
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍(എച്ച്എംസി) കഴിഞ്ഞവര്‍ഷം നടത്തിയത് 20 മില്യണിലധികം ലാബ് പരിശോധനകള്‍. മെഡിസിന്‍ ആന്റ്് പതോളജി വകുപ്പ് (ഡിഎല്‍എംപി) 2019ല്‍ 20 ദശലക്ഷത്തിലധികം ടെസ്റ്റുകള്‍ നടത്തി. ഖത്തറിലെ ജനങ്ങള്‍ക്ക് സമഗ്രവും സവിശേഷവുമായ ലബോറട്ടറി സേവനങ്ങളാണ് എച്ച്എംസി ഉറപ്പാക്കുന്നത്. ഡിഎല്‍എംപിക്ക് വിവിധ സ്ഥലങ്ങളിലും കേന്ദ്രങ്ങളിലുമായി പ്രത്യേക സൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളുമുണ്ട്. എച്ച്എംസിയിലെ രോഗികള്‍ക്കു മാത്രമല്ല വകുപ്പിന്റെ സേവനം ലഭിക്കുന്നത്. മറിച്ച് സൈന്യം, പോലീസ്, എംബസികള്‍, സ്വകാര്യ ആസ്പത്രികള്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍(പിഎച്ച്‌സിസി) തുടങ്ങി ഖത്തറിലുടമീളമുള്ള നിരവധി സംരംഭങ്ങള്‍ക്ക് റഫറല്‍ സേവനങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് ഡിഎല്‍എംപി ചെയര്‍പേഴ്‌സണ്‍ ഡോ. അജയെബ് അല്‍നാബിത് പറഞ്ഞു. ആറാമത് വാര്‍ഷിക ലാബ് ദിനാഘോഷങ്ങളോടനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
രോഗനിര്‍ണയം, ചികിത്സ, പരിപാലനം, രോഗപ്രതിരോധം എന്നിവ മെച്ചപ്പെടുത്തുന്നതിനായി എച്ച്എംസിയിലെയും മറ്റ് സ്ഥാപനങ്ങളിലെയും രോഗികള്‍ക്ക് ഏറ്റവും പുതിയ ലബോറട്ടറി ഡയഗ്‌നോസ്റ്റിക് സേവനങ്ങള്‍ എത്തിക്കുന്നതില്‍ ഡിഎല്‍എംപി ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. 2019 ല്‍ ഡിഎല്‍എംപി ആകെ 20,455,527 ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ 17,943,863 ടെസ്റ്റുകള്‍ എച്ച്എംസിയുടെ ആസ്പത്രികള്‍ക്കും സൗകര്യങ്ങള്‍ക്കുമായിട്ടായിരുന്നു. പിഎച്ച്‌സിസിക്ക് 1,736,770, ഖത്തര്‍ ബയോബാങ്കിനായി 370, 466, സിദ്ര മെഡിസിനായി 31,087 ലാബ് ടെസ്റ്റുകളും നടത്തി. ബ്ലഡ് ബാങ്ക് സേവനത്തിനായും ഡിഎല്‍എംപി പരിശോധനകള്‍ നടത്തിനല്‍കുന്നുണ്ട്.
29,062 ദാതാക്കളുടെ 35,382 രക്തസാമ്പിളുകള്‍ കഴിഞ്ഞവര്‍ഷം ഡിഎല്‍എംപി പരിശോധിച്ചു. നിര്‍ബന്ധിത പരിശോധനകള്‍ക്ക് ശേഷം രാജ്യത്തെ എല്ലാ ആസ്പത്രികള്‍ക്കും ഡിഎല്‍എംപി സുരക്ഷിതമായ രക്തം നല്‍കുന്നതായി രക്തദാന കേന്ദ്രം മെഡിക്കല്‍ മാനേജറും അസോസിയേറ്റ് കണ്‍സള്‍ട്ടന്റുമായ ഡോ. സലോവ മുഹമ്മദ് പറഞ്ഞു. ദി പെനിന്‍സുലയാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഘട്ടം ഘട്ടമായുള്ള തന്ത്രപരമായ പദ്ധതികള്‍, ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍, സമ്പന്നമായ വിജ്ഞാന അടിസ്ഥാന വിഭവങ്ങള്‍ പങ്കിടല്‍ എന്നിവയിലൂടെയുള്ള ഡിഎല്‍എംപി ഉന്നതനിലവാരത്തിലുള്ള പരിചരണത്തിന്റെയും ഡയഗ്‌നോസ്റ്റിക് സേവനത്തിന്റെയും കാഴ്ചപ്പാടാണ് പിന്തുടരുന്നതെന്നും ഖത്തര്‍ റിഹാബിലിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍ ഡോ. അജയെബ് അല്‍നാബിത് വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഡിഎല്‍എംപിയുടെ ഭാഗമായി പൂര്‍ണമായ ഓട്ടോമേറ്റഡ് സെന്‍ട്രല്‍ ലാബും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. പ്രിസിഷന്‍ മെഡിസിനെ പിന്തുണക്കുക, സംയോജിത സേവനങ്ങള്‍ നല്‍കുക, ഘടനകളെ ശക്തിപ്പെടുത്തി ഫിഫ 2022നായി സജ്ജമാകുക, രക്ത സേവനങ്ങള്‍ക്കും പകര്‍ച്ചവ്യാധി നിരീക്ഷണത്തിനും ആവശ്യമായ വിഭവങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തുക തുടങ്ങി നിരവധി മേഖലകളില്‍ ഡിഎല്‍എംപി 2020ല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അല്‍നാബിത് പറഞ്ഞു. അതേസമയം മരുന്നുകളുടെ സാമ്പിളുകളുമായി ബന്ധപ്പെട്ട് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഗുണനിലവാര ലബോറട്ടറിയില്‍ കഴിഞ്ഞവര്‍ഷം ഒട്ടേറെ പരിശോധനകള്‍ നടത്തിയിരുന്നു. ഫാര്‍മസ്യൂട്ടിക്കല്‍, ഔഷധങ്ങള്‍, പോഷക ഉത്പന്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് സാമ്പിളുകളും വിദഗ്ദ്ധ പരിശോധനകള്‍ക്കായി വിധേയമാക്കി. രാജ്യത്ത് മരുന്നുകളുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ലാബ് പരിശോധന. മരുന്നുകളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനായി ലബോറട്ടറി നൂതനമായ മാര്‍ഗങ്ങളും പദ്ധതികളും വികസിപ്പിച്ചിട്ടുണ്ട്.