഥാനത്തില്‍ അനുമതി നല്‍കിയത്.
രാജ്യത്തെ ആരോഗ്യ ചികിത്സാ സേവന മേഖലയുടെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.